കേരള നിയമസഭയിലെ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ എൻ.എൻ.ബൈജു സംവിധാനം ചെയ്ത ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രത്തിൽ അതിഥി താരമായി അഭിനയിക്കുന്നു. അതിജീവനത്തിന്റെ കഥ ശക്തമായി അവതരിപ്പിച്ച ചിത്രത്തിൽ, വളരെ പ്രാധാന്യമുള്ളൊരു കഥാപാത്രത്തെയാണ് ചിറ്റയം ഗോപകുമാർ അവതരിപ്പിച്ചത്. ചിത്രത്തിന്റെ ശക്തമായ മെസ്സേജ് ജനങ്ങൾക്ക് പകർന്നു നൽകുന്നത് ചിറ്റയം ഗോപകുമാറാണ്. ചിത്രത്തിന്റെ നെടുംതൂണായ കഥാപാത്രം. ഇത്തരമൊരു കഥാപാത്രത്തെ അവതരിപ്പിക്കാൻ കഴിഞ്ഞതിൽ സന്തോഷമുണ്ടെന്ന് ചിറ്റയം ഗോപകുമാർ അറിയിച്ചു.
കാൻസർ എന്ന മാരക രോഗം ഒറ്റപ്പെടുത്തിയ ഒരു കാർഷിക ഗ്രാമത്തിന്റെ അതിജീവനത്തിന്റെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം. ചിത്രീകരണം പൂർത്തിയായ ചിത്രം ഡിസംബർ മാസം തീയേറ്ററിലെത്തും. കീടനാശിനിയുടെ അമിതമായ ഉപയോഗം മൂലം കാൻസർ പടർന്നു പിടിച്ച ഒരു കർഷക ഗ്രാമത്തിന്റെ കഥ, മാതാപിതാക്കൾ നഷ്ടപ്പെട്ട കാൻസർ ബാധിച്ച അഞ്ചു എന്ന കൊച്ചു പെൺകുട്ടിയുടെ കഥകളിലൂടെ ലോകം അറിയുന്നു. ആ ഗ്രാമത്തിലെ മനുഷ്യ ജീവിതവും, പ്രകൃതിയുടെ അതിജീവന മാതൃകയായ കണ്ടൽക്കാടുകളും, അത് നട്ടു വളർത്തിയ ചാത്തനും, പിന്നെ അഞ്ചുവിന് ഈ കഥകളെല്ലാം പറഞ്ഞുകൊടുത്ത ചന്ദ്രശേഖരൻ മാഷും, തന്റെ എല്ലാമെല്ലാമായ അച്ഛനും, പ്രിയപ്പെട്ട കൂട്ടുകാരും,എല്ലാം അവളുടെ കഥയിലെ കഥാപാത്രങ്ങളായി എത്തുമ്പോൾ, ലോകം ഞെട്ടുന്നു.
ക്യാൻസർ എന്ന മാരക രോഗം മൂലം സ്വന്തം ഗ്രാമം ഉപേക്ഷിക്കേണ്ടി വന്ന സാധാരക്കാരായ ഒരു പറ്റം മനുഷ്യരുടെ കഥ പറയുകയാണ് ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം. കൂടാതെ പരിസ്ഥിതി മലിനീകരണത്തിന് എതിരെ ശക്തമായി പ്രതികരിക്കുന്ന ഒരു സമൂഹത്തിന്റെ കഥ കൂടി ചിത്രം പറയുന്നു. തൃശൂർ ചേറ്റുവ ഗ്രാമത്തിലുള്ള കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ തികച്ചും പുതുമയോടെ അവതരിപ്പിക്കുന്ന ചിത്രമാണിത്. മലയാളത്തിൽ ആദ്യമായി ഒരു കണ്ടൽകാടിന്റെ പശ്ചാത്തലത്തിൽ ചിത്രീകരിക്കുന്ന ചിത്രമാണിത്.
എസ്. ആൻഡ് എച്ച് ഫിലിംസിനു വേണ്ടി ശോഭാ നായർ, ഹംസ പി.വി. കൂറ്റനാട്, ഉമ്മർ പട്ടാമ്പി, സതീഷ് പൈങ്കുളം എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ദ ലൈഫ് ഓഫ് മാൻഗ്രോവ് എന്ന ചിത്രം രചന, സംവിധാനം — എൻ.എൻ.ബൈജു , ക്യാമറ — നിധിൻ തളിക്കുളം, എഡിറ്റിംഗ് — ജി.മുരളി, ഗാനങ്ങൾ — ഡി.ബി.അജിത്ത്, സംഗീതം — ജോസി ആലപ്പുഴ, കല‑റെ ജി കൊട്ടാരക്കര,കോസ്റ്റ്യൂം — വിഷ്ണു രാജ്, മേക്കപ്പ് — ബിനോയ് കൊല്ലം, പ്രൊഡക്ഷൻ കൺട്രോളർ — ശ്യാം പ്രസാദ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ — രതീഷ് ഷൊർണ്ണൂർ, അസോസിയേറ്റ് ഡയറക്ടർ — സോന ജയപ്രകാശ്,അസിസ്റ്റന്റ് ഡയറക്ടർ- ബ്ലസൻ എസ്, ഹരിത, വിനയ, സ്റ്റിൽ — മനു ശങ്കർ, പി.ആർ.ഒ — അയ്മനം സാജൻ
സുധീർ കരമന, നിയാസ് ബക്കർ, ദിനേശ് പണിക്കർ, കോബ്രാ രാജേഷ്, ഗാത്രി വിജയ്, അയ്ഷ്ബിൻ, ഷിഫിന ഫാത്തിമ, വേണു അമ്പലപ്പുഴ, വി. മോഹൻ, നസീർ മുഹമ്മദ് ചെറുതുരുത്തി, ബിജു രാജ്, കോട്ടത്തല ശ്രീകുമാർ എന്നിവർ അഭിനയിക്കുന്നു.
അയ്മനം സാജൻ