Site iconSite icon Janayugom Online

പ്രൊഫ.ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ‘ഞാന്‍ കര്‍ണ്ണന്‍’ രണ്ടാം ഭാഗം ഉടന്‍ പ്രേക്ഷകരിലേക്ക്

ദാമ്പത്യജീവിതത്തിലെ സ്വരച്ചേര്‍ച്ചകളുടെ വേറിട്ട കഥയൊരുക്കിയ ചിത്രമായിരുന്നു ‘ഞാന്‍ കര്‍ണ്ണന്‍’ അവതരണത്തിലെ പുതുമയും പ്രമേയത്തിലെ വ്യത്യസ്തതയും കൊണ്ട് പ്രേക്ഷകശ്രദ്ധ നേടിയ ചിത്രത്തിൻ്റെ രണ്ടാം ഭാഗം അണിയറയില്‍ ഒരുങ്ങുകയാണ്. ഇതിനിടെ ചിത്രത്തില്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച ഗാനം സമൂഹമാധ്യമങ്ങളില്‍ തരംഗമായിക്കഴിഞ്ഞു. ചലച്ചിത്ര‑സീരിയല്‍ താരവും അദ്ധ്യാപികയുമായ പ്രൊഫ. ശ്രീചിത്ര പ്രദീപ് സംവിധാനം ചെയ്ത ചിത്രമാണ് ‘ഞാന്‍ കര്‍ണ്ണന്‍’ ശ്രിയാ ക്രിയേഷന്‍സിന്‍റെ ബാനറില്‍ പ്രദീപ് രാജാണ് ചിത്രം നിര്‍മ്മിക്കുന്നത്. ജെസ്ലിന്‍ രതീഷ് രചന നിര്‍വ്വഹിച്ച് സാജന്‍ സി ആര്‍ സംഗീതം ഒരുക്കി പിന്നണിഗായകന്‍ മധു ബാലകൃഷ്ണന്‍ ആലപിച്ച ‘അച്ഛനെന്നൊരു പുണ്യം എന്നെ അരുമയായ് കാത്തൊരു ധന്യജന്മം” എന്ന ഗാനമാണ് സംഗീതപ്രേമികള്‍ ഹൃദയത്തില്‍ ഏറ്റുവാങ്ങിയിരിക്കുന്നത്. വലിയ സ്വീകാര്യതയാണ് ഈ ഗാനത്തിന് ഇപ്പോള്‍ ലഭിച്ചിട്ടുള്ളത്. മലയാളത്തിലെ പ്രശസ്ത താരങ്ങള്‍ക്കൊപ്പം ടി എസ് രാജു, ടോണി, പ്രദീപ് രാജ്, ശ്രീചിത്ര പ്രദീപ്, രമ്യ രാജേഷ് മുരളി കാക്കനാട്, ശിവദാസ് വൈക്കം സാവിത്രി പിള്ള, ബേബി ശ്രിയ പ്രദീപ് തുടങ്ങിയവരാണ് അഭിനേതാക്കള്‍.

എറണാകുളത്തും പരിസരപ്രദേശങ്ങളിലുമായിട്ടാണ് സിനിമ ചിത്രീകരിച്ചത്. ഉടനെ ചിത്രം പ്രേക്ഷകരിലെത്തും. എം ടി അപ്പന്‍റെ ചെറുകഥയെ അടിസ്ഥാനമാക്കിയാണ് സിനിമ ഒരുക്കിയിട്ടുള്ളത്. വര്‍ത്തമാനകാല കുടുംബജീവിതത്തിലെ പ്രതിസന്ധികളും വ്യാകുലതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തമെന്ന് സംവിധായിക പ്രൊഫ: ശ്രിചിത്ര പ്രദീപ് പറഞ്ഞു. സത്യസന്ധനും നിഷ്ക്കളങ്കനുമായ ഒരാളുടെ ജീവിതത്തില്‍ സംഭവിക്കുന്ന ചില പ്രശ്നങ്ങളിലൂടെയാണ് കഥ വികസിക്കുന്നത്. കുടുംബത്തില്‍ നിന്ന് പോലും ഒറ്റപ്പെട്ട് ഏകാകിയായിത്തീരുന്ന ഒരാളുടെ അലച്ചില്‍ ഈ ചിത്രം പങ്കുവെയ്ക്കുന്നുണ്ട്. കുടുംബജീവിതത്തിലും ദാമ്പത്യ ബന്ധങ്ങളിലും വന്നുചേരുന്ന പൊരുത്തക്കേടുകളും ഈ ചിത്രം സജീവമായി ചര്‍ച്ച ചെയ്യുന്നുണ്ടെന്ന് സംവിധായിക പറഞ്ഞു. കുടുംബപ്രേക്ഷകര്‍ക്ക് ഏറെ പോസിറ്റീവായ ചില സന്ദേശങ്ങള്‍ പകരുന്ന ചിത്രം കൂടിയാണ്. സസ്പെന്‍സും ത്രില്ലും ചേര്‍ന്ന ഒരു ഫാമിലി എന്‍റര്‍ടെയ്നര്‍ കൂടിയാണ് ഈ ചിത്രം.സ്വന്തം കുടുംബത്തിൽ നിന്നുള്ള അവഹേളനങ്ങളും,
അസ്വാരസ്യങ്ങളും ഒരാളുടെ ജീവിതത്തിൽ ഉണ്ടാക്കുന്ന പ്രതിസന്ധികളും,ശിഥില കുടുംബ ബന്ധങ്ങളടെ അവസ്ഥയും മന:ശാസ്ത്രതലത്തിൽ ഈ ചിത്രം വിശകലനം ചെയ്യുന്നുണ്ട്. മലയാള ചലച്ചിത്ര സംവിധാന രംഗത്തേക്ക് പുതിയൊരു വനിതാ സംവിധായികയെ കൂടി പരിചയപ്പെടുത്തുന്ന പുതുമ കൂടി ഈ ചിത്രത്തിന് അവകാശപ്പെടാവുന്നതാണ്.

Eng­lish sum­ma­ry : Direct­ed by Prof. Sree­chi­tra Pradeep, the sec­ond part of ‘Naan Kar­nan’ will hit the audi­ence soon

You may also like this video

Exit mobile version