Site iconSite icon Janayugom Online

മോഡി സർക്കാരിന്റെ എട്ട് വർഷം; അപ്രത്യക്ഷമായത് 12 ലക്ഷം കോടി

നരേന്ദ്ര മോഡിയുടെ ഭരണത്തിന്റെ ആദ്യ എട്ട് വർഷത്തിനുള്ളിൽ വൻകിട കോർപറേറ്റുകള്‍ ബാങ്കുകളിൽ നിന്ന് 12 ലക്ഷം കോടി ആസൂത്രിതമായി തട്ടിയെടുത്തുവെന്ന് വിശ്വസിക്കാൻ വ്യക്തമായ കാരണങ്ങളുണ്ട്. സംരംഭക വായ്പകൾ എടുത്ത്, തിരിച്ചെടുക്കാനാകാത്ത നിഷ്ക്രിയ ആസ്തിയായി (എൻപിഎ) എഴുതിത്തള്ളിക്കൊണ്ട് ഇത് തികച്ചും ‘നിയമപര’മാക്കുകയാണ്. പൂർണമായ രാഷ്ട്രീയ പിന്തുണയില്ലാതെ ഇത്രയും ബൃഹത്തും സുഗമവുമായ പ്രവർത്തനം സാധ്യമല്ല. ബാങ്കിന്റെ ഉന്നതാധികാരികള്‍ക്കറിയാം രാഷ്ട്രീയ അധികാരത്തിന്റെ ഉന്നതിയിലുള്ളവര്‍ ഒരാള്‍ക്ക് വായ്പ കൊടുക്കാൻ പറഞ്ഞാൽ, ബാക്കി കാര്യങ്ങള്‍ അവര്‍ ചെയ്യുമെന്ന്. അപ്പോള്‍ ‘സാങ്കേതിക സാധ്യതയും തിരിച്ചടവ് ശേഷിയും’ മൂല്യനിർണയങ്ങളില്‍ തനിയേ ‘പോസിറ്റീവ്’ ആകുന്നു. ഇപ്പോൾ ജയിലിലായിട്ടുള്ള ഈ പട്ടികയിലെ ചുരുക്കം ചിലരാകട്ടെ രാഷ്ട്രീയ മേലാളന്മാരുടെ സംരക്ഷണം നഷ്ടമായവരോ, അവരെ ചൂഷണം ചെയ്യാന്‍ ശ്രമിച്ചവരോ ആണ്. ‘എൻപിഎ’ എന്നത് 90 ദിവസത്തിൽ കൂടുതല്‍ വരുന്ന വായ്പാ കുടിശികയെയാണ് സൂചിപ്പിക്കുന്നത്. എങ്കില്‍പ്പോലും ബാങ്കുകള്‍ ഒറ്റയടിക്ക് വായ്പാക്കാര്‍ക്ക് മേല്‍ നടപടിയെടുക്കാറില്ല.

ഇത്തരം കുടിശിക അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് വിവിധ ഘട്ടങ്ങളിലൂടെയാണ്. അതിനായി സബ്-സ്റ്റാൻഡേർഡ്, സംശയകരമായ ലെവൽ 1, സംശയകരമായ ലെവൽ 2 എന്നിങ്ങനെ വിവിധ മാനദണ്ഡങ്ങൾ പ്രകാരം ഇവയെ തരംതിരിക്കും. വായ്പയും പലിശയും തിരികെ ഈടാക്കാന്‍ ചുരുങ്ങിയത് നാല് വർഷത്തെ കാലാവധിക്ക് ശേഷമാണ് അവസാനഘട്ടമായ എഴുതിത്തള്ളലില്‍ എത്തുക. ഇളവുകളുടെയും വായ്പാ പുനഃസംഘടനയുടെയും എല്ലാ ഘട്ടങ്ങളും കടന്നാണ് ഇവിടെ വായ്പ നൽകിയ പണം വായുവിൽ അപ്രത്യക്ഷമായിരിക്കുന്നത്. എല്ലാ എൻപിഎകളും മനഃപൂർവം ഉണ്ടാക്കുന്നതല്ല എന്നത് വാസ്തവമാണ്. മൊത്തം വായ്പയുടെ രണ്ട് ശതമാനം വരെ എൻപിഎകളായി മാറിയേക്കാമെന്ന് അന്താരാഷ്ട്രതലത്തിൽ അംഗീകരിക്കപ്പെട്ടിട്ടുണ്ട്. ഇതിൽ ഒരു നിശ്ചിത ശതമാനം നിയന്ത്രണാതീതമായ ഘടകങ്ങൾ കാരണം എഴുതിത്തള്ളേണ്ടിവരും. ഇന്റർനാഷണൽ മോണിറ്ററി ഫണ്ടിന്റെ 2021 റിപ്പോർട്ട് അനുസരിച്ച് യുഎസിലും യുകെയിലും മൊത്തം വായ്പയില്‍ ഒരു ശതമാനമാണ് നിഷ്ക്രിയ അക്കൗണ്ടുകള്‍.


