Site iconSite icon Janayugom Online

ജനാധിപത്യ വ്യവസ്ഥയുടെ സുരക്ഷയും പ്രതിപക്ഷ ഐക്യനിരയുടെ അനിവാര്യതയും

ഇന്ത്യ ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് എന്ന പദവിയിലെത്തിയതിന്റെ വാര്‍ഷികം ഇക്കഴിഞ്ഞ ജനുവരി 26നാണ് നാം സമുചിതമായി ആഘോഷിച്ചത്. ‘ആസാദി കാ അമൃത് മഹോത്സവ് എന്ന ഓമനപ്പേരിട്ട് ഒരു വര്‍ഷം നീണ്ടുനില്ക്കുന്ന ചടങ്ങുകളാണത്രെ രാജ്യം ആകെത്തന്നെ അതിനുള്ള നാളുകളില്‍ സംഘടിപ്പിക്കുക. ഒറ്റനോട്ടത്തില്‍ നല്ല കാര്യംതന്നെയാണ് ഈ നീക്കം എന്നതില്‍ സംശയിക്കേണ്ടതുമില്ല. അതേ അവസരത്തില്‍ ഈ ദിനം അത്രയേറെ ആഘോഷപൂര്‍വം കൊണ്ടാടേണ്ടതുണ്ടോ എന്നതില്‍ ഒരു പുനര്‍വിചിന്തനം നടത്തുന്നതല്ലേ ഉചിതമായിരിക്കുക എന്ന് കരുതുന്നവരുമുണ്ട്. അമൃത് മഹോത്സവം ആഘോഷിക്കുന്നൊരു ജനാധിപത്യ രാജ്യം ഇപ്പോള്‍ മതങ്ങളുടെയും ജാതികളുടെയും അടിസ്ഥാനത്തില്‍ പരസ്പരം പോരടിച്ച് നില്ക്കുകയാണ്. ഇത്തരം ഭിന്നിപ്പിന്റെ ശക്തികള്‍ ആഴമേറിയ ഭിന്നതകള്‍ക്കും പരസ്പരം വിശ്വാസമില്ലായ്മയുടെയും ഫലമായി ദേശീയ ഐക്യത്തിന് വന്‍ ഭീഷണി ഉയര്‍ത്തി നിലകൊള്ളുകയാണ്. ഊര്‍ജസ്വലമായൊരു ജനാധിപത്യം നിലനിര്‍ത്തുന്നതിന് സഹായകമായൊരു നിലപാടോ നയസമീപനമോ അല്ലാ കേന്ദ്ര മോഡി ഭരണത്തിന്റെ ഭാഗത്തുനിന്നും ഉണ്ടായിരിക്കുന്നത്. കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ സമതുലിതമായ സാമ്പത്തിക സാമൂഹ്യ വളര്‍ച്ചയ്ക്ക് സഹകരണ ഫെഡറലിസം അനിവാര്യമാണെന്നത് വെറും ഒരു മുദ്രാവാക്യമായി അവശേഷിക്കുന്നതായിട്ടാണ് അനുഭവം. മാത്രമല്ല, പ്രതിപക്ഷം അധികാരത്തിലിരിക്കുന്ന ഏതാനും ചില ഭരണകൂടങ്ങളെ അസ്ഥിരപ്പെടുത്താനുള്ള കുത്സിത നയങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കിവരുന്നതും. ഇതിലേക്കായി കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളായ ഇ ഡി, സിബിഐ, എന്‍ഐഎ തുടങ്ങിയവയേയും യഥേഷ്ടം രംഗത്തിറക്കിയിരിക്കുന്ന കാഴ്ചയാണ് കാണാന്‍ കഴിയുന്നത്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷനെപ്പോലും ഇതിലേക്കായി നിയോഗിച്ചുവരുന്നതായിട്ടാണ് സൂചനകള്‍.

