Site iconSite icon Janayugom Online

കേരളത്തിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങളും

2021–22 സാമ്പത്തിക വര്‍ഷത്തെ പുതുക്കിയ ബജറ്റ് ജൂണ്‍ നാലിനാണ് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അവതരിപ്പിച്ചത്. ഇനി അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള ബജറ്റ് 2022 ഫെബ്രുവരി മാസത്തില്‍ അവതരിപ്പിക്കും. അതിലേക്കുള്ള തയാറെടുപ്പുകള്‍ ആരംഭിച്ചുകഴിഞ്ഞു. കേരളത്തിന്റെ സമ്പദ്ഘടന വന്‍ പ്രതിസന്ധിയില്‍ എത്തിനില്ക്കുന്ന ഘട്ടത്തിലാണ് ബജറ്റ് ഒരുക്കങ്ങള്‍ നടക്കുന്നത് എന്നതിനാല്‍ ഇക്കാര്യത്തില്‍ വ്യാപകമായ രീതിയില്‍ ചര്‍ച്ചയും വിവാദങ്ങളും ഉണ്ടാകുക സ്വാഭാവികമാണ്.

ഏറ്റവും ഒടുവില്‍ അവതരിപ്പിച്ച ബജറ്റ് രേഖകള്‍ പ്രകാരം തന്നെ 2022 മാര്‍ച്ച് അവസാനിക്കുമ്പോള്‍ കേരളത്തിന്റെ കടം 3,27,654 കോടി രൂപയായിരിക്കും. ഈ സംഖ്യ ഉയരുവാനാണ് സാധ്യത. ബജറ്റ് പ്രകാരം നികുതി വരുമാനം 71,833 കോടി രൂപയും നികുതി ഇതര വരുമാനം 14,335 കോടി രൂപയുമാണ്. 44,811 കോടി രൂപ വിവിധ വഴികളിലൂടെ കേന്ദ്ര വിഹിതമായി ലഭിക്കും. ആകെ വരവ് 1,30,977 കോടി രൂപ. ഇതില്‍ 39,731 കോടി ശമ്പളത്തിനായും 23,105 കോടി പെന്‍ഷനായും 21,940 കോടി പലിശക്കായും ചെലവിടണം. ബജറ്റില്‍ പ്രതീക്ഷിക്കുന്ന വരവില്‍ കുറവുണ്ടാവുകയും ചെലവില്‍ വര്‍ധനവുണ്ടാകുകയും ചെയ്യും എന്നതാണ് കോവിഡ് കാലത്തെ അനുഭവം. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ബജറ്റില്‍ പ്രതീക്ഷിച്ചതില്‍ 16,400 കോടി രൂപയുടെ കുറവുണ്ടായി. ഭൂമിയുടെ കൈമാറ്റവും വാഹനങ്ങളുടെയും മദ്യത്തിന്റെയുമെല്ലാം ചെലവും കുറഞ്ഞപ്പോള്‍ ഖജനാവിലെത്തുന്ന വരവിലും കുറവുണ്ടായി. ടൂറിസം രംഗത്തെ നിശ്ചലത നഷ്ടത്തിന്റെ രൂക്ഷത വര്‍ധിപ്പിച്ചു. ഇപ്പോള്‍ സ്ഥിതിയില്‍ കുറച്ചു മാറ്റങ്ങള്‍ വന്നുതുടങ്ങിയെങ്കിലും പെട്ടന്നൊന്നും കടക്കെണിയില്‍ നിന്ന് രക്ഷനേടാന്‍ കേരളത്തിനാകുമെന്നു തോന്നുന്നില്ല. അടുത്ത സാമ്പത്തിക വര്‍ഷം, പൊതുകടം പുതിയ ഉയരങ്ങളില്‍ എത്താനാണ് സാധ്യത.


