Site iconSite icon Janayugom Online

മദ്യവും മയക്കുമരുന്നും നല്‍കി പല്ലെടുക്കും; പല്ലുമാല കോര്‍ത്ത് കഴുത്തിലിടും, കുപ്രസിദ്ധനായ ദന്തിസ്റ്റ് ഡോക്ടർ പാർക്കർ

ന്തിസ്റ്റുകളിൽ ക്രിമിനൽ സ്വഭാവമുള്ള ഡോക്ടർ ആയിരുന്നു 1872ൽ അമേരിക്കയിലെ ഫിലഡെൽഫിയിൽ ജനിച്ച എഡ്ഗാർ പാർക്കർ. ദന്തൽ കോളജിൽ നിന്നും ബിരുദം നേടിയ ശേഷം സ്വന്തമായി ക്ലിനിക് തുടങ്ങി. പക്ഷെ മാസങ്ങൾ കഴിഞ്ഞിട്ടും ഒരൊറ്റ രോഗി പോലും ക്ലിനിക്കിലേക്ക് വന്നില്ല. അതോടെ രോഗികളെ ആകർഷിക്കാൻ പുതിയൊരു വിദ്യയിറക്കി. “പാർക്കർ ദന്തൽ സർക്കസ്” എന്ന പേരിൽ തെരുവ് പ്രദർശനം ആയിരുന്നു അത്. ദന്തൽ ക്ലിനിക്കിലെ കസേര കുതിരവണ്ടിയിൽ ചേർത്തുകെട്ടി ബാൻഡ് വാദ്യത്തിന്റെയും നൃത്തത്തിന്റെയും അകമ്പടിയോടെയായിരുന്നു പ്രദർശനം. ഇതുകണ്ട ആളുകൾ കേടുവന്ന പല്ലുകൾ പറിക്കാൻ തടിച്ചുകൂടി.

പല്ലെടുക്കാൻ വരുന്നവർക്ക് ആദ്യം ഒരു ലായനി അദ്ദേഹം കുടിക്കാൻ കൊടുക്കും. മദ്യവും കറുപ്പും ആയിരുന്നു അതിൽ. അതിന് ശേഷമാണ് പല്ലെടുക്കുക. മദ്യത്തിന്റെയും മയക്ക് മരുന്നിന്റെയും ലഹരിയിലും വാദ്യകോലാഹലങ്ങൾക്കിടയിലും രോഗികൾ വേദനിച്ചു കരയുന്നത് ആരും അറിഞ്ഞില്ല. ഒരു ദിവസം 357പല്ല് വരെ പറിച്ചെന്ന് അവകാശപ്പെട്ട പാർക്കർ ഈ പല്ലുകൾ കോർത്ത് ഒരു പല്ലുമാല ഉണ്ടാക്കി കഴുത്തിലണിഞ്ഞു. പാർക്കറുടെ പ്രവൃത്തികൾ ദന്തൽ മേഖലയ്ക്ക് അപമാനകരവും ഭീഷണിയുമാണെന്ന് അമേരിക്കൻ ദന്തൽ അസോസിയേഷൻ അഭിപ്രായപ്പെട്ടെങ്കിലും പാർക്കർ പിന്മാറിയില്ല. വേദനിക്കാതെ പല്ലെടുക്കുമെന്ന് പരസ്യം ചെയ്ത പാർക്കർക്കെതിരെ സംഘടനകൾ കേസ് കൊടുത്തു. ബുദ്ധിമാനായ പാർക്കർ തന്റെ പേരിന്റെ കൂടെ പെയിന്‍ലെസ് എന്ന് ചേർത്ത് പെയിന്‍ലെസ് പാര്‍ക്കര്‍ എന്നാക്കി. അങ്ങനെ സ്വന്തം പേര് ഉപയോഗിച്ച് അദ്ദേഹം പരസ്യം തുടർന്നു! ഇങ്ങനെയൊക്കെ ആണെങ്കിലും ഇന്നത്തെ ദന്തൽ ക്ലിനിക് ശൃംഖലകളുടെ തുടക്കം പാർക്കറിൽ നിന്നാണ്. 28ദന്തൽ ക്ലിനിക്കുകൾ തുടങ്ങിയ പാർക്കർ 70ഡോക്ടർമാർക്ക് ജോലിയും നൽകി.

Exit mobile version