Site iconSite icon Janayugom Online

മനോയുടെ ‘ഏടാകൂടങ്ങള്‍’

കപ്പെട്ടുപോകുന്നൊരു വിഷമഘട്ടത്തെ വിശേഷിപ്പിക്കാനാണ് ഏടാകൂടമെന്ന പദം പണ്ടുകാലം മുതലെ നാം ഉപയോഗിച്ചുകൊണ്ടിരിക്കുന്നതെങ്കിൽ, വിദേശങ്ങളിൽനിന്നെത്തിയ ബ്ലോക്ക് പസിലും റൂബിക്സ് ക്യൂബും തല പുകയുന്ന ഈ നാടൻ പ്രശ്നത്തിന്റെ വെറും കുഞ്ഞനിയന്മാർ!

ഹംഗറിയിലെ കൊത്തുപണി വിദഗ്ദ്ധൻ എർണോ റൂബിക് 1974‑ൽ കണ്ടുപിടിച്ച റൂബിക്സ് ക്യൂബുംഅമേരിക്കക്കാരനായ സാം ലോയ്ഡ് 1880‑ൽ രൂപകൽപന ചെയ്ത സ്ലൈഡിങ് പസിലില്‍ നിന്ന് ജന്മമെടുത്ത വിവിധയിനം മാജിക് ബ്ലോക്കുകളും വിനോദത്തിനു വേണ്ടി കുട്ടികൾ ഉപയോഗിക്കുന്ന കളിപ്പാട്ടങ്ങളായിത്തന്നെ ഇന്നും നിലകൊള്ളുമ്പോൾ, ഏടാകൂടങ്ങൾ തുടക്കം മുതലേ കുഞ്ഞുങ്ങളുടെയും മുതിർന്നവരുടെയും ആകർഷണമാണ്.

പഴയകാലത്ത് നമ്മുടെ രാജകൊട്ടാരങ്ങളിലും പണ്ഡിതസദസുകളിലും എടാകൂടം ഒരു ബൗദ്ധിക വ്യായാമമായി പ്രയോഗത്തിലുണ്ടായിരുന്നു. തർക്കശാസ്ത്രത്തിൽ ഏർപ്പെടുന്നവരുടെ ധിഷണാവിലാസം തെളിയിക്കേണ്ടത് എടാകൂടങ്ങൾ അഴിച്ചുമാറ്റി പഴയ രൂപത്തിൽ കൂട്ടിചേർത്തുകൊണ്ടുമായിരുന്നു. അതിനാൽ, ഏടാകൂടത്തിലെ തോൽവി ഏറെ അപമാനകരമായാണ് കരുതപ്പെട്ടിരുന്നത്. ഏടികൂട നിര്‍മ്മിതിയില്‍ ശ്രദ്ധേനാകുകയാണ് പട്ടാമ്പിക്കടുത്തുള്ള ആറങ്ങോട്ടുകര നിവാസി മനോ. മരപ്പണി പരമ്പരാഗത തൊഴിലായി സ്വീകരിച്ച ഒരു കുടുംബത്തിലെ അംഗമല്ല മനോ.

സ്കൂൾ വിദ്യാർത്ഥിയായിരുന്ന കാലത്ത് പിതാവ് സമ്മാനമായി നൽകിയ ഒരു ഏടാകൂടത്തിൽനിന്നു ലഭിച്ച പരിജ്ഞാനമാണ് വർഷങ്ങൾക്കു ശേഷം അതുവരെ പഞ്ചവാദ്യത്തിലെ തിമില കലാകാരനായിരുന്ന മനോയെന്ന നാൽപതുകാരനെ എണ്ണം പറഞ്ഞൊരു ക്രാഫ്റ്റ്സ് മാനാക്കി മാറ്റിയത്.
“അച്ഛന് ആ ഏടാകൂടം തന്റെ സുഹൃത്തായിരുന്ന വയസുമൂത്തൊരു മരപ്പണിക്കാരൻ ചെയ്തു കൊടുത്തതായിരുന്നു. അതിന്റെ നിർമ്മാണ മികവും അത് കൂട്ടാനും അഴിക്കാനും ഉപയോഗിക്കേണ്ട സാങ്കേതികത്വവും എന്നെ വല്ലാതെ ആകർഷിച്ചു.” മനോ ഉള്ളുതുറന്നു.
മേളങ്ങളും, പൂരങ്ങളും, എഴുന്നെൊള്ളിപ്പുമില്ലാത്ത കൊറോണാ കാലക്കാലത്ത് തിമില തോളിൽനിന്ന് ഇറക്കേണ്ടിവന്നു. ഇക്കാലം മനോ ചിലവിട്ടത് ഏടാകൂട ഗവേഷണങ്ങളിലാണ്. അങ്ങനെ എൻജിനീയറിങ് ഡ്രോവിങ്ങളുടെയോ, മാതൃകാരൂപങ്ങളുടെയോ യാതൊരുവിധ സഹായവുമില്ലാതെ വിഭിന്നമായ ഏടാകൂടങ്ങൾ മനോയുടെ പണിപ്പുരയിൽ പിറവികൊണ്ടു ‑നക്ഷത്രവും, ചിത്രശലഭവും, കുതിരയും, ഇരട്ട ത്രികോണവും മുതൽ കാളവണ്ടി ചക്രം വരെയുള്ളത്, പന്ത്രണ്ടു മുതൽ ഇരുപത്തിനാലുവരെയുള്ള കട്ടകളിൽ!

