Site iconSite icon Janayugom Online

പാകിസ്ഥാനെതിരായ പരമ്പര പിടിക്കാന്‍ ഇംഗ്ലണ്ട്; വിജയലക്ഷ്യം 297

പാകിസ്ഥാനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇംഗ്ലണ്ടിന് 297 റണ്‍സ് വിജയലക്ഷ്യം. മൂന്നാം ദിനം സ്റ്റമ്പെടുക്കുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 36 റണ്‍സെന്ന നിലയിലാണ് ഇംഗ്ലണ്ട്. ഒലി പോപ്പും (21), ജോ റൂട്ടുമാണ് (12) ക്രീസില്‍. സാക് ക്രൗളി (മൂന്ന്), ബെന്‍ ഡക്കറ്റ് (പൂജ്യം) എന്നിവരുടെ വിക്കറ്റുകളാണ് ഇംഗ്ലണ്ടിന് നഷ്ടമായത്. പാകിസ്ഥാനായി സജീദ് ഖാന്‍, നൊമാന്‍ അലി എന്നിവര്‍ ഓരോ വിക്കറ്റ് വീതം നേടി. രണ്ട് ദിവസം ബാക്കി നില്‍ക്കെ 261 റണ്‍സ് കൂടി വേണം ഇംഗ്ലണ്ടിന് വിജയിക്കാന്‍.

പാകിസ്ഥാന്റെ ആദ്യ ഇന്നിങ്സ് സ്കോറായ 366ന് മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 291 റണ്‍സിന് ഓള്‍ഔട്ടായി. 114 റണ്‍സ് നേടിയ ബെന്‍ ഡക്കറ്റിന്റെ കരുത്തിലാണ് ഇംഗ്ലണ്ട് കരകയറിയത്. ജാക്ക് ലീഷ് വാലറ്റത്തില്‍ 25 റണ്‍സുമായി പുറത്താകാതെ നിന്നു. ഏഴ് വിക്കറ്റുമായി സാജിദ് ഖാനാണ് ഇംഗ്ലണ്ടിന്റെ നടുവൊടിച്ചത്. നോമന്‍ അലി മൂന്ന് വിക്കറ്റ് നേടി. ആദ്യ ഇന്നിങ്സില്‍ പാകിസ്ഥാനായി കമ്രാന്‍ ഗുലാം (118) സെഞ്ചുറി നേടിയിരുന്നു.

75 റണ്‍സിന്റെ ലീഡുമായി രണ്ടാം ഇന്നിങ്സിനിറങ്ങിയ പാകിസ്ഥാനെ ഇംഗ്ലണ്ട് 221 റണ്‍സിന് എറിഞ്ഞിട്ടു. ഇതോടെ ഇംഗ്ലണ്ടിന്റെ വിജയലക്ഷ്യം 297 റണ്‍സായി. പാകിസ്ഥാനായി ആഗ സല്‍മാന്‍ (63) അര്‍ധസെഞ്ചുറി നേടി. 31 റണ്‍സെടുത്ത സൗദ് ഷക്കീലാണ് മറ്റൊരു പ്രധാന സ്കോറര്‍. മറ്റാര്‍ക്കും തിളങ്ങാനായില്ല. ഇംഗ്ലണ്ടിനായി ഷൊയ്ബ് ബഷീര്‍ നാല് വിക്കറ്റും ജാക്ക് ലീച്ച് മൂന്ന് വിക്കറ്റും നേടി.
അതേസമയം ആദ്യ മത്സരത്തില്‍ വിജയം നേടിയിരുന്നു. അതിനാല്‍ ഈ ടെസ്റ്റില്‍ വിജയിക്കാനായാല്‍ പരമ്പര സ്വന്തമാക്കാം. മൂന്ന് മത്സരങ്ങളാണ് പരമ്പരയിലുള്ളത്.

Exit mobile version