ചെറുപ്പത്തിലേ കുട്ടികളുടെ തലച്ചോറിലേക്ക് മതം അടിച്ചു കയറ്റുന്നത് തടയണമെന്നും, മതവിഭ്യാഭ്യാസത്തിനും 18 വയസ്സ് തികയണം എന്ന നിബന്ധയുണ്ടായിരിക്കണമെന്നും പ്രെഫ. ടി ജെ ജോസഫ്. സർക്കാർ ഫണ്ട് ഉപയോഗിച്ച് മതവിദ്യാഭ്യാസത്തിന് ആനുകൂല്യങ്ങൾ നൽകുന്നത് നിർത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. എസ്സെൻസ് ഗ്ലോബലിന്റെ ആഭിമുഖ്യത്തിൽ കോഴിക്കോട് ടാഗോർഹാളിൽ നടന്ന ‘പാൻ 22’ സെമിനാറിൽ പങ്കെടുത്ത് സംസാരിക്കയായിരുന്നു പ്രൊഫ. ടി ജെ ജോസഫ്.
ചോദ്യപേപ്പർ വിവാദത്തെ തുടർന്ന് ഇസ്ലാമിക മതമൗലികവാദികൾ കൈ വെട്ടിയ ജോസഫ് മാസ്റ്റർ, 2010ൽ തനിക്ക് നേരെ ആക്രമണം ഉണ്ടായ സമയത്തേക്കാൾ കാര്യങ്ങൾ മോശമായി വരികയാണെന്ന് ചൂണ്ടിക്കാട്ടി. ഒരു റാലിയിൽ ഒരു കുട്ടി വിളിച്ച വിദ്വേഷ മുദ്രാവാക്യങ്ങളാണ് കേരളം ചർച്ചചെയ്യുന്നത്. ആ കുട്ടിക്ക് ഇതൊക്കെ പറയാനുള്ള ഊർജം എവിടെനിന്ന് കിട്ടി എന്ന് ഓർക്കണം. ഒരു 12 വയസ്സുകാരന് ഇതൊക്കെ തനിയെ പറയാനും കഴിയും. പക്ഷേ ചെറുപ്പത്തിലേ മതം മസ്തിഷ്ക്കത്തിലേക്ക് അതിശക്തമായി കടത്തിവിടുന്നതാണ് ഇവിടുത്തെ പ്രശ്നം. ഒരു പാരമ്പര്യം എന്ന നിലയിൽ മതം പഠിപ്പിച്ചോട്ടെ. പക്ഷേ വിശദമായ പഠനം കുട്ടിക്ക് 18 വയസ്സ് പൂർത്തിയായിട്ട് മതി എന്ന നിലയിലേക്ക് കാര്യങ്ങൾ മാറണമെന്നും അദ്ദേഹം പറഞ്ഞു.
സന്യാസമഠങ്ങളിൽ സ്ത്രീക്ക് യാതൊരു വ്യക്തിത്വമില്ലെന്നും മറിച്ച് ആരെങ്കിലും പ്രതികരിച്ചാൽ അവർ സഭക്ക് പുറത്താവുമെന്നും തുടർന്ന് സംസാരിച്ച സിസ്റ്റർ ലൂസി കളപ്പുരക്കൽ ചൂണ്ടിക്കാട്ടി. മതപാഠശാലകളിലെ ലൈംഗിക ചൂഷണങ്ങൾക്കു നേരെ പലപ്പോഴും അധികൃതർ കണ്ണടയ്ക്കുകയാണെന്ന് അസ്ക്കർ അലി പറഞ്ഞു. ആരിഫ് ഹുസൈൻ തെരുവത്ത്, പി ബി ഹരിദാസൻ, സി രവിചന്ദ്രൻ തുടങ്ങിയവർ സംസാരിച്ചു.