Site iconSite icon Janayugom Online

അഭിമാനമായി സംരംഭക കേരളം

ഭൂമിശാസ്ത്രപരമായും മറ്റും നിരവധി പരിമിതികൾ ഉള്ളപ്പോഴും ഒട്ടേറെ മികവുകളും മൗലികമായ സവിശേഷതകളും കേരളത്തിന്റെ വ്യവസായ മേഖലയ്ക്കുണ്ട്. കേരള മാതൃകയെന്ന് വിശേഷിപ്പിക്കപ്പെട്ട സാമൂഹ്യവികാസ സൂചികകൾ പോലെ തന്നെ പ്രധാനപ്പെട്ടതാണ് വ്യവസായ മേഖലയുടെ മേന്മകളും. ഇന്ത്യയിലെ ഉയർന്ന ആളോഹരി വരുമാനമുള്ള സംസ്ഥാനമാണ് നമ്മുടേത്. ദേശീയതലത്തിൽ ഏറ്റവും മികച്ച വേതനഘടന നിൽക്കുന്നുണ്ടിവിടെ. പൊതുമേഖലയെ കയ്യൊഴിയുന്ന പൊതു ദേശീയധാരയുടെ വിപരീതദിശയിലാണ് നമ്മുടെ സഞ്ചാരം. പരമ്പരാഗത മേഖലകൾ ശക്തിപ്പെടുത്തി സംരക്ഷിച്ച് നിർത്തുന്നതിലും മറ്റൊരുദാഹരണം ചൂണ്ടിക്കാട്ടാനില്ല. വ്യവസായങ്ങളുടെ ആധുനീകരണം, വൈവിധ്യവൽക്കരണം എന്നിവയിൽ മുൻനിരയിൽ നാമുണ്ട്. ഇന്ത്യയിലെ ആദ്യ ഐടി പാർക്കും ആധുനിക വ്യവസായ സ്ഥാപനങ്ങളും പടുത്തുയർത്തിയതിന്റെ മാതൃകാപരമായ ഭൂതകാലവുമുണ്ട്. ഇതൊക്കെയുണ്ടായിട്ടും ഭാവനകളും, അസത്യങ്ങളും, ചിലരുടെ നിക്ഷിപ്തതാല്പര്യങ്ങളും സിനിമാക്കഥകളും പൊതുബോധത്തിൽ പാർപ്പുറപ്പിച്ച ഒരു രാഷ്ട്രീയ പരിസരമാണ് നമ്മുടെ വ്യവസായ ഭൂമിക. അങ്ങനെ തിടംവച്ച ഒരു മിത്തിനെ തച്ചുടച്ച് കേരളം ആവേശപൂർവം കുതിച്ച ചരിത്ര സന്ദർഭമാണ് സംരംഭകവർഷം പദ്ധതിയിലൂടെ സൃഷ്ടിക്കപ്പെട്ടത്. ആഗോളാടിസ്ഥാനത്തിൽ തന്നെ വ്യവസായ മേഖലയില്‍ 90 ശതമാനവും സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സംരംഭങ്ങള്‍(എംഎസ്എംഇ)ആണ്. തൊഴിൽസൃഷ്ടിയിൽ എംഎസ്എംഇകൾക്ക് വമ്പിച്ച പങ്കാണുള്ളത്. കേരളത്തെപ്പോലെ ഏറ്റവും മികച്ച കണക്ടിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ഉയർന്ന മാനവശേഷിയുമുള്ള ഒരു സംസ്ഥാനത്തിന് ഭാവിവളർച്ചയ്ക്കുള്ള ശക്തമായ ഒരു ഉപാധിയാണിത്.

