ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ സുവർണ ജൂബിലി ആഘോഷിക്കുന്ന വേളയിൽ രാഷ്ട്രപതിയായിരുന്ന വ്യക്തിയായിരുന്നു മലയാളിയായ കെ ആർ നാരായണൻ. അധഃസ്ഥിത വിഭാഗത്തിൽ നിന്നുള്ള ആദ്യ പ്രഥമ പൗരനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യത്തിന്റെ കനകജൂബിലി ആഘോഷിക്കുന്ന വേളയിൽ ദ്രൗപദി മുർമുവെന്ന ഗോത്ര വിഭാഗത്തിൽ നിന്നുള്ള പ്രതിനിധി പ്രഥമ പൗരയായിരിക്കുന്നുവെന്നത് പ്രധാനം തന്നെയാണ്. പക്ഷെ അതുകൊണ്ട് അവരെ സ്ഥാനാർത്ഥിയായി നിർദ്ദേശിച്ച ബിജെപിയോ പിന്തുണച്ച എൻഡിഎയോ അവകാശപ്പെടുന്നതുപോലെ അധഃസ്ഥിത വിഭാഗങ്ങളുടെ ക്ഷേമത്തിന്റെ കുത്തക അവർക്ക് അവകാശപ്പെട്ടതാകുമോയെന്ന ചോദ്യത്തിന് ഇതിനകം തന്നെ തെളിവുകളും കണക്കുകളും സഹിതം മറുപടികളുണ്ടായിട്ടുണ്ട്. ഇന്നലെ ദ്രൗപദി ചുമതലയേറ്റത് അധഃസ്ഥിത വിഭാഗത്തിൽ നിന്നുള്ള പ്രതിനിധിയായ രാംനാഥ് കോവിന്ദിന്റെ പിൻഗാമിയായെന്ന പ്രത്യേകത പരിശോധിച്ചാലും ഈ അവകാശവാദത്തിന്റെ വസ്തുതകൾ വ്യക്തമാകും. നമ്മുടെ 15 രാഷ്ട്രപതിമാരിൽ പതിനാലാമതായി രാം നാഥ് കോവിന്ദും പതിനഞ്ചാമത് എത്തിയ ദ്രൗപദി മുർമുവും മുൻഗാമികളിൽ നിന്ന് വ്യത്യസ്തമായിരുന്നുവോ, ആകുമോയെന്ന പരിശോധനയിൽ ഇല്ല എന്നു തന്നെയാണ് ഉത്തരം ലഭിക്കുക.
ഭരണഘടനയുടെയും ജനാധിപത്യ — മൗലികാവകാശങ്ങളുടെയും സംരക്ഷകനാകേണ്ട സുപ്രധാന ഉത്തരവാദിത്തം നിക്ഷിപ്തമായിരിക്കുന്നത് രാഷ്ട്രപതിയിലാണെന്നതാണ് നമ്മുടെ കീഴ്‌വഴക്കം. അതിന് എത്രയോ ഉദാഹരണങ്ങൾ നമുക്ക് മുന്നിലുണ്ട്. പേരു നിർദ്ദേശിക്കുന്നത് ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയോ സഖ്യകക്ഷികളോ ആണെങ്കിലും മൂല്യസംരക്ഷണത്തിന്റെയും ഭരണനിർവഹണത്തിന്റെയും ഘട്ടത്തിൽ അവരുടെ നിലപാടുകളല്ല രാഷ്ട്രപതി ഉയർത്തിപ്പിടിക്കാറുള്ളത്. ഭരണഘടനയുടെയും ജനാധിപത്യ മൂല്യങ്ങളുടെയും അടിസ്ഥാന തത്വങ്ങളെയാണ്. ഇവിടെയാണ് അധഃസ്ഥിതനായ ആദ്യ രാഷ്ട്രപതി കെ ആർ നാരായണനിൽ നിന്ന് രാംനാഥ് കോവിന്ദിലേക്കും പുതിയ രാഷ്ട്രപതിയിലേക്കുമുള്ള ദൂരം കൂടുതലായിരിക്കുമെന്ന നിഗമനത്തിലെത്തുവാൻ സാധിക്കുന്നത്.