“എന്റെ കുസൃതികൾ കൊള്ളാമോയെന്ന് നോക്കാനെത്തിയ ഒരാൾക്ക് 24 കട്ടകളുള്ള ഒരു ഏടാകൂടം ഞാൻ എടുത്തു കൊടുത്തു. അൽപനേരത്തെ പരിശോധനക്കൊടുവിൽ അദ്ദേഹം അതിലെ ലോക്ക് പീസ് കണ്ടുപിടിച്ചു. പിന്നെ താമസിച്ചില്ല, കഷ്ണങ്ങൾക്ക് നമ്പറുകൾ രേഖപ്പെടുത്തിക്കൊണ്ട് ഓരോന്നായി അഴിച്ചുമാറ്റി. എന്നാൽ, അന്നുമുഴുവനും പിറ്റേന്ന് അസ്തമയം വരെയും അത് സംയോജിപ്പിക്കാൻ അദ്ദേഹം പരമാവധി മിനക്കെട്ടു. പക്ഷേ, ഏടാകൂടം കൂടിയില്ല! പലകുറി അദ്ദേഹം 23 കഷ്ണങ്ങളെ കൂട്ടിച്ചേർത്തു, പക്ഷേ, ലോക്ക് പീസ് മുഴുവനായി ഉള്ളിലേക്ക് കയറിയില്ല. അത് വ്യത്യസ്ത ദൂരങ്ങളിൽ ചെന്നു മുട്ടിനിന്നു. ഏതെങ്കിലും ഒരു കഷ്ണം അടുക്കുമ്പോൾ പറ്റിയ വളരെ സൂക്ഷ്മമായൊരു അലൈൻമെന്റ് പിശക് മതി ലോക്ക് പീസിന് തടസം നിൽക്കാൻ.” മനോ വിവരിച്ചു.
സംഭ്രമിച്ചു, ഇതു ശരിയ്ക്കുമൊരു ഏടാകൂടമെന്നു അഭിപ്രായപ്പെട്ടു ഇറങ്ങിപ്പോകും മുന്നെ, ആ ഏടാകൂടം അദ്ദേഹത്തിനു മുമ്പിൽ മനോ നിമിഷങ്ങൾക്കകം കൂട്ടിച്ചേർത്തു കാണിച്ചു കൊടുത്തു!