ഗ്രാമീണ‑പി‌ന്നാക്ക മേഖലകളുടെ വികസനത്തിനും പാർശ്വവല്കൃത സമൂഹത്തിന്റെ മുന്നേറ്റത്തിനും ഏറ്റവും ഉതകുന്ന മേഖലയുമാണ്. ഈ കാഴ്ചപ്പാടോടെയാണ് ഒരുവർഷത്തിനുള്ളിൽ ഒരുലക്ഷം എംഎസ്എംഇകൾ രൂപീകരിക്കാനുള്ള ലക്ഷ്യം വ്യവസായ വകുപ്പ് പ്രഖ്യാപിച്ചത്. 2020–21ൽ 11,540 സംരംഭങ്ങളും 2019–20ൽ 13,695 സംരംഭങ്ങളുമാണ് സംസ്ഥാനത്ത് പുതുതായി രൂപീകരിക്കപ്പെട്ടത്. ഈ സ്ഥാനത്ത് 2022–23ൽ, ഇതുവരെയുള്ള കണക്ക് പ്രകാരം 1,22,637 സംരംഭങ്ങൾ രജിസ്റ്റർ ചെയ്യപ്പെട്ടു. പദ്ധതി ആരംഭിച്ച് കേവലം 245 ദിവസങ്ങൾകൊണ്ടാണ് ഒരുലക്ഷം സംരംഭങ്ങൾ രജിസ്റ്റർ ചെയ്ത് ചരിത്രനേട്ടം കൈവരിച്ചത്. 7498.22 കോടി രൂപയുടെ നിക്ഷേപം ഈ സംരംഭങ്ങളുടെ ഭാഗമായി കേരളത്തിൽ നിന്നു തന്നെ സമാഹരിക്കപ്പെട്ടു. 2,64,463 തൊഴിലവസരങ്ങൾ പുതുതായി സൃഷ്ടിക്കപ്പെട്ടു. രാജ്യത്തെ ബെസ്റ്റ് പ്രാക്ടീസ് എന്ന ദേശീയാംഗീകാരമാണ് ഈ പദ്ധതിയെ തേടി എത്തിയത്. സംരംഭക വർഷം പദ്ധതിയിലൂടെ നാളിതുവരെ തൃശൂർ, മലപ്പുറം, എറണാകുളം, കൊല്ലം, കണ്ണൂർ, പാലക്കാട്, എറണാകുളം, തിരുവനന്തപുരം ജില്ലകളിൽ 10,000ത്തിലധികം സംരംഭങ്ങൾ ആരംഭിച്ചിട്ടുണ്ട്. ആലപ്പുഴ, കൊല്ലം, കണ്ണൂർ, പാലക്കാട്, കോഴിക്കോട്, തൃശൂർ, എറണാകുളം, മലപ്പുറം ജില്ലകളിൽ 20,000 ത്തിലധികമാളുകൾക്ക് തൊഴിൽ നൽകാനും പദ്ധതിയിലൂടെ സാധിച്ചു. വ്യാവസായികമായി പിന്നാക്കം നിൽക്കുന്ന വയനാട്, ഇടുക്കി, കാസർകോട് ജില്ലകളിലും 22,000ത്തിലധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കപ്പെട്ടു എന്നത് പദ്ധതിയുടെ മികച്ച പ്രകടനം അടിവരയിടുന്നു. വിവിധ മേഖലകളായി തിരിച്ചുള്ള കണക്കുകളെടുത്താലും സംരംഭക വർഷം കേരളത്തിന് വലിയ നേട്ടമാണ് ഉണ്ടാക്കിയിരിക്കുന്നത്.


