മലയാളത്തിലെ എക്കാലത്തെയും ഉയർന്ന കളക്ഷൻ നേടി ‘ലോക ചാപ്റ്റർ വണ്‍ ചന്ദ്ര’. 267 കോടി ആഗോള കളക്ഷൻ നേടിയാണ് ചിത്രം ഈ ചരിത്ര നേട്ടം സ്വന്തമാക്കിയത്. റിലീസ് ചെയ്ത് 24 ദിവസം കൊണ്ടാണ് ചിത്രം ഈ നേട്ടം സ്വന്തമാക്കിയത്. കല്യാണി പ്രിയദർശൻ കേന്ദ്രകഥാപാത്രമായ ചിത്രത്തിൽ നസ്‌ലനും പ്രധാന വേഷം കൈകാര്യം ചെയ്യുന്നുണ്ട്.
മലയാളത്തിലെ മാത്രമല്ല, തെന്നിന്ത്യൻ സിനിമയുടെ ചരിത്രത്തിൽ തന്നെ ഒരു നായികാതാരം കേന്ദ്രകഥാപാത്രമായ വേഷത്തിൽ എത്തിയ ചിത്രം നേടുന്ന ഏറ്റവും വലിയ ആഗോള കളക്ഷൻ ആണ് ‘ലോക’ സ്വന്തമാക്കിയത്. ‘മഞ്ഞുമ്മൽ ബോയ്സി’ന്റെ റെക്കോർഡ് തകർത്ത് ഈ വർഷം ഇൻഡസ്ട്രി ഹിറ്റായി മാറിയ മോഹന്‍ലാല്‍ ചിത്രം ‘എമ്പുരാന്റെ’ റെക്കോർഡാണ് ലോക മറികടന്നത്. 266.81 കോടി രൂപയാണ് ആഗോള തലത്തില്‍ പൃഥ്വിരാജ് സംവിധാനം ചെയ്ത ‘എമ്പുരാന്‍’ കളക്ട് ചെയ്തത്.
മലയാളത്തിൽ ഏറ്റവും വേഗത്തിൽ നൂറ് കോടി നേടുന്ന മൂന്നാമത്തെ സിനിമയും നൂറ് കോടി ക്ലബ്ബില്‍ ഇടംപിടിക്കുന്ന പന്ത്രണ്ടാമത്തെ സിനിമയുമാണ് ഈ ഡൊമിനിക് അരുൺ ചിത്രം. ഇന്ത്യയിൽ നിന്ന് മാത്രം 150 കോടി രൂപ കളക്‌ഷൻ നേടുന്ന രണ്ടാമത്തെ മലയാള ചിത്രമാണ് ‘ലോക’. കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടുന്ന രണ്ടാമത്തെ ചിത്രവും ‘ലോക’യാണ്. ബുക്ക് മൈ ഷോയില്‍ ഓൾ ടൈം റെക്കോർഡും ചിത്രം സ്വന്തമാക്കിയിരുന്നു. ഒരു മലയാള സിനിമയ്ക്ക് ബുക്ക് മൈ ഷോ വഴി ലഭിച്ച ഏറ്റവും ഉയർന്ന ടിക്കറ്റ് വിൽപ്പനയാണ് ‘ലോക’യുടേത്. 4.51 ലക്ഷം ടിക്കറ്റുകൾ ബുക്ക് മൈ ഷോ വഴി വിറ്റ ‘തുടരും’ സിനിമയുടെ റെക്കോർഡ് മറികടന്നായിരുന്നു ‘ലോക’യുടെ ഈ നേട്ടം.

