സംഗീത നാടക അക്കാദമിയുടെ നാടകോത്സവത്തിന് ഞായറാഴ്ച പ്രകാശ് കലാകേന്ദ്രത്തിൽ തിരിതെളിയും. കെപിഎസി ലളിത നഗറിൽ ആരംഭിക്കുന്ന നാടകോത്സവം എം മുകേഷ് എംഎൽഎ ഉദ്ഘാടനം ചെയ്യും. വൈകിട്ട് ആറിന് നടക്കുന്ന ചടങ്ങില്‍ മേയർ പ്രസന്ന ഏണസ്റ്റ് മുഖ്യാതിഥിയാകും. സംഗീത നാടക അക്കാദമി അക്കാദമി വൈസ് ചെയർമാൻ സേവ്യർപുൽപ്പാട്ട് അധ്യക്ഷനാകും.
സംഗീത നാടക അക്കാദമി നേതൃത്വത്തിൽ കേരളമൊട്ടാകെ പത്ത് ജില്ലകളിലായി നടക്കുന്ന 50 നാടക അവതരണങ്ങളിൽ ജില്ലയിലെ അഞ്ച് നാടകങ്ങളുടെ ഉത്സവമാണ് മൂന്ന് മുതൽ ഏഴ് വരെ പ്രകാശ് കലാകേന്ദ്രത്തിൽ അരങ്ങേറുന്നത്.
മൂന്നിന് തിരുവനന്തപുരം നിരീക്ഷയുടെ അന്ധിക, നാലിന് തിരുവനന്തപുരം അഭിനയയുടെ മിനുക്ക്ശാല, അഞ്ചിന് ആലപ്പുഴ സംസ്കൃതിയുടെ മുക്തി, ആറിന് തിരുവനന്തപുരം മണക്കാട് തിരുവരങ്ങിന്റെ സുഖാനി, ഏഴിന് വട്ടിയൂർക്കാവ് കനൽ സാംസ്കാരിക വേദിയുടെ സോവിയറ്റ് സ്റ്റേഷൻകടവ് എന്നിവയാണ് നാടകങ്ങൾ. എല്ലാ ദിവസവും രാത്രി ഏഴിനാണ് നാടക അവതരണം.
വാർത്താ സമ്മേളനത്തിൽ സംഘാടക സമിതി ചെയർമാൻ കെബി ജോയ്, കൺവീനർ മഹേഷ്‌മോഹൻ, കലാകേന്ദ്രം പ്രസിഡന്റ് എച്ച് രാജേഷ് എന്നിവർ പങ്കെടുത്തു.