ഇതുകൂടി വായിക്കൂ: ഇടുക്കിയിലെ കര്‍ഷക ലക്ഷങ്ങള്‍ക്ക് പ്രതീക്ഷ


കൃഷി-ഭക്ഷ്യ സംസ്കരണ മേഖലയിൽ 21,335 പുതിയ സംരംഭങ്ങൾ ഇക്കാലയളവിൽ നിലവിൽ വന്നു. 1,247 കോടിയുടെ നിക്ഷേപമുണ്ടായി. 52,885 പേർക്ക് ഈ യൂണിറ്റുകളിലൂടെ തൊഴിൽ ലഭിച്ചു. ഗാർമെന്റ്സ് ആന്റ് ടെക്സ്റ്റൈൽ മേഖലയിൽ 13,468 സംരംഭങ്ങളും 555 കോടിയിലധികം രൂപയുടെ നിക്ഷേപവും 27,290 തൊഴിലും ഉണ്ടായി. ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് മേഖലയിൽ 4,955 സംരംഭങ്ങളും 284 കോടിയുടെ നിക്ഷേപവും 9,143 തൊഴിലവസരങ്ങളും സൃഷ്ടിക്കപ്പെട്ടു. സേവന മേഖലയിൽ 7,810 സംരംഭങ്ങളാണ് രജിസ്റ്റർ ചെയ്തത്. 465 കോടി നിക്ഷേപവും 17,707 തൊഴിലും ഈ മേഖലയിൽ ഉണ്ടായി. വ്യാപാര മേഖലയിൽ 41,141 സംരംഭങ്ങളും 2,371 കോടി നിക്ഷേപവും 76,022 തൊഴിലുമാണ് സൃഷ്ടിക്കപ്പെട്ടത്. ഇതിനുപുറമെ ബയോ ടെക്നോളജി, കെമിക്കൽ മേഖല തുടങ്ങിയവയില്‍ 30,000ത്തിലധികം സംരംഭങ്ങളും ആരംഭിച്ചു. സംരംഭകവർഷം പദ്ധതിയുടെ ഭാഗമായി പ്രത്യേക പ്രോത്സാഹനം നൽകിയതിലൂടെ വനിതകള്‍ നേതൃത്വം നൽകുന്ന 40,000 സംരംഭങ്ങൾ പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. തൊഴിലാളിസംഘടനകളും ഫിക്കി, കോൺഫെഡറേഷൻ ഓഫ് ഇന്‍ഡസ്ട്രീസ്, സ്മോൾ സ്കെയിൽ ഇന്‍ഡസ്ട്രീസ് അസോസിയേഷൻ തുടങ്ങിയ സംരംഭക സംഘടനകളും പദ്ധതിയുമായി ആദ്യന്തം സഹകരിച്ചു. ചാർട്ടേഡ് അക്കൗണ്ടന്റുമാരുടെയും എച്ച്ആർ മാനേജർമാരുടെയും സംഘടനകളുമായും കേന്ദ്ര തൊഴിലാളി സംഘടനാ പ്രതിനിധികളുമായും യോഗം ചേർന്നിരുന്നു. വ്യവസായ വകുപ്പിലെ മുതിർന്ന ഉദ്യോഗസ്ഥർക്ക് കോഴിക്കോട് ഐഐഎമ്മിലും അഹമ്മദാബാദിലെ ദേശീയ സംരംഭകത്വ ഇൻസ്റ്റിറ്റ്യൂട്ടിലും മൂന്ന് ദിവസത്തെ പരിശീലനം നൽകി. സംസ്ഥാനത്തെ ബാങ്കുകളും എസ്എൽബിസിയും നാല് ശതമാനം പലിശയ്ക്കുള്ള വായ്പാ പദ്ധതി നടപ്പിലാക്കി. ആദ്യഘട്ടത്തിൽ എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഏകദിന ശില്പശാലകൾ സംഘടിപ്പിച്ചു.

സംസ്ഥാനത്തെ ഒരു ലക്ഷത്തിലധികം ആളുകളിലേക്ക് നേരിട്ട് പദ്ധതിയെക്കുറിച്ച് വിവരങ്ങളെത്തിക്കാൻ ശില്പശാലകളിലൂടെ സാധിച്ചു. രണ്ടാംഘട്ടമായി സംസ്ഥാനത്തുടനീളം ലൈസൻസ്-ലോൺ‑സബ്സിഡി മേളകൾ സംഘടിപ്പിച്ചു. ബാങ്കുകളും പദ്ധതിക്ക് അനുകൂലമായ നിലപാട് സ്വീകരിച്ചു. കെ-സ്വിഫ്റ്റ് സമ്പ്രദായത്തിലൂടെ ലൈസൻസ് ലഭ്യമാക്കാൻ സാധിച്ചത് സംരംഭകർക്കും പദ്ധതിക്കും അനുകൂല ഘടകമായി. സംസ്ഥാന സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ സംരംഭക സൗഹൃദ സമീപനം കൂടുതൽ നിക്ഷേപകർക്ക് പ്രചോദനമായി. ഇവർക്ക് സഹായം ലഭ്യമാക്കുന്നതിനും പദ്ധതിയുടെ മികച്ച നടത്തിപ്പിനുമായി എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും ബി-ടെക്/എംബിഎ യോഗ്യതയുള്ള ഇന്റേണുകളെ നിയമിച്ചു. ഇങ്ങനെ നിയമിക്കപ്പെട്ട 1,153 ഇന്റേണുകൾ, സംരംഭകർക്ക് പൊതുബോധവൽക്കരണം നൽകാനും വൺ ടു വൺ കൂടിക്കാഴ്ചകളിലൂടെ സംരംഭകരെ സഹായിക്കാനും കെ-സ്വിഫ്റ്റ് പോർട്ടൽ വഴി വിവിധ വകുപ്പുകളിൽ നിന്നും ലഭിക്കേണ്ട അനുമതികൾക്കുള്ള അപേക്ഷകൾ തയ്യാറാക്കുന്നതിനും, ലൈസൻസ്/സബ്സിഡി ഏകോപനം സാധ്യമാക്കാനും സഹായിച്ചു. 1,153 ഇന്റേണുകൾക്ക് പുറമെ താലൂക്ക് ഫെസിലിറ്റേഷൻ സെന്ററുകളിലേക്ക് 59 പേരെ റിക്രൂട്ട് ചെയ്തു. ഇന്റേണുകൾക്ക് പ്രത്യേക പരിശീലനം നൽകുകയും ടാർജറ്റ് നിശ്ചയിക്കുകയും ചെയ്തു. എല്ലാ പഞ്ചായത്തുകളിലും ഹെൽപ് ഡെസ്കുകളും സ്ഥാപിച്ചു. ആദ്യ നാല് മാസത്തിനുള്ളിൽ തന്നെ 50,000 സംരംഭങ്ങൾ ആരംഭിക്കാൻ സാധിച്ചത് കേരളത്തിൽ സംരംഭങ്ങളാരംഭിക്കാമെന്ന് മറ്റുള്ളവർക്കും തോന്നാൻ സഹായകമായി. ഒരുവർഷം 10,000 സംരംഭങ്ങൾ ഉണ്ടായിരുന്ന നാട്ടിൽ മനസുവച്ചാൽ ഒരുലക്ഷത്തിലധികം സംരംഭങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് സംരംഭക വർഷം പദ്ധതി. ഇനിയുള്ള നാല് മാസങ്ങൾ കൊണ്ട് പരമാവധി സംരംഭങ്ങൾ ആരംഭിക്കാനും സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതിക്ക് താങ്ങാകുന്ന സൂക്ഷ്മ‑ചെറുകിട‑ഇടത്തരം സംരംഭങ്ങളുടെ വ്യവസ്ഥ സൃഷ്ടിക്കാനുമാണ് സർക്കാർ ശ്രമിക്കുന്നത്. ലക്ഷ്യം നേടിയതോടെ സംരംഭകവർഷം പദ്ധതി പൂർത്തിയായെന്ന് സർക്കാർ കരുതുന്നില്ല.


