Site iconSite icon Janayugom Online

‘ഡീയസ് ഈറെ’; ക്രോധത്തിന്റെ കനലെരിയുമ്പോള്‍

‘ഡീയസ് ഈറെ’, ‘ക്രോധത്തിന്റെ ദിനം’ എന്നര്‍ത്ഥം വരുന്ന ലാറ്റിന്‍ വാക്ക്. 13-ാം നൂറ്റാണ്ടിലെ ഗ്രിഗോറിയന്‍ മന്ത്രമായി മുഴങ്ങിക്കേട്ട ‘ഡീയസ് ഈറെ’ റോമന്‍ കത്തോലിക്കാ ആരാധനാക്രമത്തിലെ ശവസംസ്കാര കുര്‍ബാന വേളയില്‍ ഉപയോഗിക്കുന്ന മന്ത്രമായിരുന്നു. മരണത്തിന്റെയും നിരാശയുടെയും വികാരങ്ങള്‍ ഉണര്‍ത്തുന്ന ഈ മന്ത്രം പിന്നീട് ഈണമായി ചിട്ടപ്പെടുത്തി. കാഹളം മുഴക്കി ആത്മാക്കളെ ദെെവത്തിന്റെ സിംഹാസനത്തിന് മുന്നില്‍ വിളിച്ചുകൂട്ടുന്ന അന്ത്യവിധിയായി ‘ഡീയസ് ഈറെ’ ചരിത്രത്തില്‍ പ്രതിപാദിക്കപ്പെടുന്നു.
രാഹുല്‍ സദാശിവന്‍ എന്ന സംവിധായകന്‍ തന്റെ ചിത്രത്തിന് ‘ഡീയസ് ഈറേ’ എന്ന വ്യത്യസ്ത പേരിട്ടത് എന്തിനെന്ന് ചിന്തിക്കുന്നവര്‍ക്ക് ചിത്രം ഉത്തരം നല്കും. മരണത്തിന്റെയും നിരാശയുടെയും വികാരങ്ങള്‍ ആത്മാക്കളിലൂടെ കാഹളം മുഴക്കുന്ന ദൃശ്യമനോഹാരിതയാണ് ‘ഡീയസ് ഈറെ’ എന്ന പ്രണവ് മോഹന്‍ലാല്‍ ചിത്രത്തിലൂടെ രാഹുല്‍ പ്രേക്ഷകരിലേക്കെത്തിക്കുന്നത്. നിശബ്ദത പോലും പ്രേക്ഷകനെ ഭയപ്പെടുത്തുന്നതിനായി വിനിയോഗിക്കാന്‍ കഴിവുള്ള സംവിധായകന്റെ ബ്രില്യന്‍സ് ഇന്ത്യയിലെ ഏറ്റവും മികച്ച ഹൊറര്‍ ചിത്രങ്ങളിലൊന്നായി ‘ഡീയസ് ഈറെ‘യെ മാറ്റുമെന്നതില്‍ സംശയമില്ല.

‘റെഡ് റെയിന്‍’ എന്ന രാഹുല്‍ സദാശിവന്റെ ആദ്യ സിനിമ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ ഒമ്പത് വര്‍ഷത്തിനുശേഷം ‘ഭൂതകാലം’ എന്ന ഹൊറര്‍ സിനിമയുമായെത്തിയ രാഹുല്‍ ഇന്‍ഡസ്ട്രിയിലേക്ക് തന്റെ വരവറിയിച്ചു. രേവതിക്ക് ആദ്യമായി മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ആ ചിത്രം നേടിക്കൊടുത്തു. പ്രേക്ഷകരെ അതിശയിപ്പിച്ചുകൊണ്ടുള്ള മാനറിസങ്ങളുമായെത്തിയ മമ്മൂട്ടിയുടെ ‘ഭ്രമയുഗ’ത്തിലൂടെ രാഹുല്‍ വീണ്ടും ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇപ്പോഴിതാ പ്രണവിലൂടെയും; ഹൊറര്‍ ജോണറിലുള്ള ചിത്രങ്ങളിലൂടെ മികച്ച ഹിറ്റുകള്‍ സമ്മാനിക്കുന്ന സംവിധായകനെന്ന അപൂര്‍വത കൂടി ഇനി രാഹുലിന് അവകാശപ്പെടാം.
പ്രേക്ഷകര്‍ സൃഷ്ടിച്ച, മോഹന്‍ലാല്‍ എന്ന താരപ്രതിഭയുടെ മകന്‍ എന്ന ഇമേജില്‍ നിന്നും ഇപ്പോഴും പൂര്‍ണമായും പുറത്തുകടക്കാനായിട്ടില്ലാത്ത നടനാണ് പ്രണവ് മോഹന്‍ലാല്‍. ആ ബാനര്‍ ഇല്ലാതെ, പ്രണവ് എന്ന താരത്തിന്റെ പ്രതിഭയുടെ പകര്‍ന്നാട്ടങ്ങള്‍ ‘ഡീയസ് ഈറെ‘യില്‍ കാണാന്‍ കഴിയും. നോട്ടത്തിലും ഭാവത്തിലും ചലനത്തില്‍പോലും മോഹന്‍ലാലിനെ പ്രണവ് പ്രതിഫലിപ്പിക്കുന്നില്ല എന്നതുതന്നെയാണ് ‘ഡീയസ് ഈറെ‘യെ പ്രണവിന്റെ ഏറ്റവും മികച്ച സിനിമയാക്കുന്നത്. ഭൂരിപക്ഷം ഷോട്ടുകളിലും പ്രണവിന്റെ മുഖത്ത് പതിയുന്ന ക്യാമറ, ആ മുഖത്ത് മിന്നിമറിയുന്ന ഭാവഭേദങ്ങള്‍ പ്രേക്ഷക ഹൃദയങ്ങളിലേക്ക് അതേ വെെകാരികതയോടെ പകര്‍ന്നുനല്‍കുന്നു. അവിടെയാണ് ഒരു നടന്റെ ക്രാഫ്റ്റ്, പ്രണവ് അത് തെളിയിച്ചുകഴിഞ്ഞു.

