Site icon Janayugom Online

ലഹരിവസ്തുക്കളുടെ ഉപയോ​ഗം പ്രോത്സാഹിപ്പിച്ചു; സംവിധായകന്‍ ഒമർ ലുലുവിനെതിരെ കേസ്

ഒമർ ലുലു സംവിധാനം ചെയ്ത നല്ല സമയം ചിത്രത്തിനെതിരെ എക്സൈസ് കേസ്. സിനിമയുടെ ടീസറിൽ ലഹരിമരുന്നായ എംഡിഎംഎയുടെ ഉപയോഗത്തെ പ്രോത്സാഹിപ്പിക്കുന്ന ദൃശ്യങ്ങൾ കാണിക്കുന്നുണ്ടെന്ന പരാതിയിലാണ് എൻഡിപിഎസ്, അബ്കാരി നിയമങ്ങൾ ചുമത്തി കേസെടുത്തത്. സിനിമയുടെ സംവിധായകൻ ഒമർ ലുലുവിനും നിർമാതാവിനും നോട്ടീസ് അയച്ചിട്ടുണ്ട്. ഒമർ ലുലുവിനെതിരെയാണ് കോഴിക്കോട് റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ കെ സുധാകരൻ കേസെടുത്തത്. ട്രെയിലറിനെതിരെ നിരവധി പരാതികൾ ലഭിച്ചിരുന്നതായി എക്സൈസ് ഉദ്യോഗസ്ഥർ പറയുന്നു. 

വെള്ളിയാഴ്ചയാണ് നല്ല സമയം തിയേറ്ററുകളിലെത്തിയത്. ചിത്രത്തിന്റെ കഴിഞ്ഞദിവസം പുറത്തിറങ്ങിയ ടീസറിൽ കഥാപാത്രങ്ങൾ മാരക ലഹരി വസ്തുവായ എംഡിഎംഎ ഉപയോ​ഗിക്കുന്നരം​ഗമാണ് മുഴുനീളം. ഇതിന്റെ ഉപയോ​ഗം പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ള സംഭാഷണങ്ങളും ഒപ്പം ചേർത്തിരുന്നു. ഇതാണ് പരാതിയിലേക്കും ഒമർ ലുലുവിനും നിർമാതാവിനുമെതിരെയുള്ള നടപടിയിലേക്കും നയിച്ചത്. സിനിമയ്ക്ക് സെൻസർ ബോർഡ് എ സർട്ടിഫിക്കറ്റാണ് നൽകിയിരിക്കുന്നത്. 

ഇർഷാദാണ് ചിത്രത്തിൽ നായകൻ. നീന മധു, ഗായത്രി ശങ്കർ, നോറ ജോൺസൺ, നന്ദന സഹദേവൻ, സുവൈബത്തുൽ ആസ്ലമിയ്യ എന്നീ പുതുമുഖങ്ങളാണ് നായികമാർ. ശാലു റഹീം, ശിവജി ഗുരുവായൂർ, ജയരാജ് വാരിയർ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ഹാപ്പി വെഡ്ഡിങ്, ചങ്ക്സ്, ഒരു അഡാറ് ലൗ, ധമാക്ക എന്നീ സിനിമകൾക്കു ശേഷം ഒമർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘നല്ല സമയം’.

Eng­lish Summary;encouraged drug use; Case against direc­tor Omar Lulu
You may also like this video

Exit mobile version