ഇത്തരമൊരു ഘട്ടത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ കൂടെക്കൂടെ ഉരുവിട്ടുവരുന്ന ‘അമൃത്’ ഇപ്പോള്‍ എവിടെ എന്ന് പരിശോധിക്കേണ്ടതെന്ന് തോന്നുന്നു. നമ്മുടെ ഭരണഘടനാ സ്രഷ്ടാക്കള്‍ വിഭാവനം ചെയ്ത ഒരു സ്വതന്ത്ര ജനാധിപത്യ റിപ്പബ്ലിക് തന്നെയാണോ ഇന്നും നിലവിലുള്ളതെന്ന ചോദ്യവും ഇപ്പോള്‍ പ്രസക്തിയാര്‍ജിക്കുന്ന ഒന്നാണ്. ‘അമൃത് മഹോത്സവം ആഘോഷിക്കുന്ന ഇന്നത്തെ ഇന്ത്യയിലെ ന്യൂനപക്ഷ മുസ്ലിം സമുദായത്തിന്റെ അനുഭവം എന്താണ്. ഏതാനും നാളുകള്‍ക്ക് മുമ്പായിരുന്നു ഹരിയാനയില്‍ ഗോമാതാവിന്റെ സംരക്ഷകരായ ബജ്‌റംഗ്‌ദള്‍ പ്രവര്‍ത്തകര്‍ ചേര്‍ന്ന് രണ്ട് മുസ്ലിം യുവാക്കളെ കൊലചെയ്യുക മാത്രമല്ല, ചുട്ടെരിക്കുകയും ചെയ്തത്. ഇത് ന്യൂനപക്ഷ വേട്ടയല്ലെങ്കില്‍ മറ്റെന്താണ്. അമൃത് മഹോത്സവ വര്‍ഷത്തില്‍ ഇന്ത്യയിലെ മുസ്ലിം ജനസാമാന്യത്തിനു നല്കുന്ന സംരക്ഷണം ഇതാണോ? ഭരണഘടനയുടെ അന്തസിനെ സംരക്ഷിക്കപ്പെടുന്നതുപോലതെന്നെ പ്രാധാന്യം കല്പിക്കപ്പെടേണ്ട ഒന്നാണ് വ്യക്തികളുടെ അഭിപ്രായ പ്രകടന സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടുക എന്നതും. ഈ രണ്ട് ലക്ഷ്യങ്ങള്‍ തമ്മില്‍ പൊരുത്തക്കേടില്ലെന്നതും ഒരു വസ്തുതയാണ്. ഇന്ത്യന്‍ ഭരണഘടനാ വ്യവസ്ഥകള്‍ പ്രായോഗികതലത്തില്‍ ഏതുവിധേന സംരക്ഷിക്കപ്പെട്ടുവരുന്നു എന്ന് ശ്രദ്ധാപൂര്‍വം നിരീക്ഷിക്കുമ്പോള്‍ മാത്രമാണ് ഇതൊന്നും അവയുടെ അന്തസത്ത പ്രതിഫലിപ്പിക്കുന്ന വിധത്തിലല്ല എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുക. അതായത് ഇന്നത്തെ നിലയില്‍ ഇന്ത്യയുടേത് ഒരു ജനാധിപത്യ വ്യവസ്ഥയാണെന്ന് ഒരുവിധത്തിലും അംഗീകരിക്കാന്‍ കഴിയില്ലെന്നതു തന്നെയാണ്. ഒരിക്കല്‍ അധികാരത്തിലെത്തിയാല്‍ ഏതു വിധേനയും അത് നിലനിര്‍ത്തുക എന്നതു മാത്രമായിരിക്കും പ്രസ്തുതപാര്‍ട്ടിയുടെ ഏക ലക്ഷ്യം.