ഇതുകൂടി വായിക്കൂ: പുതിയ രാഷ്ട്രപതി പ്രതീക്ഷകളും യാഥാര്‍ത്ഥ്യവും
95 ശതമാനം വോട്ടുകൾ നേടി രാജ്യത്തിന്റെ രാഷ്ട്രപതിയായ വ്യക്തിയായിരുന്നു കെ ആർ നാരായണൻ. 1992ൽ വി പി സിങ്ങിന്റെ കാലത്താണ് ഉപരാഷ്ട്രപതി സ്ഥാനത്തേക്ക് കെ ആർ നാരായണന്റെ പേര് ഉയരുന്നത്. ഇടതുപക്ഷവും കോൺഗ്രസുമുൾപ്പെടെ പിന്തുണച്ച അദ്ദേഹം 1992 ഓഗസ്റ്റ് 21 ന് രാജ്യത്തിന്റെ ഉപരാഷ്ട്രപതിയായി. 1997ൽ രാഷ്ട്രപതി സ്ഥാനത്തേക്ക് നിർദ്ദേശിക്കപ്പെട്ട അദ്ദേഹം മഹാഭൂരിപക്ഷത്തോടെ ആ പദവിയിലെത്തുകയും ചെയ്തു. ഭരണഘടനാ തത്വങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ താൻ പ്രതിജ്ഞാബദ്ധനാണെന്ന് ബോധ്യപ്പെടുത്തുന്ന നിരവധി നിലപാടെടുക്കലുകൾ അദ്ദേഹത്തിൽ നിന്നുണ്ടായി.
1997 ൽ ഐ കെ ഗുജ്റാൾ മന്ത്രിസഭക്കുള്ള പിന്തുണ കോൺഗ്രസ് പിൻവലിക്കുകയും സർക്കാർ രൂപീകരിക്കുന്നതിന് അവകാശം ഉന്നയിക്കുകയും ചെയ്തു. അതേസമയം ലോക്‌സഭ പിരിച്ചുവിടുന്നതിനാണ് ഐ കെ ഗുജറാൾ മന്ത്രിസഭ ശുപാർശ ചെയ്തത്. വിദഗ്ധാഭിപ്രായങ്ങളാരാഞ്ഞ ശേഷം രാഷ്ട്രപതി സഭ പിരിച്ചുവിടാൻ ഉത്തരവിടുകയായിരുന്നു. ആർക്കും തന്നെ വ്യക്തമായ ഭൂരിപക്ഷം ലഭിക്കില്ല എന്നറിയാവുന്നതുകൊണ്ടാണ് നാരായണൻ ആ തീരുമാനമെടുത്തത്. പിന്നീട് 1998ലെ പൊതു തെരഞ്ഞെടുപ്പിൽ ഒരു പാർട്ടിക്കും വ്യക്തമായ ഭൂരിപക്ഷമുണ്ടായിരുന്നില്ല. എന്നാൽ ബിജെപി നേതാവായിരുന്ന വാജ്പേയി മന്ത്രിസഭക്കുവേണ്ടി അവകാശം ഉന്നയിച്ചു. വ്യക്തമായ ഭൂരിപക്ഷം കാണിക്കുന്ന സമ്മതപത്രങ്ങൾ ഹാജരാക്കുവാൻ വാജ്പേയിയോടാവശ്യപ്പെടുകയായിരുന്നു കെ ആർ നാരായണൻ ചെയ്തത്. അതനുസരിച്ച് വാജ്പേയി സമ്മതപത്രങ്ങൾ സമർപ്പിക്കുകയും 10 ദിവസത്തിനകം വിശ്വാസവോട്ടു തേടണമെന്ന ഉപാധിയിൽ മന്ത്രിസഭ രൂപീകരിക്കുന്നതിന് അനുമതി നല്കുകയും വാജ്പേയി സഭയിൽ വിശ്വാസവോട്ടെടുപ്പിൽ ജയിക്കുകയും ചെയ്തു. എന്നാൽ അപ്രതീക്ഷിതമായി എഐഎഡിഎംകെ വാജ്പേയി സർക്കാരിനുള്ള പിന്തുണ പിൻവലിക്കുന്ന കത്ത് രാഷ്ട്രപതിക്കു നല്കി. വീണ്ടും വിശ്വാസവോട്ടു തേടാനാണ് വാജ്പേയിയോട് രാഷ്ട്രപതി ആവശ്യപ്പെട്ടത്. വാജ്പേയ് സർക്കാർ സഭയിൽ പരാജയപ്പെട്ടു. കോൺഗ്രസും ബിജെപിയും മന്ത്രിസഭാ രൂപീകരണത്തിനു ശ്രമിച്ചെങ്കിലും രാഷ്ട്രപതി ലോക്‌സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പു നടത്താൻ ആവശ്യപ്പെടുകയായിരുന്നു. തുടർന്നു നടന്ന പൊതുതെരഞ്ഞെടുപ്പിൽ ബിജെപിയാണ് അധികാരത്തിലെത്തിയത്.