ഇതുകൂടി വായിക്കൂ: സംസ്ഥാനത്തിനുള്ള അരിവിഹിതം കേന്ദ്രസർക്കാർ വർധിപ്പിക്കണം


നിലവിൽവന്നവയില്‍ ഭാവി വികസന സാധ്യതയുള്ള ആയിരം സംരംഭങ്ങളെങ്കിലും തെരഞ്ഞെടുത്ത് 100 കോടി വാർഷിക വിറ്റുവരവുള്ള സ്ഥാപനങ്ങളായി ഉയർത്തുക എന്നതാണ് അടുത്ത പടി. ഇതിനായുള്ള വിശദാംശങ്ങൾ തയ്യാറാക്കി വരികയാണ്. സംരംഭങ്ങളുടെ കൊഴിഞ്ഞുപോക്ക് തടയുകയാണ് മറ്റൊരു പ്രധാന ലക്ഷ്യം. ഇതിനായാണ് എംഎസ്എംഇ ക്ലിനിക്കുകൾ രൂപീകരിച്ചിരിക്കുന്നത്. സംരംഭങ്ങളുടെ ആരോഗ്യം നിലനിർത്താനുള്ള എല്ലാ സേവനങ്ങളും ക്ലിനിക്കുകളിൽ നിന്ന് ലഭ്യമാക്കും. കേരളത്തിൽ നിർമ്മിക്കപ്പെടുന്ന ഉല്പന്നങ്ങളുടെ ഗുണമേന്മ സാക്ഷ്യപ്പെടുത്തുന്നതിനും അവയ്ക്ക് ദേശീയ അന്തർദേശീയ വിപണികൾ പ്രാപ്യമാക്കുന്നതിനും സഹായിക്കുന്നതിനായി കേരള ബ്രാൻഡ് ഉപയോഗിക്കും. സംസ്ഥാനത്തെ സൂക്ഷ്മ ചെറുകിട ഇടത്തരം സംരംഭങ്ങളുടെ ഉല്പന്നങ്ങൾ വിപണനം ചെയ്യാനായി ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്സു (ഒഎന്‍ഡിസി)മായി ചേർന്ന് ഒരു ഓപ്പൺ നെറ്റ്‌വർക്ക് പ്ലാറ്റ്ഫോം നിർമ്മിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നുണ്ട്. വിവിധ വകുപ്പുകളുടെ സഹകരണത്തോടെ സംരംഭക വർഷം പദ്ധതി മുന്നോട്ട് പോകുകയാണ്. രണ്ടര ലക്ഷത്തിലധികം ആളുകൾക്ക് തൊഴിൽ നൽകി, ഏഴായിരത്തിലധികം കോടി രൂപയുടെ നിക്ഷേപം ഉറപ്പ് വരുത്തിക്കൊണ്ട് ദൈവത്തിന്റെ സ്വന്തം നാട് നിക്ഷേപകരുടെയും സ്വന്തം നാടായിരിക്കുന്നു. ഭാവിയിൽ കേരളത്തിന്റെ സമ്പദ്ഘടനയിലും ഈ മുന്നേറ്റം നമുക്ക് കാണാൻ സാധിക്കും. ഈ സർക്കാർ അധികാരത്തിലെത്തിയ ശേഷം ഒരു ദിവസവും വിശ്രമിച്ചിട്ടില്ല. സംരംഭകർക്കനുകൂലമായി കൈക്കൊണ്ട തീരുമാനങ്ങൾ സൃഷ്ടിക്കുന്ന മാറ്റങ്ങൾ അത്രമേൽ ദൃശ്യമാണ്. കേരളത്തിലെ നിക്ഷേപ സൗഹൃദാന്തരീക്ഷം കൂടുതൽ ബലപ്പെടുത്തുന്നതിനായി സുപ്രധാന നിയമങ്ങൾ നിർമ്മിക്കുന്നതിനും ചട്ടങ്ങൾ ഭേദഗതി ചെയ്യുന്നതിനുമായിരുന്നു സർക്കാരിന്റെ ആദ്യ ഊന്നൽ. 50 കോടി രൂപ വരെയുള്ള എല്ലാ നിക്ഷേപങ്ങൾക്കും കെ-സ്വിഫ്റ്റ് അക്നോളജ്മെന്റിലൂടെ മൂന്ന് വർഷത്തേക്ക് പ്രവർത്തനം സാധ്യമാക്കിക്കൊണ്ട് മാറ്റം കൊണ്ടുവരാൻ സർക്കാരിന് സാധിച്ചു.