ഇതുകൂടി വായിക്കൂ: സംസ്ഥാനങ്ങളെ ശ്വാസം മുട്ടിക്കുന്ന കേന്ദ്ര നിലപാട് തിരുത്തണം


കാരണം, നിയന്ത്രണാധികാരികൾ കർശനനടപടികളാണെടുക്കുന്നത്. സാമ്പത്തിക ക്രമക്കേടുകൾ പുറത്തുവന്നാൽ ഭരണകൂടങ്ങൾ തന്നെ പുറത്തു പോകേണ്ടിവരും. കാനഡ ഇതിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നു, 0.4 ശതമാനമാണ് അവിടെ എന്‍പിഎ. ഇതേ ശ്രേണിയിൽ ദക്ഷിണ കൊറിയയും (2020‑ൽ 0.2) സ്വിറ്റ്സർലൻഡും (0.7) ഉണ്ട്. സാമ്പത്തിക കുറ്റം വളരെ കർക്കശമായ ചൈന എന്‍പിഎ അനുപാതം 1.7 ശതമാനമായി നിലനിർത്തുന്നു. മലേഷ്യയും അത് 1.7 ആയി നിർത്തുന്നു. അതേസമയം ഭൂപ്രഭുക്കളുമായി ചങ്ങാത്തത്തിലുള്ള റഷ്യയിലെ എന്‍പിഎ 8.3 ശതമാനമാണ്. മോഡിഭരണത്തിന്റെ ഭൂരിഭാഗം വർഷങ്ങളിലും ഇന്ത്യയുടെ എൻപിഎ അനുപാതം റഷ്യയുടേത് പോലെ ഉയര്‍ന്നനിലയിലായിരുന്നു. പക്ഷേ മുഖ്യധാരാ മാധ്യമങ്ങൾ ഒരിക്കലും ഈ അവസ്ഥയെ കുറിച്ച് പുറംലോകത്തെ അറിയിച്ചില്ല. ഇക്കഴിഞ്ഞ ഡിസംബർ 13 ന് രാജ്യസഭയിൽ ഒരു ചോദ്യത്തിന് ധനമന്ത്രി പറഞ്ഞ മറുപടിയില്‍ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ മൊത്തത്തിലുള്ള എൻപിഎ 2014 ലെ 4.1 ൽ നിന്ന് 2018 മാര്‍ച്ചില്‍ 11.46 ശതമാനമായി ഉയർന്നുവെന്ന് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ഏഴ് വർഷത്തിനിടയില്‍ 12.17 ശതമാനമായി ഉയര്‍ന്ന അവസ്ഥയുണ്ടായിരുന്നെന്നും ധനമന്ത്രി പറഞ്ഞു. 2022 മാർച്ച് 31 ന് 5.9 ആയി എന്‍പിഎ കുറഞ്ഞുവെങ്കിലും സെപ്റ്റംബറിൽ വീണ്ടും 6.5 ശതമാനമായി ഉയർന്നു.

2022 ഡിസംബർ 29 ലെ ആർബിഐയുടെ സാമ്പത്തിക സ്ഥിരത റിപ്പോർട്ട് പറയുന്നത് 2023 സെപ്റ്റംബറിൽ പൊതുമേഖലാ ബാങ്കുകളുടെ എന്‍പിഎ അനുപാതം 9.4 ആയി ഉയർന്നേക്കാമെന്നാണ്. ഇത് സ്വകാര്യ ബാങ്കുകളില്‍ 5.8 വരെയും വിദേശ ബാങ്കുകളില്‍ 4.1 വരെയും ഉയർന്നേക്കാം. രണ്ടാം യുപിഎ ഭരണ കാലത്ത് പൊതുമേഖലാ ബാങ്കുകൾ പ്രതിവർഷം 35,000 മുതൽ 50, 000 കോടി രൂപ വരെ ലാഭം നേടിയിരുന്നത് നാം ഓർക്കണം. എന്നിട്ടും, എൻഡിഎ ഭരണത്തിന്റെ ആദ്യ നാല് വർഷത്തിനുള്ളിൽ (2015–16 മുതൽ 2019–20 വരെ) അതേ ബാങ്കുകൾക്ക് എൻപിഎ വഴി നഷ്ടം രണ്ട് ലക്ഷം കോടി രൂപ. മുൻ ആർബിഐ ഗവർണറും സാമ്പത്തിക വിദഗ്ധനുമായ മൻമോഹൻ സിങ് പ്രധാനമന്ത്രിയായിരുന്ന 2009–14 കാലത്ത് 1.93 ലക്ഷം കോടി നിഷ്ക്രിയ ആസ്തിയായി നീക്കിവച്ചതുമുതല്‍ ഈ ജീര്‍ണത ആരംഭിച്ചിരിക്കാം. അപ്പോഴും എൻപിഎ അനുപാതം 3–4 ശതമാനമായിരുന്നു. 2015–16 മുതൽ 2019–20 വരെയുള്ള അഞ്ച് വർഷത്തിനുള്ളിൽ ബാങ്കുകൾക്ക് നഷ്ടമുണ്ടാക്കുന്ന എൻപിഎകൾ അഞ്ചിരട്ടിയാക്കിയതിന്റെ ക്രെഡിറ്റ് തീര്‍ച്ചയായും നിലവിലെ പ്രധാനമന്ത്രിക്ക് നല്‍കാവുന്നതാണ്. മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് 10 വർഷം 112 തിരച്ചിലുകൾ നടത്തിയ അതേ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) മോഡിയുടെ ആദ്യ എട്ട് വർഷങ്ങളിൽ അതിന്റെ പ്രവർത്തനം 27 മടങ്ങ് വർധിപ്പിച്ചുവെന്നതും ഇതോടൊപ്പം പരിശോധിക്കേണ്ടതാണ്.