ഇതുകൂടി വായിക്കൂ: ഗാന്ധിജിയില്ലാത്ത 75 വര്‍ഷങ്ങള്‍


ഇത്തരം മോശപ്പെട്ടൊരു പ്രവണതയ്ക്കുള്ള ഏക പ്രതിവിധി ചുമതലാബോധവും ജനാധിപത്യ തത്വങ്ങളോടുള്ള പ്രതിബദ്ധതയും കൈമുതലായുള്ളൊരു പ്രതിപക്ഷം ഉണ്ടായിരിക്കുക എന്നതാണ്. ജനാധിപത്യാടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലെത്തുന്ന ഏതൊരു ഭരണകൂടവും ഏകാധിപത്യത്തിലേക്ക് വഴുതിമാറുന്നത് തടയാന്‍ പ്രസ്തുത ഭരണകൂടത്തിന്റെ ചെയ്തികള്‍ക്കുമേല്‍ കര്‍ശനമായ മേല്‍നോട്ടം വഹിക്കാനും ജനാധിപത്യത്തിന്റെ അന്തസത്ത സംരക്ഷിച്ചുനിര്‍ത്താനും കമ്മിറ്റ്മെന്റ് ഉള്ളൊരു പ്രതിപക്ഷം അനിവാര്യമാണ്. ഭരണകൂടത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വസ്തുനിഷ്ഠമായ വിലയിരുത്തലിന് വിധേയമാക്കുകയും തെറ്റുകള്‍ ചൂണ്ടിക്കാട്ടി അവ തിരുത്തുകയും ചെയ്യുന്നതിന് ത്രാണിയുള്ളൊരു പ്രതിപക്ഷമായിരിക്കണം ഇത്. ആഗോളതലത്തില്‍ അറിയപ്പെടുന്നൊരു ഭരണഘടനാ വിദഗ്ധനായ ഇസഡ് എച്ച് ലാറി, കോണ്‍സ്റ്റിറ്റ്യൂഷന്റ് അസംബ്ലിയിലെ അംഗങ്ങളോട് 1949 മേയ് 20 ന് നടത്തിയ അഭ്യര്‍ത്ഥന, സ്വതന്ത്ര ഇന്ത്യയിലെ ജനാധിപത്യ ഭരണക്രമം കാര്യക്ഷമമായി പ്രവര്‍ത്തിക്കണമെങ്കില്‍ ശക്തമായൊരു പ്രതിപക്ഷം ഉണ്ടായിരിക്കണമെന്ന് മാത്രമല്ല, പ്രസ്തുത പ്രതിപക്ഷത്തിന്റെ ആരോഗ്യകരമായ പ്രവര്‍ത്തനം ഉറപ്പാക്കാന്‍ ആവശ്യമെങ്കില്‍ പ്രതിപക്ഷ നേതാവിന് ശമ്പളം കൊടുക്കാനും സംവിധാനം ഉണ്ടായിരിക്കുന്നത് ഉചിതമായിരിക്കും എന്നാണ്. സ്വാതന്ത്ര്യാനന്തര ഭാരതത്തില്‍ പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്രുവിന്റെ നേതൃത്വത്തില്‍ അധികാരത്തിലെത്തിയ കോണ്‍ഗ്രസ് പാര്‍ട്ടി, അതിന്റെ പ്രകടന പത്രികയില്‍ ചൂണ്ടിക്കാട്ടിയിരുന്നതും ശക്തമായൊരു പ്രതിപക്ഷത്തിന്റെ സാന്നിധ്യം പാര്‍ലമെന്റിലും നിയമനിര്‍മ്മാണ സഭകളിലും ഉറപ്പാക്കണമെന്നുതന്നെയായിരുന്നു.

എന്നാല്‍ അധികാരത്തിലെത്തിയതിനുശേഷമുള്ള കാലയളവില്‍ ഭരണനേതൃത്വം ഏറ്റെടുത്ത കോണ്‍ഗ്രസ് പാര്‍ട്ടി, തുടര്‍ച്ചയായ നാലുപതിറ്റാണ്ടു കാലം ഏറെക്കുറെ മുഴുവനായും അധികാരം ശാശ്വതമാക്കുക ലക്ഷ്യമിട്ട് ആരോഗ്യകരമായൊരു പ്രതിപക്ഷം വളര്‍ന്നുവരുന്നതിന് പ്രതിബന്ധം സൃഷ്ടിക്കുകയായിരുന്നു. സ്വന്തം ഇഷ്ടത്തിനൊത്ത് നീങ്ങാനിരുന്ന പ്രതിപക്ഷ പാര്‍ട്ടികള്‍ നയിച്ചിരുന്ന സംസ്ഥാന സര്‍ക്കാരുകളെ ഭരണഘടനയിലെ വകുപ്പുകള്‍ ദുരുപയോഗം ചെയ്ത് അധികാരത്തില്‍ നിന്നും നീക്കാനുള്ള ശ്രമങ്ങളാണ് നടത്തിവന്നിട്ടുള്ളത്. കേരള സംസ്ഥാനം രൂപീകൃതമായതിനു ശേഷം അധികാരത്തിലെത്തിയ കമ്മ്യൂണിസ്റ്റ് ഭരണകൂടത്തെ കാലാവധി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ”വിമോചനസമരം” എന്നൊരു ജനാധിപത്യവിരുദ്ധ പ്രസ്ഥാനത്തിലൂടെ സ്ഥാനഭ്രഷ്ടമാക്കുകയാണ് ചെയ്തത്. ആരൊക്കെ, എത്രയെല്ലാം ശ്രമിച്ചാലും സ്വാതന്ത്ര്യത്തിന്റെ അമൃതകാലം ആഘോഷിക്കുന്ന വേളയില്‍ ഇത് തമസ്കരിക്കാന്‍ കഴിയുന്ന ഒന്നല്ല. ഇന്നത്തെ അവസ്ഥ എന്താണെന്നു നോക്കുക. 2014 മുതല്‍ തുടര്‍ച്ചയായി അധികാരം കയ്യാളുന്ന ബിജെപി — സംഘ്പരിവാര്‍ പിന്തുണയോടെ ഇന്ത്യയില്‍ അധികാരത്തിലിരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര ദാമോദര്‍ ദാസ് മോഡിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാര്‍ ജനാധിപത്യത്തെപ്പറ്റി ഇടയ്ക്കിടെ വാചാലമാകുന്നുണ്ടെന്നത് ശരിയാണെങ്കിലും ഈ സര്‍ക്കാരിന്റെ തുടര്‍ച്ചയായ ചെയ്തികളെല്ലാം ജനാധിപത്യവ്യവസ്ഥയുടെ അന്തസത്തയ്ക്ക് വിരുദ്ധമാണെന്ന് പറയാതെവയ്യ. സ്വന്തം നിയന്ത്രണത്തിലുള്ള രഹസ്യാന്വേഷണ ഏജന്‍സികളെ ദുര്‍വിനിയോഗം ചെയ്ത് പ്രതിപക്ഷ പാര്‍ട്ടികളുടെയും അവയുടെ നേതാക്കളെയും ഈ സര്‍ക്കാര്‍ നിരന്തരം വേട്ടയാടിക്കൊണ്ടിരിക്കുന്നു. ഭരണകക്ഷിയുടെ താല്പര്യങ്ങള്‍ക്ക് പ്രോത്സാഹനം നല്കാന്‍ പോന്നവിധത്തിലുള്ള നയസമീപനമാണ് നിരവധി പ്രതിപക്ഷ പാര്‍ട്ടികളും പിന്തുടര്‍ന്നു വരുന്നത്. ഇരുവിഭാഗങ്ങള്‍ക്കും അധികാരത്തിലെത്തുന്നതിനുള്ള കുറുക്കുവഴികള്‍ തേടുന്നതിലാണ് കൂടുതല്‍ താല്പര്യം എന്ന് അനുദിനം വ്യക്തമായി വരുകയുമാണ്. ഇതിനിടെ ജനക്ഷേമം എന്നത് വെറുമൊരു മുദ്രാവാക്യത്തിനപ്പുറം ഒന്നും അല്ലാതായി മാറിയിരിക്കുകയുമാണ്.