ഇതുകൂടി വായിക്കൂ: എന്തുകൊണ്ട് ഹമീദ് അന്‍സാരി
ഭരണഘടനയുടെ 356-ാം വകുപ്പനുസരിച്ച് സംസ്ഥാന സർക്കാരുകളെ പിരിച്ചുവിടാനുള്ള രണ്ടു ശുപാർശകളും തിരിച്ചയച്ച നടപടിയും അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായി. പക്ഷെ രാഷ്ട്രപതിയുടെ അധികാരത്തിന്റെ പരിമിതികളുടെ അനന്തരഫലമായി തന്റെ രണ്ടു തീരുമാനങ്ങളും നടപ്പിലാക്കുവാൻ അദ്ദേഹത്തിനായില്ല. 1997 ഒക്ടോബർ 22 ന് ഐ കെ ഗുജ്റാൾ സർക്കാരാണ് യുപിയിലെ കല്യാൺസിങ് മന്ത്രിസഭ പിരിച്ചുവിട്ട് പ്രസിഡന്റ് ഭരണം ഏർപ്പെടുത്തണമെന്ന് ശുപാർശ ചെയ്തത്. 1998 സെപ്തംബർ 25ന് ബിഹാറിലെ റാബ്റി ദേവി സർക്കാരിനെ പിരിച്ചുവിടാൻ വാജ്പേയി സർക്കാർ രാഷ്ട്രപതിയോട് നിർദ്ദേശിച്ചു. രണ്ടു തവണയും രാഷ്ട്രപതി കേന്ദ്രമന്ത്രിസഭകളുടെ നിർദ്ദേശങ്ങൾ നിരാകരിച്ചുവെങ്കിലും രണ്ടാമതും പ്രസ്തുത ശുപാർശകൾ മന്ത്രിസഭ നല്കുകയാണെങ്കിൽ അംഗീകരിക്കണമെന്ന വ്യവസ്ഥയുള്ളതിനാൽ പിരിച്ചുവിടൽ യാഥാര്‍ത്ഥ്യമാക്കേണ്ടി വരികയും ചെയ്തു.
കാവൽ മന്ത്രിസഭയുണ്ടായിരുന്ന പ്പോള്‍ നടന്ന 1999ലെ കാർഗിൽ യുദ്ധകാലത്ത് സൈനിക മേധാവികളുമായി ബന്ധപ്പെട്ട് തീരുമാനമെടുക്കുന്നതിന് രാഷ്ട്രപതി സ്വയം സന്നദ്ധനായ ചരിത്രവും കെ ആർ നാരായണനില്‍ നിന്നാണുണ്ടായത്. രാഷ്ട്രപതിയായിരിക്കേ പൊതുതെരഞ്ഞെടുപ്പിൽ വോട്ടു ചെയ്ത ആദ്യവ്യക്തി, തന്റെ പ്രസംഗങ്ങളിൽ ദളിതരും ഗോത്ര വിഭാഗങ്ങളുമടക്കമുള്ള അടിസ്ഥാന ജനവിഭാഗങ്ങളുടെ പ്രശ്നങ്ങൾ ആവർത്തിച്ച് ഉന്നയിക്കുകയും സർക്കാരിന്റെ ശ്രദ്ധയിൽകൊണ്ടുവരികയും ചെയ്തിരുന്ന ആൾ എന്നീ നിലകളിലും വേറിട്ടുനിന്ന കെ ആർ നാരായണനിൽ നിന്ന് രാംനാഥ് കോവിന്ദിലെത്തുമ്പോൾ എടുത്തുപറയാവുന്ന എന്താണുള്ളത് എന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക പ്രയാസമാണ്.
രാജ്യത്ത് ഭരണഘടനാ തത്വങ്ങളും ജനാധിപത്യ മൂല്യങ്ങളും മനുഷ്യാവകാശങ്ങളും അഭിപ്രായ സ്വാതന്ത്ര്യവുമുൾപ്പെടെ എല്ലാം വലിയ വെല്ലുവിളി നേരിടുമ്പോഴും സമ്പദ്ഘടന അതിന്റെ ഏറ്റവും വലിയ തകർച്ചയെ അഭിമുഖീകരിക്കുമ്പോഴും റെയ്സിനക്കുന്നിലെ രാഷ്ട്രപതി ഭവനിൽ മഹാമൗനത്തിലായിരുന്നു രാംനാഥ് കോവിന്ദ്. രാജ്യവ്യാപകമായി — പ്രത്യേകിച്ച് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ — ദളിത് ന്യൂനപക്ഷവേട്ടകൾ നടന്നപ്പോൾ, പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കുന്നതിന് തീരുമാനിക്കുകയും അതിനെതിരെ എല്ലാ കോണുകളിലും വൻ പ്രതിഷേധങ്ങൾ ഉയരുകയും ചെയ്തപ്പോൾ, വിദ്വേഷ പ്രചരണവും കലാപങ്ങളും നിത്യസംഭവങ്ങളായപ്പോൾ, ന്യൂഡൽഹിയിലുൾപ്പെടെ വർഗീയ കലാപങ്ങൾ നടന്നപ്പോൾ, കശ്മീരിനെ വെട്ടി മുറിച്ചപ്പോൾ, കാർഷിക കരിനിയമങ്ങൾ നടപ്പിലാക്കുവാൻ ശ്രമിച്ചപ്പോൾ, അതിനെതിരായ പ്രക്ഷോഭം ഡൽഹി ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളെ പിടിച്ചുലച്ചപ്പോൾ, മനുഷ്യാവകാശ പ്രവർത്തകരും വിദ്യാർത്ഥികളും എഴുത്തുകാരും ബുദ്ധിജീവികളും ജയിലിൽ അടയ്ക്കപ്പെട്ടപ്പോൾ… അങ്ങനെയങ്ങനെ എത്രയോ സന്ദർഭങ്ങളിൽ ഒരു വാക്കെങ്കിലും പ്രതീക്ഷിച്ച് രാജ്യം റെയ്സിനക്കുന്നിനെ ഉറ്റുനോക്കി.