50 കോടിയിലധികം മൂലധന നിക്ഷേപമുള്ള വ്യവസായങ്ങൾക്ക് മതിയായ രേഖകൾ സഹിതം അപേക്ഷിച്ചാൽ ഏഴ് ദിവസത്തിനകം കോംപോസിറ്റ് ലൈസൻസ് നൽകാനുള്ള നിയമം പാസാക്കിയതിന് ശേഷം കേരളത്തിന് ലഭിച്ച നിക്ഷേപ വാഗ്ദാനം 7,000 കോടിയിലധികമാണ്. ഇതിൽത്തന്നെ ലോകോത്തര കമ്പനികളായ വെൻഷ്വർ, ടാറ്റ എലക്സി തുടങ്ങിയവ പ്രവർത്തനം ആരംഭിച്ചുകഴിഞ്ഞു. വ്യവസായ സ്ഥാപനങ്ങൾക്ക് നേരെ ഉണ്ടാകുന്ന അനാവശ്യ നടപടികൾ ഒഴിവാക്കുന്നതിനും അഴിമതി തടയുന്നതിനുമായി കെ-സിസ് പോർട്ടലിലൂടെ അഞ്ച് വകുപ്പുകളെ സംയോജിപ്പിച്ച് ഏകീകൃത പരിശോധനാ സംവിധാനം ആവിഷ്കരിച്ചു. മികച്ച പ്രതികരണം നേടിയെടുത്ത ഈ സംവിധാനത്തിന് കീഴിൽ ഇതിനോടകം അഞ്ച് ലക്ഷത്തിലധികം സ്ഥാപനങ്ങൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവയിലൂടെ സൃഷ്ടിക്കാൻ സാധിച്ച വ്യവസായ സൗഹൃദ അന്തരീക്ഷം നമ്മുടെ നാടിനെ വ്യവസായ സൗഹൃദ റാങ്ക് പട്ടികയിലും ഏറെ മുന്നിലേക്ക് നയിച്ചു. റാങ്ക് പട്ടികയിൽ 28-ാം സ്ഥാനത്ത് ഉണ്ടായിരുന്ന കേരളം ഒരു വർഷംകൊണ്ട് കയറിയത് 13 പടികളാണ്. രാജ്യത്തെ ഏറ്റവും ആരോഗ്യകരമായ നിക്ഷേപാന്തരീക്ഷം സൃഷ്ടിക്കാനുള്ള യത്നത്തിൽ വലിയ പ്രചോദനമായി സംരംഭക വർഷം മാറിയിട്ടുണ്ട് എന്ന് നിസംശയം പറയാം.

Exit mobile version