Site iconSite icon Janayugom Online

‘ദൃശ്യം 3’ 350 കോടി ക്ലബ്ബിൽ; റെക്കോർഡ് വരുമാനം വെളിപ്പെടുത്തി നിർമ്മാതാവ്

മലയാള സിനിമാ പ്രേക്ഷകർ ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നായ മോഹൻലാൽ‑ജീത്തു ജോസഫ് ചിത്രം ‘ദൃശ്യം 3’യെക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. ചിത്രം നിർമ്മാണത്തിലിരിക്കെ തന്നെ 350 കോടി രൂപയുടെ ബിസിനസ്സ് പൂർത്തിയാക്കിയതായി നിർമ്മാതാവ് എം രഞ്ജിത്ത് അറിയിച്ചു. മോഹൻലാലിന്റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ‘തുടരും’ നിർമ്മിച്ച രജപുത്ര വിഷ്വൽ മീഡിയയുടെ എം.രഞ്ജിത്താണ് വിവരം പുറത്തുവിട്ടത്. ഒരു പ്രാദേശിക ഭാഷാ ഇന്ത്യൻ സിനിമ നിർമ്മാണത്തിലിരിക്കെ ഇത്രയും വലിയ ബിസിനസ്സ് നേടുന്നത് ഇതാദ്യമാണെന്ന് അദ്ദേഹം അവകാശപ്പെട്ടു.

തിയേറ്റർ റൈറ്റ്‌സ്, ഒ ടി ടി, റീമേക്ക്, സാറ്റലൈറ്റ്, ഓവർസീസ്, ഓഡിയോ അവകാശങ്ങൾ എന്നിവയിലൂടെയാണ് ‘ദൃശ്യം 3’ 350 കോടി രൂപയുടെ ബിസിനസ്സ് നേടിയത്. ഇതോടെ, ഏറ്റവും കൂടുതൽ കലക്ഷൻ നേടിയ മലയാള ചിത്രമായ ‘ലോക ചാപ്റ്റർ 1: ചന്ദ്ര’ തിയറ്ററുകളിൽ നിന്ന് നേടിയതിനേക്കാൾ കൂടുതൽ വരുമാനം ‘ദൃശ്യം 3’ക്ക് ലഭിച്ചതായി റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. മലയാള സിനിമ എത്തിയ പുതിയ ഉയരങ്ങളെയാണ് ഈ റെക്കോർഡ് വരുമാനം എടുത്തുകാണിക്കുന്നതെന്നും രഞ്ജിത്ത് പറഞ്ഞു. ജീത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ‘ദൃശ്യം’ ഫ്രാഞ്ചൈസിയുടെ മൂന്നാം ഭാഗമാണിത്. ആദ്യ ഭാഗം 2013ലും രണ്ടാം ഭാഗം 2021ലും പുറത്തിറങ്ങിയിരുന്നു.

‘ദൃശ്യം 3’യുടെ വിതരണാവകാശങ്ങൾ പ്രമുഖ പ്രൊഡക്ഷൻ കമ്പനിയായ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കി. നിർമ്മാതാക്കളായ ആശീർവാദ് സിനിമാസിൽ നിന്നാണ് ഇന്ത്യയിലും വിദേശത്തുമുള്ള എക്‌സ്‌ക്ലൂസീവ് വേൾഡ് വൈഡ് തിയേറ്റർ അവകാശങ്ങൾ ഉൾപ്പെടെയുള്ളവ പനോരമ സ്റ്റുഡിയോസ് സ്വന്തമാക്കിയത്. തിയറ്റർ, ഡിജിറ്റൽ, എയർബോൺ വിതരണാവകാശങ്ങൾ സ്വന്തമാക്കിയ വിവരം പനോരമ സ്റ്റുഡിയോസ് ഔദ്യോഗിക കുറിപ്പിലൂടെ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിട്ടുണ്ട്. നേരത്തെ, ‘ദൃശ്യം’ എല്ലാ ഭാഷാ പതിപ്പുകളും ഒരേ സമയം തിയറ്ററുകളിൽ എത്തുമെന്ന സൂചനയുണ്ടായിരുന്നു. എന്നാൽ നിലവിൽ മലയാളം പതിപ്പിന്റെ നിർമ്മാണമാണ് പുരോഗമിക്കുന്നത്. മലയാളം പതിപ്പ് ആദ്യം പുറത്തിറങ്ങുമെന്നും മറ്റ് റീമേക്കുകൾ പിന്നാലെ എത്തുമെന്നും അഭ്യൂഹങ്ങളുണ്ടെങ്കിലും, നിർമ്മാതാക്കളുടെ ഭാഗത്തുനിന്ന് ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Exit mobile version