Site iconSite icon Janayugom Online

ഗോവന്‍ ബാറില്‍ സ്മൃതി ഇറാനിയുടെ കുടുംബത്തിന് നിക്ഷേപം; തെളിവുകള്‍ പുറത്ത്

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുടെ മകളുമായി ബന്ധപ്പെട്ട ബാര്‍ വിവാദം വീണ്ടും ശക്തിപ്പെടുന്നു. സ്മൃതി ഇറാനിയുടെയോ മകളുടെയോ പേരില്‍ ഗോവയില്‍ ബാറില്ലെന്ന കോടതിയുടെ രൂക്ഷ വിമര്‍ശനത്തിന് പിന്നാലെയാണ് വിവാദ ബാറില്‍ സ്മൃതി ഇറാനിയുടെ കുടുംബാംഗങ്ങള്‍ നിക്ഷേപം നടത്തിയതിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നത്. ഇന്ത്യന്‍ എക്സ്പ്രസാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടത്. സ്മൃതി ഇറാനിയുടെ മകള്‍ സോയിഷ് ഇറാനി ഗോവയിലെ സില്ലി സോള്‍സ് ഗോവ കഫെ ആന്റ് ബാര്‍ നടത്തിപ്പിന് ആവശ്യമായ ലൈസന്‍സ് അനധികൃതമായി സ്വന്തമാക്കിയെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിച്ചത്. 

ഒരു വിവരാവകാശ രേഖയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. തുടര്‍ന്ന് സ്മൃതി ഇറാനി നല്‍കിയ മാനനഷ്ട ഹര്‍ജിയില്‍ കോണ്‍ഗ്രസ് നേതാക്കളെ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സ്മൃതി ഇറാനിയുടെ കുടുംബത്തിന്റെ നിക്ഷേപങ്ങളുടെ വിവരങ്ങള്‍ പുറത്തുവരുന്നത്. സ്മൃതി ഇറാനിയുടെ ഭര്‍ത്താവ് സുബിന്‍ ഇറാനി, മകള്‍ സോയിഷ് ഇറാനി, മകന്‍ സോഹിര്‍ ഇറാനി, സുബിന്‍ ഇറാനിയുടെ മകള്‍ ഷാനല്ലെ ഇറാനി എന്നിവരുടെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ക്ക് ഈ ബാറുമായി ബന്ധമുണ്ടെന്നാണ് കണ്ടെത്തലുകള്‍. 

ഉഗ്രയ മെര്‍കാന്റില്‍ പ്രൈവറ്റ് ലിമിറ്റഡ്, ഉഗ്രയാ അഗ്രോ ഫാംസ് പ്രൈവറ്റ് ലിമിറ്റഡ് എന്നിവയാണ് ഇറാനി കുടുബത്തിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍. ബാര്‍ നടത്തുന്ന എയ്റ്റ്ടാള്‍ ഫുഡ് ആന്റ് ബിവറേജസ് എന്ന കമ്പനിയില്‍ ഈ രണ്ട് കമ്പനികളും 2020–21 ഘട്ടത്തില്‍‍ നിക്ഷേപം നടത്തിയെന്നാണ് കണ്ടെത്തല്‍. 

Eng­lish Summary:Deposit for Smri­ti Irani’s fam­i­ly at Goan Bar; The evi­dence is out
You may also like this video

Exit mobile version