ഇതുകൂടി വായിക്കൂ:  ഭരണഘടനയ്ക്കൊപ്പം പ്രതിജ്ഞാബദ്ധരായി


ഇതുതന്നെയാണ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയുടെ ഗുരുതരമായ ബലഹീനതയും പരാജയത്തിന്റെ ലക്ഷണവും. ഇപ്പോഴാണെങ്കില്‍ കോണ്‍ഗ്രസ് അടക്കമുള്ള നിരവധി രാഷ്ട്രീയ പാര്‍ട്ടികള്‍ സിപിഐ, സിപിഐ(എം), ഡിഎംകെ തുടങ്ങിയ പ്രതിപക്ഷ പാര്‍ട്ടികള്‍ അടക്കം ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥയ്ക്ക വന്നുചേര്‍ന്നിട്ടുള്ള ദുരവസ്ഥയെപ്പറ്റി ശക്തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുതുടങ്ങിയിട്ടുണ്ട്. അതേ അവസരത്തില്‍ സ്വന്തം ‘ഐഡന്റിറ്റി’ കളയാനും പ്രതിപക്ഷ പാര്‍ട്ടികളുടേതായൊരു വിപുലമായ ഐക്യനിര കെട്ടിപ്പടുക്കാനും മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ മടിച്ചുനില്ക്കുന്ന സ്ഥിതിവിശേഷമാണ് നമുക്ക് കാണാന്‍ കഴിയുന്നത്. സ്വാഭാവികമായും ബിജെപിക്കും സഖ്യകക്ഷികള്‍ക്കും സംഘ്പരിവാര്‍ ശക്തികള്‍ക്കും ഏതു ഹീനകൃത്യം ചെയ്തും ഹിന്ദുത്വ പ്രത്യയശാസ്ത്രം പ്രചരിപ്പിക്കാന്‍ കരുത്തു പകര്‍ന്നു നല്കുന്നതും ഇത്തരമൊരു പ്രതിപക്ഷ ഭിന്നിപ്പുതന്നെയാണ്. തകര്‍ച്ച കൂടാതെ ജനാധിപത്യ വ്യവസ്ഥയെ നിലനിര്‍ത്താന്‍ കഴിയത്തക്ക വിധത്തില്‍ ലെജിസ്ലേച്ചറും എക്സിക്യൂട്ടീവും മാത്രമല്ല, ജുഡീഷ്യറിയും സ്വതന്ത്രമായ പ്രവര്‍ത്തനം നടത്താന്‍ കഴിയാത്തവിധം ഫാസിസ്റ്റ് — ഏകാധിപത്യ ശക്തികളുടെ വിധേയത്വം അംഗീകരിക്കുന്നതിന് വഴിപ്പെടേണ്ടിവന്നിരിക്കുകയാണ്. മാധ്യമ ലോകം — ഫോര്‍ത്ത് എസ്റ്റേറ്റ് പോലും കോര്‍പറേറ്റുകളുടെ സ്വാധീനവലയത്തില്‍ അകപ്പെട്ടിരിക്കുകയാണ്.