മലയാളത്തിലെ കണ്ടുശീലിച്ച ഹൊറര്‍ ചിത്രങ്ങളോട് ഒരു സാദൃശ്യവുമില്ല ‘ഡീയസ് ഈറെ‘യ്ക്ക്. വെള്ള സാരിയുടുത്ത പ്രേതങ്ങളോ, കാടുപിടിച്ച പഴഞ്ചന്‍ തറവാടുകളോ, രാത്രിയുടെ യാമങ്ങളെ കീറിമുറിക്കുന്ന ചീവിടുകളുടെ ശബ്ദമോ ഒക്കെയാണ് മലയാളത്തില്‍ ഒരു ഹൊറര്‍ സിനിമ എന്നു കേള്‍ക്കുമ്പോള്‍ സാധാരണ പ്രേക്ഷകനിലേക്ക് കടന്നുവരുന്നത്. അതില്‍നിന്ന് വ്യത്യസ്തമായി നിശബ്ദതയും പ്രകൃതിയുടെ അന്തരീക്ഷം പോലും ‘ഡീയസ് ഈറെ‘യില്‍ ഭയത്തിന്റെ മുള്‍മുനയില്‍ പ്രേക്ഷകനെ പിടിച്ചിരുത്തും. രാഹുലിന്റെ അതിശക്തമായ തിരക്കഥയില്ലാഞ്ഞിട്ടു പോലും ‘ഡീയസ് ഈറെ’ ശ്വാസമടക്കിപ്പിടിച്ചിരുന്ന് കാണുന്നതിലേക്ക് പ്രേക്ഷകനെ എത്തിക്കുന്നത് ചിത്രത്തിലെ സാങ്കേതികവിദഗ്ധരുടെ മികവു കൂടിയാണ്.

ജീവിതത്തെ ആഘോഷമാക്കി മാറ്റുന്ന ന്യൂജെന്‍ പ്രതിനിധിയായ ആര്‍ക്കിടെക്റ്റ് റോഹനെയാണ് പ്രണവ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ജിബിന്‍ ഗോപിനാഥ് അവതരിപ്പിക്കുന്ന കരാറുകാരനായ മധുസൂദനന്‍ പോറ്റിക്ക് അയല്‍വീട്ടിലെ പെണ്‍കുട്ടി കിണറ്റില്‍ വീണു മരിച്ചുവെന്ന ഒരു ഫോണ്‍കോള്‍ വരുന്നിടത്തുനിന്ന് സിനിമയുടെ ഒഴുക്കു തുടങ്ങുന്നു. മരിച്ച കനി എന്ന പെണ്‍കുട്ടി റോഹന്റെ ക്ലാസ്‌മേറ്റാണ്. കൂട്ടുകാര്‍ക്കുവേണ്ടി സംഘടിപ്പിച്ച പാര്‍ട്ടിയില്‍ വച്ച് മരണവിവരമറിയുന്ന റോഹനും സുഹൃത്തും മരണമന്വേഷിച്ച് കനിയുടെ വീട്ടിലെത്തുന്നു. കനിയുടെ മുറിയില്‍ കയറി മടങ്ങിയെത്തുന്ന റോഹന്റെയും കനിയുടെ അയല്‍വാസിയായ മധുസൂദനന്‍ പോറ്റിയുടെയും മുന്നോട്ടുള്ള ജീവിതത്തെ മാറ്റിമറിക്കുന്ന സംഭവവികാസങ്ങളാണ് പിന്നീട് അരങ്ങേറുന്നത് കനിയും റോഷനും തമ്മിലൊരു ബന്ധമുണ്ട്. ജീവിതത്തില്‍ എല്ലാം ആസ്വദിച്ചുനടന്നിരുന്ന യുവാവ്, ഭയചകിതനായി, നിസഹായനായി, തന്നെ തേടിവരുന്ന അമാനുഷികതയ്ക്ക് പിന്നിലെ നിഗൂഢതയുടെ ചുരുളഴിക്കാന്‍ നടത്തുന്ന ശ്രമങ്ങളാണ് ചിത്രത്തില്‍. മധുസൂദനന്‍ പോറ്റിയായി ജിബിന്‍ ഗോപിനാഥും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ച അരുണ്‍ അജികുമാറും ജയ കുറുപ്പുമെല്ലാം തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. 

ക്രിസ്റ്റ്യോ സേവ്യറിന്റെ സംഗീതസംവിധാനം ചിത്രത്തില്‍ ചെലുത്തുന്ന സ്വാധീനം ചെറുതൊന്നുമല്ല. അതിനൊപ്പം ഷഹ്നാദ് ജലാലിന്റെ ഛായാഗ്രഹണവും ജ്യോതിഷ് ശങ്കറിന്റെ കലാസംവിധാനവും ഷഫീക്ക് മുഹമ്മദ് അലിയുടെ എഡിറ്റിങ്ങും ജയദേവന്‍ ചക്കാടത്തിന്റെ സൗണ്ട് ഡിസെെനും എം ആര്‍ രാജാകൃഷ്ണന്റെ സൗണ്ട് മിക്സിങ്ങുമെല്ലാം ‘ഡീയസ് ഈറെ‘യെ മികച്ച ദൃശ്യാനുഭവമാക്കി മാറ്റുന്നു.

Exit mobile version