കൊറിയൻ ആക്ഷൻ സൂപ്പർസ്റ്റാർ ഡോൺ ലീ (മാ സെങ് ദോക്ക്) തെലുങ്ക് സൂപ്പർതാരം പ്രഭാസിൻ്റെ ചിത്രമായ സ്പിരിറ്റിൽ അഭിനയിക്കുമെന്ന് റിപ്പോർട്ട്. സന്ദീപ് റെഡ്ഡി വാങ്ക സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ ഡോൺ ലീ വില്ലൻ കഥാപാത്രത്തെ അവതരിപ്പിക്കുമെന്നാണ് ‘മുകോ’ എന്ന കൊറിയൻ മാധ്യമം എക്സ് അക്കൗണ്ടിലൂടെ അറിയിച്ചത്. കഴിഞ്ഞ രണ്ട് വർഷമായി ഡോൺ ലീ ‘സ്പിരിറ്റി‘ൽ എത്തുമെന്ന അഭ്യൂഹങ്ങൾ നിലനിന്നിരുന്നു. ഈ അഭ്യൂഹങ്ങൾക്കിടെ ഡോൺ ലീ ഒരിക്കൽ പ്രഭാസിൻ്റെ ചിത്രം തൻ്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പങ്കുവെച്ചത് വലിയ വാർത്തയായിരുന്നു.
‘അർജുൻ റെഡ്ഡി’, ‘കബീർ സിങ്’, ‘ആനിമൽ’ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സന്ദീപ് റെഡ്ഡി വാങ്ക ചിത്രം ‘സ്പിരിറ്റ്’ ഒരു ഡാർക്ക് ക്രൈം ത്രില്ലർ സ്വഭാവത്തിലാണ് ഒരുക്കുന്നത്. ചിത്രത്തിൽ പ്രഭാസ് ഐപിഎസ് ഉദ്യോഗസ്ഥനായി എത്തുമെന്നാണ് റിപ്പോർട്ട്. ബാഹുബലി, സലാർ, കൽക്കി 2898 എഡി തുടങ്ങിയ ചിത്രങ്ങളിലൂടെ രാജ്യത്തെ ഏറ്റവും വിലയേറിയ താരമായി മാറിയ പ്രഭാസ്, ‘സ്പിരിറ്റി‘ലൂടെ അന്തർദേശീയ ശ്രദ്ധ നേടുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. ചിത്രത്തിൽ പ്രഭാസിനും പ്രകാശ് രാജിനും ശബ്ദസാന്നിധ്യമുണ്ടായിരുന്ന ടൈറ്റിൽ ടീസർ നേരത്തെ പുറത്തിറങ്ങിയിരുന്നു.