ഇതുകൂടി വായിക്കൂ: പ്രതിപക്ഷം സമരം ചെയ്യേണ്ടത് ജനവിരുദ്ധ സാമ്പത്തിക നയത്തോട്


ഓരോ അഞ്ചു വര്‍ഷം കഴിയുന്തോറും കേരളത്തിന്റെ പൊതുകടം ഇരട്ടിയായി മാറുന്നു എന്നതാണ് കഴിഞ്ഞ മൂന്ന് ദശാബ്ദമായുള്ള അനുഭവം. നോട്ടുനിരോധനം, അശാസ്ത്രീയമായ രീതിയിലുള്ള ജിഎസ്‌ടി പരിഷ്കാരം, കേരളത്തില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന പ്രളയദുരന്തങ്ങള്‍, കോവിഡിന്റെ അസാധാരണ സാഹചര്യം, സംസ്ഥാനങ്ങളെ വീര്‍പ്പുമുട്ടിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ ഇവമൂലം നിലവില്‍ അഞ്ചു വര്‍ഷമാകുന്നതിനു മുമ്പുതന്നെ കടം ഇരട്ടിയിലധികമായി ഉയരും എന്നതാണവസ്ഥ. ഈ സാഹചര്യം പെട്ടെന്ന് മാറ്റിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിചാരിച്ചാല്‍ കഴിയില്ല. കേരളം ഇതുവരെ കൈവരിച്ച നേട്ടങ്ങള്‍ നിലനിര്‍ത്തുകയും ശക്തിപ്പെടുത്തുകയും ചെയ്യണം എന്ന നിലപാടില്‍ നിന്ന് ഇടതുപക്ഷ സര്‍ക്കാരിന് പിന്നോട്ടുപോകാനാകില്ല. സ്വാഭാവികമായും പൊതുവിദ്യാഭ്യാസത്തിനും ചികിത്സയ്ക്കും പൊതുവിതരണത്തിനും സാമൂഹ്യക്ഷേമത്തിനും ഗ്രാമ വികസനത്തിനും ഉള്ള ചെലവുകള്‍ ഓരോ വര്‍ഷവും വര്‍ധിച്ചുകൊണ്ടിരിക്കും. പലിശ ഭാരവും കൂടിക്കൊണ്ടിരിക്കും. ഇതിനാനുപാതികമായി വരുമാനം വര്‍ധിക്കുന്നില്ല എന്നു മാത്രമല്ല, കുറവുണ്ടാകുകയും ചെയ്യുന്നു. വീര്‍പ്പുമുട്ടുന്ന ഈ സാഹചര്യത്തില്‍ കേരളത്തിന് എങ്ങനെയാണ് മുന്നോട്ടുപോകാനാകുക?

കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ എല്ലാ വഴികളിലൂടെയും കേരളത്തെ സാമ്പത്തികമായി ശ്വാസം മുട്ടിക്കുകയാണ്. ജിഎസ്‌ടി നിലവില്‍ വന്നതിനു ശേഷം സംസ്ഥാനത്തിന് സ്വന്തം നിലയില്‍ നികുതി നിശ്ചയിക്കാന്‍ കഴിയുന്നത് രണ്ട് ഉല്പന്നങ്ങള്‍ക്കു മാത്രമാണ്. ഇന്ധനവും മദ്യവുമാണത്. എന്നാല്‍ വലിയതോതില്‍ ഇന്ധനത്തിന് എക്സൈസ് ഡ്യൂട്ടി ഏര്‍പ്പെടുത്തി കേന്ദ്രം സംസ്ഥാനങ്ങളെ മുള്‍മുനയില്‍ എത്തിച്ചു. 2020–21 ല്‍ ഇന്ത്യന്‍ സമ്പദ്ഘടന 7.31 ശതമാനം ചുരുങ്ങിയതിന്റെ നഷ്ടം കേരളത്തിലും ഉണ്ടായി. ജിഎസ്‌ടി നിയമം പ്രാബല്യത്തില്‍ വന്നിരുന്നില്ലെങ്കില്‍ ഓരോ വര്‍ഷവും നികുതി വരുമാനത്തില്‍ 19 ശതമാനം വരെ വര്‍ധനവ് കണ്ടെത്താന്‍ സാധിച്ചിരുന്ന കേരളത്തില്‍ ജിഎസ്‌ടി വന്നതിനുശേഷം ഇത് 11 ശതമാനം ആയി കുറഞ്ഞു. 14 ശതമാനം കണക്കാക്കി കേന്ദ്രം അഞ്ചു വര്‍ഷത്തേക്ക് അനുവദിച്ച നഷ്ടപരിഹാരം അവസാനിക്കുകയാണ്. ഈ ഇനത്തില്‍ 2017–18 ല്‍ 2102 കോടിയും 18–19ല്‍ 3522 കോടിയും 19–20 ല്‍ 8111 കോടിയും 20–21 ല്‍ 4612 കോടിയുമാണ് കേരളത്തിന് കിട്ടിയത്. ജിഎസ്‌ടി പരിഷ്കാരത്തിലൂടെ ഒരു വര്‍ഷം 12,000 – 14,000 കോടി രൂപ നഷ്ടപ്പെട്ടപ്പോഴാണ് അതിന്റെ പകുതിയില്‍ താഴെ തുക നഷ്ടപരിഹാരമായി കിട്ടിയത്. ഇനി അതും ഇല്ലാതാകും.


