Site iconSite icon Janayugom Online

ജോർജുകുട്ടിയും കുടുംബവും വീണ്ടും പ്രേക്ഷകർക്കു മുന്നിൽ; ജീത്തു ജോസഫ്-മോഹൻ ലാൽ കൂട്ടുകെട്ടിൽ ദൃശ്യം — 3 ആരംഭിച്ചു

പ്രേക്ഷകർ നെഞ്ചോടു ചേർത്തുവച്ച ജോർജുകുട്ടിയും, കുടുംബവും വീണ്ടും എത്തുന്നു. ആശിർ വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂർ നിർമ്മിച്ച് ജീത്തു ജോസഫിൻ്റെ സംവിധാനത്തിൽ വലിയ വിജയം സമ്മാനിക്കുകയും ചെയ്ത ദൃശ്യം എന്ന ചിത്രത്തിലെ കഥാപാത്രങ്ങളാണ് ജോർജ് കുട്ടിയും കുടുംബവും. ചിത്രംആഗോള തലത്തിൽ ഏറെ ശ്രദ്ധിക്കപ്പെട്ടു. , മലയാള സിനിമ കടന്നു ചെന്നിട്ടില്ലാത്ത മാർക്കറ്റുകളിൽപ്പോലും കടന്നുകയറ്റം നടത്തി വിസ്മയിച്ച ദൃശ്യത്തിന് പിന്നീട് രണ്ടാം ഭാഗവും ജീത്തു ജോസഫ് ഒരുക്കി..പ്രേക്ഷകർ അതും ഇരു കൈയ്യോടെ സ്വീകരിക്കുകയും ചെയ്തു. ജോർജ് കുട്ടിയേയും കുടുംബത്തേയും വീണ്ടും സമ്മാനിക്കുന്ന ദൃശ്യം — 3 എന്ന ചിത്രത്തിൻ്റെ ചിത്രീകരണം സെപ്റ്റംബർ ഇരുപത്തിരണ്ട് തിങ്കളാഴ്ച്ച കൊച്ചി പൂത്തോട്ട ശ്രീ നാരായണ കോളജിൽ നടന്ന ലളിതമായ ചടങ്ങിൽ തുടക്കമിട്ടു.

രാജ്യത്തെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്ക്കാരം മോഹൻലാലിനു ലഭിച്ച തൊട്ടടുത്ത ദിവസം തന്നെ ദൃശ്യം — 3 ആരംഭിക്കുവാൻ കഴിഞ്ഞതിൻ്റെ ഇരട്ടിമധുരമാണ് ഇന്നത്തെ ദിനമെന്ന് മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും, തിർമ്മാതാവ് ആൻ്റെണി പെരുമ്പാവൂരും തദവസരത്തിൽ പങ്കുവച്ചു. സെറ്റിലെത്തിയ മോഹൻലാലിനെ നിർമ്മാതാവ് ആൻ്റണി പെരുമ്പാവൂരും, സംവിധായകൻ ജീത്തു ജോസഫും,പൂച്ചെണ്ടു നൽകി സ്വീകരിച്ചു കൊണ്ടാണ് ചടങ്ങുകൾക്കു തുടക്കമിട്ടത്.

മോഹൻലാൽ ആദ്യ ഭദ്രദീപം തെളിയിച്ചപ്പോൾ അണിയാ പ്രവർത്തകരും ബന്ധു മിത്രാദികളും ചേർന്നു ഈ ചടങ്ങ് പൂർത്തീകരിച്ചു.
ആൻ്റെണി പെരുമ്പാവൂർ സ്വിച്ചോൺ കർമ്മവും, മോഹൻലാൽ ഫസ്റ്റ് ക്ലാപ്പും നൽകിക്കൊണ്ടാണ് ചിത്രീകരണത്തിലേക്ക് കടന്നത്.
ചടങ്ങിനു ശേഷം ദദാ സാഹിബ് ഫാൽക്കെ പുരസ്ക്കാരം ഏറ്റുവാങ്ങാനായി ദില്ലിയിലേക്കു പുറപ്പെട്ട മോഹൻലാൽ ഇരുപത്തിനാലു മുതൽ ചിത്രത്തിൽ അഭിനയിച്ചു തുടങ്ങും. ചിത്രത്തിൻ്റെ മറ്റു വിശദാംശങ്ങളിലേക്കൊന്നും ഇപ്പോൾ കടക്കുന്നില്ലായെന്ന് ജീത്തു ജോസഫ് വ്യക്തമാക്കി.
നമുക്കു കാത്തിരിക്കാം ജോർജുകുട്ടിക്കും കുടുംബത്തിനുമായി.

Exit mobile version