ഇതുകൂടി വായിക്കൂ: വെറുംവാക്കുകള്‍ കൊണ്ട് അന്നം മുട്ടിക്കരുത്


മുൻ ഭരണത്തിൽ അനുവദിച്ച സംശയാസ്പദമായ വായ്പകളുടെ ഒരു ഭാഗം എൻഡിഎയുടെ ആദ്യ വർഷങ്ങളിലെ കണക്കുകളില്‍ ഉള്‍പ്പെടാന്‍ സാധ്യതയുണ്ട്. എന്നാൽ ഏകദേശം ഒമ്പത് വർഷമായി മോഡിയുടെ കീഴിലായതിനാൽ, നഷ്ടമുണ്ടാക്കുന്ന വായ്പകളുടെ സിംഹഭാഗവും അദ്ദേഹത്തിന്റെ ഭരണകാലത്തായിരിക്കുമെന്നുറപ്പാണ്. കോർപറേറ്റ് ചങ്ങാതികൾക്ക് വഴിവിട്ട് വായ്പ നൽകുന്നതാണ് പ്രധാന കാരണം. നീരവ് മോഡി, മെഹുൽ ചോക്സി എന്നിവരെ പോലുള്ള തട്ടിപ്പുകാരിൽ ഭൂരിഭാഗവും പ്രധാനമന്ത്രിയുമായോ ബിജെപിയുമായോ ബന്ധമുണ്ടെന്ന് ആരോപണമുണ്ട്. അംബാനി ഗ്രൂപ്പ് കമ്പനികളില്‍ മിക്കതും പാപ്പരത്ത നടപടികളെ അഭിമുഖീകരിക്കുമ്പോഴും ബാങ്കുകൾക്ക് നൽകാനുള്ള ഒരു ലക്ഷം കോടി രൂപയെക്കുറിച്ച് ഭയാനകമായ നിശബ്ദതയാണ് ഭരണകൂടത്തില്‍ നിന്നുണ്ടാകുന്നത്. മോഡി ഒരിക്കലും തന്റെ കോർപറേറ്റ് പക്ഷപാതിത്തം മറച്ചുവെച്ചിട്ടില്ല. മൻമോഹൻ സിങ്ങിന്റെ രണ്ടാം ഭരണകാലത്ത് കോർപറേറ്റ് നികുതി പിരിവ് ജിഡിപിയുടെ 3.34 ശതമാനമായിരുന്നത് നിലവില്‍ 2.3 ആയി കുത്തനെ കുറഞ്ഞുവെന്ന് വി രംഗനാഥൻ ചൂണ്ടിക്കാട്ടുന്നു. തൽഫലമായി, ജിഎസ്‌ടി, കേന്ദ്ര നികുതികൾ, തീരുവകൾ, വ്യക്തിഗത ആദായനികുതി എന്നിവയുടെ അമിതനിരക്കുകളിലൂടെ സാധാരണ പൗരന്മാരാണ് നികുതിഭാരം വഹിക്കുന്നത്.