ഇതുകൂടി വായിക്കൂ: ഉയരുന്ന ഇന്ധനവിലയും സാമ്പത്തിക സാമൂഹ്യ പ്രത്യാഘാതങ്ങളും


കേന്ദ്രത്തിന് ലഭിക്കുന്ന നികുതി തുകയുടെ 41 ശതമാനം ആണ് സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കുന്നത്. ഇങ്ങനെ പങ്കുവയ്ക്കുന്ന 1,22,000 കോടി രൂപയുടെ 1.92 ശതമാനം മാത്രമാണ് കേരളത്തിന് കിട്ടുന്നത്. 1980 – 85 കാലഘട്ടത്തില്‍ ഇത് 3.95 ശതമാനവും 2000-05 ല്‍ 3.05 ശതമാനവും ആയിരുന്നു. അതാണ് 2021–26 വര്‍ഷങ്ങളിലേക്ക് 1.92 ശതമാനം ആയി കുറച്ചത്. ജനസംഖ്യാനുപാതികമായി കണക്കാക്കിയിരുന്നെങ്കില്‍ സംസ്ഥാന വിഹിതമായി 2.77 ശതമാനം കിട്ടേണ്ടതായിരുന്നു. കേരളത്തിനര്‍ഹതപ്പെട്ട 14,000 ലധികം കോടി രൂപയുടെ കുറവാണ് ഇവിടെ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ബജറ്റിലൂടെ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന്‍ കോര്‍പറേറ്റ് നികുതി 30 ശതമാനത്തില്‍ നിന്ന് 22 ശതമാനമായി വെട്ടിക്കുറച്ചു. ബജറ്റ് കണക്കു പ്രകാരം തന്നെ 1.45 ലക്ഷം കോടി രൂപയുടെ വരുമാന നഷ്ടമാണ് കേന്ദ്രത്തിനുണ്ടായത്. ഇതിന്റെ ആനുപാതിക നഷ്ടം കേരളത്തിനും ഉണ്ടായി. ഈ വര്‍ഷം ഏഴു ശതമാനം വരെ പണപ്പെരുപ്പം ഉണ്ടാകുമെന്നാണ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍തന്നെ വ്യക്തമാക്കിയിരിക്കുന്നത്. ഇതിന്റെ സമ്മര്‍ദ്ദം കേരളവും ഏറ്റുവാങ്ങിക്കൊണ്ടിരിക്കുകയാണ്. ദേശീയപാതയുടേയും അതിന്റെ ഭാഗമായുള്ള ബൈപാസുകളുടെയും നിര്‍മ്മാണത്തിന്റെ പൂര്‍ണ ചുമതല കേന്ദ്രസര്‍ക്കാരിനുള്ളതാണ്. എന്നാല്‍ കേരളത്തില്‍ ദേശീയപാതയുടെ വികസനം നടക്കണമെങ്കില്‍ ഇതിലേക്കാവശ്യമായ ഭൂമി ഏറ്റെടുക്കുമ്പോള്‍ അതിന്റെ വിലയുടെ 25 ശതമാനം സംസ്ഥാനം നല്കണമെന്നാണ് കേന്ദ്ര നിബന്ധന. വികസനം വേണം എന്നതിനാല്‍ ഈ വ്യവസ്ഥ കേരളം അംഗീകരിച്ചിരിക്കുകയാണ്. റയില്‍വെ വികസനകാര്യത്തിലും ഇത്തരം വ്യവസ്ഥകളാണ് വരാന്‍ പോകുന്നത്. സാമ്പത്തിക പ്രതിസന്ധിമൂലം വികസനം മുരടിക്കരുത് എന്നതിനാലാണ് ‘കിഫ്ബി’ എന്ന നൂതന വഴി കണ്ടെത്തിയത്. മോട്ടോര്‍ വാഹന നികുതിയുടെ 50 ശതമാനവും ഇന്ധന സെസും ഇതിലേക്ക് ഖജനാവില്‍ നിന്നു മാറ്റിവച്ചിട്ടുള്ളതിനാല്‍ ഈ സംരംഭം നല്ലരീതിയില്‍ മുന്നോട്ടുപോകുമെന്ന് ഉറപ്പായിട്ടുണ്ട്.

