Site iconSite icon Janayugom Online

കശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായി ഏറ്റുമുട്ടല്‍; ഒരു ജവാന് വീരമൃത്യു

ജമ്മുകശ്മീരിലെ ഉധംപൂരില്‍ ഭീകരരുമായുള്ള ഏറ്റുമുട്ടലില്‍ ഒരു ജവാന് വീരമൃത്യു. അതേസമയം പ്രദേശത്ത് ഭീകരര്‍ക്കായുള്ള തിരച്ചില്‍ തുടരുന്നു. ഉധംപൂരിലെ ഡുഡു ബസന്ത്ഗഡ് ഏരിയയിലാണ് ഏറ്റുമുട്ടലുണ്ടായത്. ഭീകര സാന്നിധ്യമുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് നടത്തിയ തിരച്ചിലിനിടെയാണ് ആക്രമണം. ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഉധംപൂരിലെ ബസന്ത്ഗഡില്‍ സൈന്യവും ജമ്മു കശ്മീര്‍ പൊലീസും സംയുക്തമായി തിരച്ചില്‍ നടത്തിയതെന്ന് സൈന്യത്തിന്റെ വൈറ്റ് നൈറ്റ് കോര്‍പസ് എക്‌സില്‍ വ്യക്തമാക്കി.

അതേസമയം, ബാരാമുള്ളയില്‍ ഭീകരരര്‍ നുഴഞ്ഞുകയറ്റശ്രമം നടത്തി.ഇവിടെ രണ്ട് ഭീകരരെ വധിച്ചു. പ്രദേശത്ത് സൈന്യം തിരച്ചില്‍ നടത്തുകയാണ്. പഹല്‍ഗാമില്‍ 26 പേര്‍ കൊല്ലപ്പെടാനിടയായ ഭീകരാക്രമണത്തിന് പിന്നാലെ പാകിസ്ഥാന്‍ സര്‍ക്കാരിന്റെ എക്‌സ് അക്കൗണ്ടിന് ഇന്ത്യയില്‍ വിലക്ക്. സിന്ധു നദീജല കരാര്‍ മരവിപ്പിച്ചതടക്കമുള്ള കടുത്ത നടപടികള്‍ക്ക് ശേഷമാണ് പുതിയ നീക്കം. സിന്ധുനദീജല കരാര്‍ മരവിപ്പിച്ചത് അപക്വമെന്നാണ് പാകിസ്ഥാന്റെ പ്രതികരണം. ഇന്ത്യയുടെ നടപടി ഭീരുത്വമെന്നും, അപക്വമെന്നും പാകിസ്താന്‍ ഊര്‍ജമന്ത്രി അവൈസ് ലെഗാരി പറഞ്ഞു. ഇന്ത്യയുടെ ജലയുദ്ധം അനധികൃതമെന്നും പാകിസ്താന്‍ സിന്ധുനദിയിലെ ഓരോ ജലതുള്ളിയിലും തങ്ങളുടെ അവകാശമാണെന്നും എന്ത് വില കൊടുത്തും പ്രതിരോധിക്കുമെന്നും മന്ത്രി പറയുന്നു.അതേസമയം കറാച്ചി തീരത്തിന് സമീപം മിസൈല്‍ പരീക്ഷണ നീക്കവുമായി പാകിസ്താന്‍ രംഗത്തെത്തി. 

Exit mobile version