ഒപ്പനയും നാടകവും നാടോടിനൃത്തവും ഉൾപ്പെടെ ജനപ്രിയ ഇനങ്ങൾ അരങ്ങുതകർത്ത രണ്ടാം ദിനത്തിൽ കലോത്സവ വേദികളിലേക്ക് കോഴിക്കോട് ഒന്നാകെ ഒഴുകിയെത്തി. രാവിലെ പ്രധാന വേദിയിൽ നാടോടിനൃത്തം ആരംഭിച്ചപ്പോൾ തന്നെ ജനം തിങ്ങിനിറഞ്ഞിരുന്നു. ഉച്ചയ്ക്ക് ശേഷം മണവാട്ടികൾക്കൊപ്പം താളമിട്ട് മൊഞ്ചത്തിമാർ എത്തിയതോടെ വിക്രം മൈതാനം കവിഞ്ഞൊഴുകി. രാത്രി വൈകി ഒപ്പന മത്സരം അവസാനിക്കുന്നതുവരെ അതിരാണിപ്പാടം ജനസാഗരമായി. പുറത്ത് നിന്നുകൊണ്ടാണ് കലാസ്വാദകർ ഒപ്പന ആസ്വദിച്ചത്.
ഹയർ സെക്കന്‍ഡറി വിഭാഗം നാടകം, ദഫ് മുട്ട്, കോൽക്കളി മത്സര വേദികളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്. പ്രവൃത്തി ദിവസമായിട്ടുപോലും കുട്ടികളും സ്ത്രീകളുമടക്കം ഒഴുകിയെത്തി. കോവിഡ് കവർന്ന കലോത്സവ കാലത്തെ ആസ്വാദകർ തിരികെ പിടിക്കുന്ന കാഴ്ചയാണ് കോഴിക്കോട് കാണാനാവുന്നത്.
കലോത്സവ വേദികളിൽ സുരക്ഷയൊരുക്കാൻ പൊലീസും ഇന്ത്യൻ റിസർവ് ബറ്റാലിയനും രംഗത്തുണ്ട്. വരുന്ന മൂന്നു നാളുകൾ കൂടുതല്‍ ജനം ഒഴുകിയെത്തുമെന്നാണ് പ്രതീക്ഷ.
കലോത്സവം രണ്ട് ദിവസം പിന്നിട്ടപ്പോൾ 428 പേയിന്റുമായി കണ്ണൂരാണ് മുന്നിൽ. 425 പോയിന്റുമായി കോഴിക്കോട് തൊട്ടുപിന്നിലുണ്ട്. 424 പോയിന്റുമായി പാലക്കാടാണ് മൂന്നാം സ്ഥാനത്ത്. തൃശൂർ 411, എറണാകുളം 397 എന്നിങ്ങനെയാണ് പോയിന്റ് നില.
ഇത്തവണ അപ്പീലുകളുടെ എണ്ണത്തിൽ വലിയ കുറവുണ്ടായി. ഹൈക്കോടതിയുടെ ശക്തമായ ഇടപെടലുകളും അപ്പീൽ പ്രവാഹത്തിന് തടയിട്ടു. ഹൈക്കോടതിവഴി ഇത്തവണ അപ്പീലുകള്‍ അനുവദിച്ചിരുന്നില്ല. ആകെ 255 അപ്പീലുകളാണ് ഇതുവരെ ലഭിച്ചത്. വിവിധ ജില്ലാ വിദ്യാഭ്യാസ ഡയറക്ടർ ഓഫീസ് മുഖേന 191, കോടതി വഴി 64 അപ്പീലുകള്‍ ലഭിച്ചു. നൃത്ത ഇനങ്ങളിലാണ് പതിവുപോലെ ഇത്തവണയും കൂടുതൽ അപ്പീലുകൾ.
English Summary: School Art Festival: First Day Kannur First
You may also like this video