ഈ വിഷയത്തില്‍ നിര്‍ണായക പങ്കുവഹിക്കേണ്ട ഒരു വിഭാഗം രാജ്യത്തെ പൗരസമൂഹം തന്നെയാണ്. അവര്‍ തങ്ങളുടെ ചുമതലകള്‍ നിര്‍വഹിക്കുന്നതില്‍ തീര്‍ത്തും പരാജയപ്പെട്ടിരിക്കുന്നു എന്നുതന്നെ പറയേണ്ടിവരുന്നു. ഭരണഘടനയുടെ അന്തസത്ത കോട്ടംകൂടാതെ നിലനിര്‍ത്തുക എന്നത് പൗരസമൂഹം തങ്ങളുടെ മഹത്തായ ചുമതലയാണെന്ന് ഇനിയും തിരിച്ചറിഞ്ഞിട്ടില്ല. അവര്‍ ജനാധിപത്യ വിരുദ്ധ – ഫാസിസ്റ്റ് ഭരണകൂടത്തിന്റെ അനുസ്യൂതമായ വളര്‍ച്ചയില്‍ വെറും കാഴ്ചക്കാരായി തുടരുകയാണിന്നും. ഏകാധിപത്യ പ്രവണതകള്‍ കൈമുതലായി കരുതുന്ന ഭരണവര്‍ഗം ഭരണഘടനാ വ്യവസ്ഥകളെ നിരന്തരം വെല്ലുവിളിക്കുക മാത്രമല്ല സുപ്രീം കോടതിയുടെ ദൈനം ദിന പ്രവര്‍ത്തനങ്ങളില്‍ പോലും ഇടപെടല്‍ നടത്തുകയും ചെയ്യുന്നു. ഇതിന്റെ ഫലമായി ഇന്ത്യന്‍ ജനത ത്യാഗോജ്വലമായൊരു സമരത്തിലൂടെ നേടിയെടുത്ത സ്വാതന്ത്ര്യത്തിനുതന്നെ ഭീഷണിയായി നമ്മുടെ ഭരണകൂടം മാറി. ഇത്തരം പ്രവണതകള്‍ക്കാധാരം ശക്തവും ഏകീകൃതവുമായൊരു പ്രതിപക്ഷനിരയുടെ അഭാവമല്ലാതെ മറ്റൊന്നുമല്ല. ഇതില്‍ നിന്ന് ഇന്നത്തെ ഇന്ത്യന്‍ സാഹചര്യത്തില്‍ നാം എത്തിച്ചേരാന്‍ നിര്‍ബന്ധിതമാകുന്ന നിഗമനം സംഘടിതവും ശക്തവുമായൊരു പ്രതിപക്ഷത്തെ ഭയക്കുന്നൊരു സര്‍ക്കാര്‍ ഒരിക്കലും രാജ്യസ്നേഹം പ്രതിഫലിക്കുന്നൊരു സംവിധാനമല്ല, മറിച്ച് അത് രാജ്യദ്രോഹ പ്രചോദിതമായൊരു രാഷ്ട്രീയ സംവിധാനം മാത്രമാണെന്ന് വിശേഷിപ്പിക്കേണ്ടിവരുന്നു. ഈ പശ്ചാത്തലത്തിലാണ് ഇന്ത്യന്‍ ജനാധിപത്യ വ്യവസ്ഥ അനുദിനം ശക്തി ക്ഷയിച്ചുവരികയും അതിവേഗം അപ്രത്യക്ഷമാകാനിടയുള്ളതുമായ ഒരു ഭരണസംവിധാനമായി മാറുകയാണെന്ന് ആശങ്കപ്പെടേണ്ടി വരുന്നത്. ഈ ആശങ്ക പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കാം.

Exit mobile version