1961 ല്‍ കേരളത്തില്‍ വയോജനങ്ങള്‍ ജനസംഖ്യയുടെ 5.2 ശതമാനം മാത്രമായിരുന്നെങ്കില്‍ ഇന്നത് 13.4 ശതമാനമായി ഉയര്‍ന്നിരിക്കുന്നു. 60 വയസു കഴിഞ്ഞ 42.71 ലക്ഷം പേരാണ് കേരളത്തിലുള്ളത്. ഇതില്‍ 65 ശതമാനത്തിലധികം പേരും സര്‍ക്കാരിന്റെ സഹായം ആവശ്യമുള്ളവരാണ്. സാമ്പത്തിക പ്രതിസന്ധിയുടെ പേരില്‍ സഹായം ഒഴിവാക്കാനാവില്ല. പട്ടികജാതി — പട്ടികവര്‍ഗക്കാര്‍, വികലാംഗര്‍, കിടപ്പുരോഗികള്‍ ഇവര്‍ക്കെല്ലാം സഹായം എത്തിയേ മതിയാകൂ. ഭൂമി ഇല്ലാത്തവര്‍ക്ക് ഭൂമിയും വീടില്ലാത്തവര്‍ക്ക് വീടും ഉറപ്പായേ മതിയാകൂ. ഒരു വര്‍ഷം 20,000 ലധികം കോടി രൂപയാണ് ഇക്കാര്യങ്ങള്‍ക്ക് കേരള സര്‍ക്കാര്‍ ചെലവഴിക്കുന്നത്. ജനജീവിതം മെച്ചപ്പെടുത്തുന്നതിനുള്ള 90 വാഗ്ദാനങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള പദ്ധതികള്‍ ആവിഷ്കരിച്ചു വരികയാണ്. കോവിഡ് പാക്കേജ് ഇതിന് പുറമെയാണ്. പൊതു കടം കുതിച്ചുയരുന്നതിന് ഇതൊക്കെ കാരണങ്ങളാണ്.


ഇതുകൂടി വായിക്കൂ: സാമ്പത്തിക വളർച്ച അവകാശപ്പെടുമ്പോഴും ഭാവി ആശങ്കാജനകം


കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ചുവരുന്ന അതേ മാര്‍ഗങ്ങള്‍ കേരളവും സ്വീകരിച്ചാല്‍ അതിവേഗം കേരളം കടക്കെണിയില്‍ നിന്ന് പുറത്തുകടക്കും. എല്ലാ പൊതുമേഖലാ സ്ഥാപനങ്ങളും സര്‍ക്കാരിന്റെ കൈവശമുള്ള ഭൂമിയും കേന്ദ്ര സര്‍ക്കാര്‍ ചെയ്യുന്നതുപോലെ വിറ്റഴിക്കാനാണ് സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെട്ടിരിക്കുന്നത്. അങ്ങനെ ചെയ്താല്‍ കേരളത്തിന്റെയും 3.41 കോടി ജനങ്ങളുടെയും ഭാവി ഇരുള്‍മൂടിയതാകുമെന്ന തിരിച്ചറിവ് നല്ലതുപോലെയുള്ളതിനാലാണ് ഇത്തരം കേന്ദ്ര നിര്‍ദ്ദേശങ്ങള്‍ക്കെതിരെ കേരളം നിലപാടെടുക്കുന്നത്. ഈ വസ്തുതകളെല്ലാം അറിഞ്ഞുകൊണ്ടുതന്നെയാണ് യുഡിഎഫും ബിജെപിയും പൊതു കടം ഉയരുന്നതിന് എല്‍ഡിഎഫിനെ കുറ്റപ്പെടുത്തുന്നത്. വെള്ളപ്പൊക്കക്കെടുതിയില്‍ അടക്കം കേന്ദ്ര സഹായം കിട്ടാതിരിക്കാന്‍ വളഞ്ഞവഴികള്‍ സ്വീകരിച്ചവരാണിവര്‍ എന്നത് മറക്കാനാകില്ല. 2018–19 ല്‍ കേരളത്തിന്റെ ആഭ്യന്തര ഉല്പാദനത്തിന്റെ 3.41 ശതമാനം ആയിരുന്നു കേരളത്തിന്റെ കടം. 19–20 ല്‍ ഇത് 2.79 ശതമാനവും 20–21 ല്‍ 4.25 ശതമാനവുമായി. 2021 – 22 ല്‍ ഇത് 4.82 ശതമാനം ആകാനാണ് സാധ്യത. ഇവിടെ കാണേണ്ട ഒരുകാര്യം ഈ വില്പനയെല്ലാം നടത്തിക്കഴിഞ്ഞതിനു ശേഷവും കേന്ദ്രത്തിന്റെ കടം ജിഡിപിയുടെ 9.21 ശതമാനമാണ് എന്നതാണ്. പ്രതിപക്ഷത്തിന് അറിയാത്തതാണോ ഇക്കാര്യം?