ഏറ്റവും ചെറിയ ഏടാകൂടത്തിൽ മൂന്നു ബ്ലോക്കുകളാണുള്ളത്. ഈ വർക്കിൽ ലോക്ക് പീസ് ഇല്ല. രണ്ടെണ്ണം തുല്യമായ കോൺ അളവുകളിലും, മൂന്നാമത്തേത് മറ്റൊരു അളവിലും ഉള്ളവയാണ്. ഇവ വയ്ക്കേണ്ട രീതിയിൽ പിണച്ചുവച്ചു തിരിച്ചു മുറുക്കണം. പിന്നെയത് വേറിടണമെങ്കിൽ, അതിനു വിപരീത ദിശയിൽ അതേ കോണിലും അളവിലും തിരിച്ചു കറക്കണം. ലോക്ക് പീസ് ഇല്ലാതെ ഏടാകൂടങ്ങൾ കൂട്ടുന്നതും അഴിക്കുന്നതും കൂടുതൽ ശ്രമകരമാണ്.” ഏറെ ആവേശത്തോടെ ‘പുതിയ പെരുന്തച്ചന്‍’ വിശദീകരിച്ചു.
നിർമ്മിതിയിലെ മികവാണ് ഒരു ഏടകൂടത്തിന്റെ സങ്കീർണത നിശ്ചയിക്കുന്നത്. “അതുണ്ടാക്കുമ്പോൾ പുലർത്തുന്ന കൃത്യതയും, സൂക്ഷ്മതയും, സമഗ്രതയുമാണ് ഒരു ഏടാകൂടത്തെ ഒരു സമസ്യയാക്കുന്നത്. ” മനോ പറയുന്നു.
ഇതുവരെ അമ്പതിലേറെ തരം ഏടാകൂടങ്ങൾക്കു രൂപം നൽകിയതിൽ, വിഭാവനം ചെയ്യാനും തേക്കുതടിയിൽ അവ പ്രാവർത്തികമാക്കാനും ഏറ്റവും ക്ലേശം അനുഭവപ്പെട്ടത് തോക്കും, കപ്പലും, വിമാനവും നിർമിക്കുമ്പോഴായിരുവെന്ന് മനോ ഓർത്തെടുത്തു.
“ഒരിനം ഒരിക്കൽ നിർമ്മിച്ചാൽ, അത്തരത്തിൽപ്പെട്ടവ കൂടുതൽ എണ്ണം ചെത്തിമിനുക്കിയെടുക്കാൻ ബുദ്ധിമുട്ടില്ല.” മനോ വ്യക്തമാക്കി.

ജീവിതത്തിലേക്ക് അടുത്ത കാലത്തെത്തിയ പത്നി അനുവാണ് മനോ അണിയിച്ചൊരുക്കുന്ന ഏടാകുടങ്ങളെ ആദ്യം വിലയിരുത്തുന്നത്.
“ഒരു സാഹിത്യ നിരൂപക ഒരു പുതിയ പുസ്തകം വിലയിരുത്തന്നതുപോലെ, അനു കാര്യങ്ങൾ പറയും. ഒരു ആസ്വാദക എന്ന നിലയിൽ അവളുടെ കണ്ടെത്തലുകൾ ഏടാകൂടത്തിന്റെ ചന്തം വർദ്ധിപ്പിക്കുവാൻ എന്നെ സഹായിക്കുന്നു.” മനോയുടെ വാക്കുകളിൽ ഹൃദ്യത.
“ഒരു ആനയുടെ പണി ഏകദേശം പൂർത്തിയായിട്ടുണ്ട്. അതിന്റെ രൂപലാവണ്യത്തിൽ വിട്ടുവീഴ്ച ചെയ്യാതെയുള്ളൊരു സ്ഥലത്ത് ലോക്ക് പീസ് കൊണ്ടുവരുന്നതിന്റെ പരീക്ഷണങ്ങളാണ് ഇപ്പോൾ നടന്നുകൊണ്ടിരിക്കുന്നത്. ഉടനെ പൂർത്തിയാകുമെന്നു കരുതുന്നു.” മനോ പറഞ്ഞു.

പുതിയ തലമുറയുടെ മുമ്പിൽ ഏടാകൂടം അവതരിപ്പിക്കാൻ സ്കൂൾ‑കോളജ് തലത്തിലുള്ള പ്രദർശനങ്ങൾ സംഘടിപ്പിക്കുന്ന ചിന്തകളാണ് മനോയുടെ മനസിൽ ഇപ്പോഴുള്ളത്.
“ക്രോസ് വേഡ് പസിലും, ബ്ലോക്ക് പസിലും മാത്രം പരിചയമുള്ള ഇന്നത്തെ കുട്ടികൾക്ക് യഥാർത്ഥ പസിൽ എന്താണെന്ന് കാണിച്ചു കൊടുക്കണം.” മനോ പറഞ്ഞു നിറുത്തി.
തൃശ്ശൂർ‑പാലക്കാട് ജില്ലകളിലായി വിഭജിക്കപ്പെട്ടുകിടക്കുന്ന ആറങ്ങോട്ടുകരയെന്ന വിസ്തൃത ഗ്രാമത്തിന്റെ സമ്പന്നമായ നാട്ടുപൈതൃകം വീണ്ടെടുക്കണമെന്നും, നാടൻ കലാരൂപങ്ങൾക്കും കരകൗശല ശാഖകൾക്കും നവചൈതന്യം നൽകണമെന്നുമാണ് മനോയുടെ സ്വപ്നങ്ങൾ.

Exit mobile version