Site iconSite icon Janayugom Online

‘അബ് ബിഗഡ്‌നെ കാ വക്ത് ആ ഗയാ ഹൈ’; കടും ചുവപ്പിൽ രൗദ്രമായി രൺവീർ; ധുരന്ധർ 2 ടീസർ പുറത്ത്

രൺവീർ സിങ്ങിനെ നായകനാക്കി ആദിത്യ ധർ സംവിധാനംചെയ്ത സ്‌പൈ ത്രില്ലർ ചിത്രം ധുരന്ധറിന്റെ രണ്ടാം ഭാഗം ‘ധുരന്ധർ: ദ റിവഞ്ച്’ 2026 മാർച്ച് 19ന് തിയേറ്ററുകളില്‍. ചിത്രത്തിന്റെ ടീസർ അണിയറപ്രവർത്തകർ പുറത്തുവിട്ടു. ചിത്രത്തിന്റെ പോസ്റ്റർ രൺവീർ സിങ് തന്റെ ഇൻസ്റ്റഗ്രാമിലൂടെ നേരത്തെ പുറത്തുവിട്ടിരുന്നു. ദി റിവഞ്ച് എന്ന് എഴുതിയ കടും ചുവപ്പ് നിറത്തിലാണ് പോസ്റ്റർ ഒരുക്കിയിരിക്കുന്നത്. 

ഇന്ത്യയിൽനിന്നു മാത്രം 1000 കോടി രൂപ ഗ്രോസ് കളക്ഷൻ നേടുന്ന ആദ്യ ബോളിവുഡ് ചിത്രമായിരുന്നു ധുരന്ധർ. റിപ്പബ്ലിക് ദിനമായ ജനുവരി 26ന് അതായത് റിലീസ് ചെയ്ത് 53-ാം ദിവസമാണ് ചിത്രം ഈ റെക്കോർഡ് നേട്ടം കൈവരിച്ചത്. അന്നേ ദിവസം ഇന്ത്യയിൽ നിന്ന് മാത്രം ചിത്രം 1.25 കോടി രൂപ അധികം സമാഹരിച്ചു. ഇതിനുമുമ്പ് ഷാരൂഖ് ഖാൻ ചിത്രമായ ‘ജവാൻ’ സ്വന്തമാക്കിയ 760 കോടി രൂപയുടെ റെക്കോർഡാണ് ധുരന്ധർ മറികടന്നത്. 

മിഡിൽ ഈസ്റ്റിലെ നിരോധനം വകവെക്കാതെ തന്നെ വിദേശ രാജ്യങ്ങളിൽ നിന്ന് 33 മില്യൺ ഡോളറാണ് ചിത്രം സ്വന്തമാക്കിയത്. ധുരന്ധറിന്റെ ആഗോളതലത്തിലുള്ള ആകെ ഗ്രോസ് കളക്ഷൻ ഏകദേശം 1300 കോടി രൂപയാണ്. രൺവീർ സിംഗിനെ കൂടാതെ അക്ഷയ് ഖന്ന, സഞ്ജയ് ദത്ത്, ആർ. മാധവൻ, അർജുൻ രാംപാൽ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

Exit mobile version