Site iconSite icon Janayugom Online

കൈവിടരുത്,ഞങ്ങൾ വെളിച്ചമായിരുന്നു

ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടും അത് വിനിയോഗിക്കാൻ അവസരങ്ങളില്ലാതെ മാനസികവും സാമൂഹികവുമായ ബുദ്ധിമുട്ട് അനുഭവിക്കുന്നവരാണ് കേരളത്തിലെ ലക്ഷക്കണക്കിന് അഭ്യസ്തവിദ്യർ. ഇതിൽ ഭൂരിഭാഗം പേരും സ്വകാര്യ അധ്യാപനവൃത്തിയിലോ, പാരലൽ വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, അൺ എയ്ഡഡ് സ്വകാര്യ മാനേജ്മെന്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലോ, ഗസ്റ്റ് ഫാക്കൽറ്റിയായോ ആണ് തുച്ഛമായ വരുമാനം കണ്ടെത്തുന്നത്. അതില്‍ത്തന്നെ ഏകീകൃത സ്വഭാവമില്ലാതെ ഭിക്ഷയായി വാങ്ങുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. കേരളവും ലോകവും കോവിഡ് മഹാമാരിയുടെ പിടിയിൽ അകപ്പെട്ടപ്പോൾ നിലനിൽക്കാൻ കഴിയാത്ത ഒരു തൊഴിൽ സമൂഹമായി അവർ മാറിക്കഴിഞ്ഞു. ഉപജീവനം നടത്തിക്കൊണ്ടിരുന്ന നൂറുകണക്കിന് ട്യൂഷൻ സെന്ററുകൾ രണ്ട് വർഷമായി അടഞ്ഞു കിടക്കുകയാണ്. ബഹുഭൂരിപക്ഷം പേരുടെയും അവസരം ഇതോടെ നഷ്ടമായി.

ഓൺലൈൻ ക്ലാസുകൾക്ക് സർക്കാർ സമയക്രമം നടപ്പിലാക്കാത്തതും ഇത്തരം ക്ലാസുകൾ മൂലം കുട്ടികൾക്ക് ഉണ്ടാകുന്ന മാനസിക പിരിമുറുക്കവും ക്ലാസുകളുടെ ദൈർഘ്യവും രക്ഷകർത്താക്കൾ ഡാറ്റയ്ക്ക് വേണ്ടി പ്രതിമാസം ചെലവാക്കുന്ന തുകയും മറ്റു ബുദ്ധിമുട്ടുകളും കാരണം കുട്ടികളുടെ വിദ്യാഭ്യാസം താളംതെറ്റിയ അവസ്ഥയാണ്. സാങ്കേതികവിദ്യയുടെ സഹായത്തോടെ ഓൺലൈൻ ട്യൂഷനുകൾ പൂർണമായും കോർപ്പറേറ്റ് ശൈലി കൈവരിച്ചു. കുട്ടികൾക്ക് പ്രയാസമുളള പാഠവിഷയങ്ങൾ പറഞ്ഞു കൊടുക്കുന്നതിനാണ് ട്യൂഷൻ ടീച്ചർമാരെ ഏർപ്പെടുത്തിയിരുന്നെങ്കിൽ, ഇന്ന് അവർക്ക് പകരം 10 ഇഞ്ച് വലിപ്പത്തിലുളള ടാബ് വീട്ടിൽ എത്തിച്ചുകൊണ്ട് വിർച്വൽ ക്ലാസ് റൂമുകൾ സംഘടിപ്പിക്കുന്നു. പതിനായിരക്കണക്കിന് അഭ്യസ്തവിദ്യർ വരുമാനം കണ്ടെത്തിയിരുന്ന മേഖല ഇന്ന് പത്ത് പേർ കൊള്ളലാഭം ഉണ്ടാക്കുന്ന മേഖലയായി മാറിയിരിക്കുകയാണ്.

