സൂപ്പർ ഹിറ്റുകളായ പ്രേമലുവിനും തല്ലുമാലക്കും ശേഷം നസ്ലിനും, ഖാലിദ് റഹ്‌മാനും ഒന്നിക്കുന്ന ‘ആലപ്പുഴ ജിംഖാന’യുടെ ട്രെയ്‌ലർ പുറത്തിറക്കി. പ്രേമലു, അയാം കാതലൻ എന്നീ ചിത്രങ്ങൾക്ക് ശേഷം നസ്ലിൻ നായകനാകുന്ന ചിത്രം ആക്ഷൻ കോമഡി സ്വഭാവത്തിലാണ് ഒരുക്കിയിരിക്കുന്നത്. ഖാലിദ് റഹ്മാനൊപ്പം ശ്രീനിഷ് ശശീന്ദ്രനും ചേർന്നാണ് ആലപ്പുഴ ജിംഖാനയുടെ തിരക്കഥയൊരുക്കിയിരിക്കുന്നത്.
പ്ലസ് 2 പരീക്ഷ തോറ്റ ശേഷം ഒരു കോളജിൽ അഡ്മിഷൻ കിട്ടാൻ ഗ്രേസ് മാർക്കിന് വേണ്ടി ബോക്സിങ് കോമ്പറ്റീഷനിൽ മത്സരിക്കാൻ ഇറങ്ങി തിരിക്കുന്ന ഒരുകൂട്ടം വിദ്യാർത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. വിഷ്ണു വിജയ് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കുന്ന ചിത്രത്തിലെ ‘എവരിഡേ’ എന്ന ഗാനം ഇതിനകം 25 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കിയിട്ടുണ്ട്. അടുത്തിടെ വിട വാങ്ങിയ നിഷാദ് യൂസഫ് എഡിറ്റിംഗ് കൈകാര്യം ചെയ്ത് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത് ജിംഷി ഖാലിദ് ആണ്. നസ്ലിനൊപ്പം അനഘ രവി, ലുക്ക്മാൻ അവറാൻ, ബേബി ജീൻ, സന്ദീപ് പ്രതാപ്, നോയ്‌ല ഫ്രാൻസി, തുടങ്ങിയവരും പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നുണ്ട്. ഇതിനകം 14 ലക്ഷം കാഴ്ചക്കാരെ ചിത്രത്തിന്റെ ട്രെയ്ലർ യൂട്യൂബിൽ സ്വന്തമാക്കിയിട്ടുണ്ട്.