കോർപറേറ്റുകൾക്ക് സമ്മാനമായി നല്‍കിയ ജിഡിപിയുടെ ഒരു ശതമാനം, മോഡി സര്‍ക്കാര്‍ രാജ്യത്തെ മുഴുവൻ വിദ്യാഭ്യാസ മേഖലയ്ക്കും വേണ്ടി ചെലവഴിക്കുന്ന തുകയ്ക്കാെപ്പമാണ്. ഗുജറാത്ത് ആസ്ഥാനമായുള്ള കപ്പൽനിർമ്മാണ സ്ഥാപനമായ എബിജി ഷിപ്‍യാർഡ് പൊതുമേഖലയിലെയും സ്വകാര്യമേഖലയിലെയും 28 ബാങ്കുകളുടെ കൺസോർഷ്യത്തിൽ നിന്ന് 22,800 കോടി വഞ്ചിച്ചു. മനഃപൂർവം കുടിശിക വരുത്തുന്നവർക്ക് ഭരണകൂടത്തിന്റെ പ്രത്യക്ഷവും പരോക്ഷവുമായ സഹായമില്ലാതെ രക്ഷപ്പെടാനോ വിദേശങ്ങളിലേക്ക് ചേക്കേറാനോ കഴിയില്ലല്ലോ. പാപ്പരത്ത നടപടികളിൽ ഉൾപ്പെട്ടിരിക്കുന്ന 13 വൻകിട എൻപിഎകളുടെ ‘രക്ഷാപ്രവർത്തന’ങ്ങളെക്കുറിച്ച് പഠിച്ച ഓൾ ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷൻ ഞെട്ടിക്കുന്ന സത്യമാണ് പുറത്തുവിട്ടത്. 4.47 ലക്ഷം കോടി വരുന്ന എൻപിഎയുടെ 64 ശതമാനവും നഷ്ടപ്പെട്ടു. തട്ടിപ്പ് നടത്തുന്ന കോർപറേറ്റുകളുടെ സ്വകാര്യ സമ്പത്തും ആഡംബരവും വർധിക്കുമ്പോൾ, ചെറുകിട, കൃഷി, എംഎസ്എംഇ വിഭാഗങ്ങളിലെ ചെറുകിട ഇടപാടുകാരെ ബാങ്കുകൾ വേട്ടയാടുന്നു.


ഇതുകൂടി വായിക്കൂ: ഉപഭോക്താക്കള്‍ രാജാക്കന്മാരല്ലാതാകുമ്പോള്‍


ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകളുടെ 2014–15 മുതൽ 2021–22 വരെയുള്ള മൊത്തം എൻപിഎ 66.5 ലക്ഷം കോടിയാണ്. കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിൽ ഷെഡ്യൂൾഡ് വാണിജ്യ ബാങ്കുകൾ 10.09 ലക്ഷം കോടി രൂപ എഴുതിത്തള്ളി എന്നാണ് 2022 ഡിസംബർ 18 ല്‍ ധനകാര്യമന്ത്രി പ്രസ്താവിച്ചത്. ഈ അഞ്ചുവർഷത്തെ മൊത്തം എൻപിഎ 48.21 ലക്ഷം കോടിയായതിനാൽ, എഴുതിത്തള്ളിയത് 22.34 ശതമാനം ആണ്. മോഡിയുടെ ആദ്യ എട്ടുവർഷത്തെ മൊത്തം നിഷ്ക്രിയ ആസ്തി 66.5 ലക്ഷം കോടി രൂപയാണെന്നിരിക്കെ എഴുതിത്തള്ളിയത് 14.5 ലക്ഷം കോടി രൂപയാണെന്ന് കണക്കാക്കാം. അഞ്ച് വർഷത്തിനിടയില്‍ നിഷ്ക്രിയ ആസ്തിയിലെ 13 ശതമാനം വീണ്ടെടുത്തുവെന്ന് പറയുന്നുണ്ട്. ഇത് 10.09 ലക്ഷം കോടിയാണ്. അപ്പോഴും 8.8 ലക്ഷം കോടിയിലധികം തിരിച്ചെടുക്കാനാവാത്തവിധം അപ്രത്യക്ഷമായി. എഴുതിത്തള്ളിയ തുകയായ 14.5 ലക്ഷം കോടിയുടെ 20 ശതമാനം തിരിച്ചെടുക്കുമെന്ന് അനുമാനിച്ചാല്‍ പോലും മോഡിയുടെ ആദ്യ എട്ടുവർഷ ഭരണത്തിനിടയിൽ രാജ്യത്തിന് കുറഞ്ഞത് 11.6 ലക്ഷം കോടി രൂപ എന്നെന്നേക്കുമായി നഷ്ടപ്പെട്ടുവെന്നാണ് അർത്ഥം. ഈ തുക അര ഡസൻ വലിയ സംസ്ഥാനങ്ങളുടെ വാർഷിക വരുമാനവും ബജറ്റും ഒന്നിച്ചു ചേർത്തതിനേക്കാൾ കൂടുതലാണ്. (കടപ്പാട്: ദി വയര്‍)

Exit mobile version