സാങ്കേതികവിദ്യയെയും അതിന്റെ വികാസത്തെയും എതിർക്കുകയല്ല, മറിച്ച് ഒരു അറിവ് ഉപയോഗിച്ച് ഒരു മേഖലയിലെ മുഴുവൻ ജീവനക്കാരുടെയും അന്നം നിമിഷനേരം കൊണ്ട് ഇല്ലാ­താക്കുന്ന നടപടി നോക്കി നിൽക്കേണ്ടി വരുന്ന അവസ്ഥ വേദനാജനകമാണ്. ഏത് രംഗത്തും മാറ്റം അനിവാര്യമാണ്. എന്നാൽ മാറ്റം എല്ലാവരിലും എത്തിക്കുക എന്നതും മാറ്റങ്ങൾക്കൊപ്പം പ്രതിസന്ധിയിലാകുന്നവരെ നിലനിർത്താൻ സ­ഹായിക്കേണ്ടതും സമൂഹത്തിന്റെ കടമയാണ്.

സ്വകാര്യ ട്യൂഷൻ സ്ഥാപനങ്ങൾ നടത്തുന്നവരിൽ ചിലർ കോവിഡ് നിബന്ധനകളിൽ ഇളവ് ഇന്ന് വരും നാളെ വരും എന്ന പ്രതീക്ഷയോടെ വാടക കൊടുത്തു ബാധ്യത നിറവേറ്റുന്നു, പ്രതീക്ഷ നശിച്ച് ബെഞ്ചും ഡസ്ക്കും കസേരകളും കിട്ടിയ വിലയ്ക്ക് വിറ്റ് ഉപേക്ഷിച്ചവരും നമുക്കിടയിലുണ്ട്. പഠനത്തിലിരിക്കുമ്പോൾ തന്നെ അധ്യാപനവൃത്തിയിൽ കടന്നുവരികയും മറ്റൊരു തൊഴിലിലും ഈ മഹാമാരിക്കാലത്ത് ഏർപ്പെടാനാകാതെ സമൂഹത്തിന്റെ മുന്നിൽ ചോദ്യചിഹ്നമായി നിൽക്കുകയാണ് ഇവര്‍. വിദ്യാഭ്യാസം ഒരു ഭാരമായതു പോലെ നിസ്സഹായതയോടെ ആത്മഹത്യ ചെയ്യണോ ജീവിക്കണോ എന്ന് ആശങ്കപ്പെടുന്നവരുമുണ്ട്.

കഥയും കവിതയും കുസൃതികളും പറഞ്ഞ് കുട്ടികളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും പഠിക്കാനുള്ള ആവേശവും പകർന്നിരുന്ന അധ്യാപകരില്‍ പലരും ഇന്ന് ആത്മഹത്യയുടെ വക്കിലാണ്. ഓൺലൈൻ കാലത്ത് ജീവിതത്തില്‍ പകച്ചുപോയവരും പതിറ്റാണ്ടുകളായി ഈ മേഖലയെ മാത്രം ആശ്രയിച്ചു ജീവിച്ചവരും ഈ മഹാമാരിക്കാലത്ത് ക്ഷേമപെൻഷൻ പോലും ലഭിക്കാത്ത സാഹചര്യത്തിലാണ്. ഇത്തരത്തിലുളള അധ്യാപകരെയും അവരുടെ സേവനത്തേയും നമ്മുടെ സമൂഹം അംഗീകരിക്കുകയും പരിഗണിക്കുകയും ചെയ്യണം.

അതുപോലെ തന്നെയാണ് അൺഎയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകർക്ക് എതിരെയുളള പീഡനവും. ഇവർ നേരിടുന്ന പ്രശ്നങ്ങൾ ചർച്ച ചെയ്യാനും പ്രശ്നപരിഹാരത്തിനും വേദികളോ സംഘടനകളോ ഇല്ല. ഇത് മറയാക്കി അധ്യാപകരുടെ വേതനം വെട്ടിക്കുറയ്ക്കുകയും പിരിച്ചു വിടലും ഭീഷണിയും സ്കൂളുകളിൽ സജീവമാണ്. ചോദ്യക്കാൻ ആരുമില്ല എന്നതിനാൽ എന്ത് നീതികേടും പ്രവർത്തിക്കാം എന്ന ധൈര്യവും ധാർഷ്ട്യവും അൺഎയ്ഡഡ് സ്വകാര്യ മാനേജ്മെന്റുകൾക്കുണ്ട്.