ഇതുകൂടി വായിക്കൂ: ജിഎസ്ടിയുടെ അധിക ഭാരം വഹിക്കേണ്ടി വരുന്നത്‌ രാജ്യത്തെ സാധാരണക്കാരുടെ ജീവിത ദുരിതം വർദ്ധിപ്പിക്കുന്നു


കേരളം ഇനി എങ്ങനെ മുന്നോട്ടുപോകണം എന്നതായിരിക്കണം ഇന്നത്തെ ഏറ്റവും വലിയ ചര്‍ച്ചാവിഷയം. കേരള സര്‍ക്കാര്‍ വേണം ഇതിന് മുന്‍കൈ എടുക്കേണ്ടത്. ജിഎസ്‌ടി നഷ്ടപരിഹാരം അഞ്ചു വര്‍ഷത്തേക്കുകൂടി നീട്ടുക, സംസ്ഥാനങ്ങള്‍ക്ക് നല്കുന്ന കേന്ദ്ര വിഹിതം 50 ശതമാനമായി വര്‍ധിപ്പിക്കുക, കേരളത്തിന്റെ വിഹിതം ജനസംഖ്യാനുപാതികമായി കണക്കാക്കുക, റയില്‍വേ വികസനം ഉള്‍പ്പെടെ കേരളത്തിന് അര്‍ഹതപ്പെട്ട പദ്ധതികള്‍ വാങ്ങിയെടുക്കുക തുടങ്ങിയ കാര്യങ്ങളില്‍ കേരളത്തിന്റെ ശബ്ദം ഒരുമിച്ചുയരണം. പെട്രോളിയം ഉല്പന്നങ്ങളുടെ പുറത്തുള്ള അധിക എക്സൈസ് ഡ്യൂട്ടി ഉപേക്ഷിക്കാനും കൂട്ടായ ശ്രമം വേണം. അതോടൊപ്പം സംസ്ഥാനം ചെയ്യേണ്ട കാര്യങ്ങളും നിരവധിയാണ്. 2021 ഒക്ടോബര്‍ മാസത്തിലെ കണക്കുപ്രകാരം 2,44,315 കോടി രൂപ കേരളത്തില്‍ പ്രവാസി നിക്ഷേപമുണ്ട്. ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതികള്‍ ഉണ്ടായാല്‍ ഇതിന്റെ നാലിലൊന്നെങ്കിലും ഉപയോഗപ്പെടുത്താനാകും. ടൂറിസം രംഗത്തും സര്‍വീസ് രംഗത്തും വലിയ സാധ്യതയുണ്ട്. അത് ഉപയോഗപ്പെടുത്തണം. യൂറോപ്പ്, ജപ്പാന്‍, ഓസ്ട്രേലിയ തുടങ്ങി ലോകത്ത് 30ലധികം രാജ്യങ്ങളില്‍ പ്രൊഫഷണല്‍സിനെ തൊഴില്‍ രംഗത്ത് ആവശ്യമുണ്ട്. ഈ സാധ്യത ഉപയോഗപ്പെടുത്തണം. കേന്ദ്ര പദ്ധതികള്‍ ഉപയോഗപ്പെടുത്താന്‍ ഡല്‍ഹി കേരള ഹൗസില്‍ വിദഗ്ധ സംഘത്തെ ഏര്‍പ്പെടുത്തണം. പല സംസ്ഥാനങ്ങള്‍ക്കും ഇത്തരം സംവിധാനങ്ങള്‍ ഉണ്ട്. പരിസ്ഥിതിക്ക് ദോഷം വരാതെ വികസന കുതിപ്പിന് ഒട്ടേറെ വഴികളാണ് ലോകം കണ്ടെത്തിക്കൊണ്ടിരിക്കുന്നത്. യൂറോപ്പിലെ ചെറിയ രാജ്യങ്ങള്‍ പോലും കുതിച്ചുചാട്ടത്തിന്റെ പാതയിലാണ്. കേരളത്തിനും ഒട്ടേറെ നൂതന വഴികള്‍ കണ്ടെത്താനാകും. കേരളത്തിന്റെ കടക്കെണിയും കേന്ദ്ര സര്‍ക്കാരിന്റെ ദ്രോഹ നയങ്ങളും ഒരു പരിധിവരെയെങ്കിലും മറികടക്കണമെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ മുന്നിലില്ല. പുതിയ ബജറ്റിനുവേണ്ടിയുള്ള തയാറെടുപ്പ് നടക്കുന്ന ഘട്ടത്തില്‍ വ്യത്യസ്ത ചിന്തകള്‍ വഴി തുറക്കേണ്ടത് കാലത്തിന്റെ ആവശ്യമാണ്.

Exit mobile version