Site icon Janayugom Online

അരുമകളുടെ താരനിരയുമായി മൃഗ സംരക്ഷണ വകുപ്പ്

പരിഭ്രമമില്ലാതെ അവൻ ഇരുന്നു. കൈകളിൽ നിന്ന് തോളിലേയ്ക്കും കൈകളിലേക്കും ചാടി. ഇരിക്കുന്നത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ കൈയ്യിലെങ്കിലും മത്തങ്ങ കണ്ടാൽ മെക്സിക്കൻ ഇഗ്വാനയ്ക്ക് നാവിൽ വെള്ളമൂറും. പിന്നെ പരിസരം മറന്നുള്ള തീറ്റയാണ്. സംസ്ഥാന സർക്കാരിന്റെ ഒന്നാം വാർഷികത്തോടനുബന്ധിച്ച് മൃഗ സംരക്ഷണവകുപ്പിന്റെ പവലിയനിലാണ് രസകരമായ രംഗങ്ങൾ അരങ്ങേറിയത്. ഇഗ്വാനകൾ പുതുകാലത്തിന്റെ അരുമകളാണ്.
മത്തങ്ങയും ചെമ്പരത്തിപ്പൂവുമൊക്കെ തീറ്റയാക്കുന്ന ഇഗ്വാനകൾ പുർണ്ണ വളർച്ചയിൽ ഒമ്പത് കിലോ ഭാരമെത്തും. ഇഗ്വാനയ്ക്കു പുറമേ ബ്ലൂ ആന്റ് ഗോൾഡ് മക്കാവ് തത്തകളാണ് സന്ദർശകരുടെ ഹൃദയം കീഴടക്കിയ മറ്റൊരിനം. ലക്ഷങ്ങളിൽ വില തുടങ്ങുന്ന മക്കാത്തത്തകൾ എളുപ്പത്തിൽ ഇണങ്ങുന്നവരും വർഷത്തിൽ നാലുകുഞ്ഞുങ്ങളെ തരുന്നവരുമാണ്. തൂക്കണാം കുരുവികളോട് സാദൃശ്യമുള്ള ഫിഞ്ചുകൾ, കവിളില്‍ മറുകുകളുള്ള ബഡ്ജീസുകൾ, കവിൾ പൊട്ടുകളുള്ള കൊക്കറ്റിലുകൾ, മിമിക്രിക്കാരായ ആഫ്രിക്കൻ ചാര തത്തകൾ, സുനാമി,ഭൂകമ്പം തുടങ്ങി പ്രകൃതിദുരന്തങ്ങൾ മുൻകൂട്ടിയറിയാൻ ഭൗമ ശാസ്ത്രജ്ഞർ ഉപയോഗിക്കുന്ന ഫെസെന്റ് പക്ഷികൾ, തേനും പുമ്പൊടിയും മാത്രം ആഹാരമാക്കുന്ന ലോറി തത്തകൾ, ഒരു ഡസനോളം പ്രാവിനങ്ങൾ, അലങ്കാരക്കോഴികൾ എന്നിങ്ങനെ ചൈനീസ് സിംഹ നായ ഷിദ് സു, അമേരിക്കൻ ബുള്ളി നായ മുതൽ ഷുഗർ ഗ്ലൈഡർ വരെയുള്ള അരുമകളുടെ നീണ്ട നിരയും പവലിയനിലുണ്ട്.
സെൽഫി കൗണ്ടറുകളും എഗ്ഗ് ഗാലറിയും സജ്ജീകരിച്ചിട്ടുണ്ട്. ഓർണമെന്റൽ പെറ്റ് ഫാർമേഴ്സ് അസോസിയേഷന്റെ സഹകരണത്തോടെ നടക്കുന്ന പ്രദർശനം മേയ് ഒന്നിന് സമാപിക്കും.

Exit mobile version