മാനേജ്മെന്റിനെതിരെ ശബ്ദിച്ചാൽ ദൈവകോപത്തിന് കാരണമാകും എന്ന് ചിന്ത വളർത്തിയെടുക്കുകയും മതത്തെയും ജാതിയെയും കൂട്ടുപിടിച്ചു കൊളളലാഭമുണ്ടാക്കുന്ന കച്ചവടമായി വിദ്യാഭ്യാസത്തെ മാറ്റിയിട്ട് കാലമേറെയായി. ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപക പീഡനങ്ങൾ പുറംലോകം അറിയുക പോലുമില്ല.

വർഷങ്ങളായി സ്വകാര്യ അധ്യാപകരെ സംരക്ഷിക്കുവാൻ നിയമനിർമ്മാണ ചർച്ചകൾ പുരോഗമിക്കുന്നുണ്ടെങ്കിലും ഇതുവരെ പ്രാബല്യത്തിൽ എത്തിക്കാൻ സാധിച്ചിട്ടില്ല. ഇടതുപക്ഷ സർക്കാരില്‍ നിന്ന് ഇതിനായി ഒരു നയം രൂപപ്പെടുത്താനുള്ള ശ്രമമുണ്ടാകണം. ഈ സ്വകാര്യ അധ്യാപന മേഖലയിലെ മുഴുവൻ അധ്യാപകരെയും സംരക്ഷിക്കുന്ന നിയമം നടപ്പിലാക്കാൻ മുൻകൈയെടുക്കണം.

സ്വകാര്യ അധ്യാപന മേഖലയിൽ ഒരു തൊഴിൽ സമൂഹമുണ്ട് എന്ന കാര്യം തിരിച്ചറിഞ്ഞ് അവസരങ്ങൾ നഷ്ടപ്പെടാതെ അവരെ മേഖലയിൽ നിലനിർത്താനും സാങ്കേതിക മാറ്റങ്ങൾ പരിശീലിപ്പിക്കുകയും സഹായിക്കുകയും ചെയ്യുന്നതിനോടൊപ്പം സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഉറപ്പാക്കാനും കേരള സർക്കാർ തയ്യാറാകും എന്ന പ്രതീക്ഷയിലാണ് ഇവർ.

നിലവിലെ സാഹചര്യത്തിൽ സ്വകാര്യ അധ്യാപകരെ സംഘടിപ്പിച്ച് അവരുടെ അവകാശങ്ങൾ നേടിയെടുക്കാൻ ഒരു കൂട്ടായ്മ എന്ന നിലയിൽ പ്രൈവറ്റ് ടീച്ചേഴ്സ് വെൽഫെയർ യൂണിയൻ (T‑Wel) കേരളത്തിൽ പ്രവർത്തിച്ചുവരികയാണ്. സംഘടനയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുമ്പിൽ പ്രതിഷേധസമരം നടത്തുകയും ചെയ്തു. കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സ്വകാര്യ ട്യൂഷന്‍ സെന്ററുകൾ തുറക്കാൻ അനുവദിക്കുക, സ്വകാര്യ അധ്യാപകർക്ക് ധനസഹായം അനുവദിക്കുക, ക്ഷേമനിധി നടപ്പിലാക്കുക, ഓൺലൈൻ ക്ലാസുകൾക്ക് സർക്കാർ മാർഗനിർദ്ദേശങ്ങൾ ഏർപ്പെടുത്തുക, കേരളത്തിൽ സ്വകാര്യ അധ്യാപക തൊഴിൽ നിയമം നടപ്പിലാക്കുക എന്നീ മുദ്രവാക്യങ്ങൾ ഉയർത്തി നടത്തുന്ന സമരത്തിൽ കേരളത്തിലെ എല്ലാ ജനാധിപത്യ വിശ്വാസികളുടെയും സഹായസഹകരണം പ്രതീക്ഷിക്കുന്നു.

(പ്രൈവറ്റ് ടീച്ചേഴ്സ് വെൽഫെയർ (T‑Wel)

യൂണിയന്റെ സംസ്ഥാന പ്രസിഡന്റാണ് ലേഖകൻ)

Exit mobile version