ഇതുകൂടി വായിക്കൂ: പ്രതിപക്ഷത്തിന്റെ കുപ്രചരണങ്ങളും പ്രസിഡന്റിന്റെ പ്രശംസയും
കേന്ദ്ര സർക്കാരിന്റെ സമ്മർദ്ദങ്ങളുടെയും ചിലപ്പോഴെല്ലാം അവരുടെ പിണിയാളുകളായ സംഘ്പരിവാർ അക്രമിക്കൂട്ടങ്ങളുടെ നിരന്തരഭീഷണികളുടെയും പത്മവ്യൂഹത്തിലിരുന്ന കോടതികൾ പോലും വിധികളായും വിമർശനങ്ങളായും നിരീക്ഷണങ്ങളായും തങ്ങളുടെ പദവിയുടെ ഔന്നത്യബോധവും ജനാധിപത്യക്കൂറും പ്രകടിപ്പിച്ചപ്പോഴും ഒരു വാക്കിൽപോലും രാംനാഥ് കോവിന്ദ് രാജ്യത്തിന്റെ രാഷ്ട്രപതിയായില്ല. പോകട്ടെ അദ്ദേഹത്തിന്റെ ഉത്ക്കണ്ഠാകുലമായ മുഖം നമുക്ക് കാണാനായില്ല. എന്നുമാത്രമല്ല രാഷ്ട്രപതിയുടെ അനുമതി നേടേണ്ടിയിരുന്ന, ബിജെപി സർക്കാരിന്റെ എല്ലാ ജന — ജനാധിപത്യ — ഭരണഘടനാ — മതേതര വിരുദ്ധ നയങ്ങൾക്കും അടിയൊപ്പുവച്ചു നല്കിയ വിശ്വസ്ത വിധേയൻ മാത്രമായിരുന്നു അദ്ദേഹം. അതുകൊണ്ടുതന്നെയാണ് രാഷ്ട്രപതി സ്ഥാനത്തുനിന്ന് രാംനാഥ് കോവിന്ദ് പടിയിറങ്ങുന്ന ദിവസം ഒരു ഇംഗ്ലീഷ് മാധ്യമമെഴുതിയ കുറിപ്പിന് അവർ, അഭേദ്യമായ മൗനത്തിന്റെ അഞ്ചുവർഷങ്ങൾ എന്ന തലക്കെട്ടു നല്കിയത്.
രാംനാഥ് കോവിന്ദിനെക്കാള്‍ കൂടുതലായി എന്താണ് ദ്രൗപദി മുർമുവിൽ നിന്ന് പ്രതീക്ഷിക്കുവാനാകുക. ഝാർഖണ്ഡിൽ അഞ്ചുവർഷം തികച്ചു ഗവർണറായിരുന്ന കാലയളവിലോ അതിനുശേഷമോ അങ്ങനെയൊരു പ്രതീക്ഷയെ ബലപ്പെടുത്തുന്ന, ഉദാഹരിക്കുവാൻ സാധിക്കുന്ന നടപടികൾ അധികമൊന്നുമില്ല. രാംനാഥ് കോവിന്ദിൽ നിന്ന് റെയ്സിനയിലെ താമസക്കാരിയായി ദ്രൗപദി മുർമു മാറിയെത്തിയെന്നേ പ്രതീക്ഷിക്കേണ്ടതുള്ളൂ. അവരുടെ ഇന്നലെകളും നടപടികളും അവരുടെ പേരു നിർദ്ദേശിച്ച ബിജെപിയുടെ നയങ്ങളും അതിനപ്പുറം പ്രതീക്ഷിക്കുവാൻ പ്രേരിപ്പിക്കുന്നേയില്ല.