മൊബൈലുകളും കമ്പ്യൂട്ടറുകളും ഉപയോഗിച്ച് പരിശീലിച്ച പുതുതലമുറയ്ക്ക് അക്ഷരങ്ങള്‍ എഴുതുന്നത് ഒരല്പം ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യംതന്നെയാണ്. വടിവോടെ അക്ഷരങ്ങള്‍ എഴുതുക എന്നത് വെല്ലുവിളിയായി മാറിയ കാലത്ത് 11 ശൈലിയില്‍ എഴുതുന്ന ആദി സ്വരൂപ എന്ന കൊച്ചുമിടുക്കി താരമായിരിക്കുകയാണ്. മംഗളൂരു സ്വദേശിനിയായ ആദി സ്വരൂപ എന്ന 17 കാരിയ്ക്ക് എഴുത്തിന്റെ ശൈലിയില്‍ മാത്രമല്ല, ഒരേ സമയം വലത്തോട്ടും ഇടത്തോട്ടുമൊക്കെ എഴുതാന്‍ കഴിയും.
കണ്ണടച്ച് പിന്നിലേക്ക് എഴുതുന്നത് ഉള്‍പ്പെടെ വ്യത്യസ്ത രീതികളില്‍ എഴുതി നിരവധി റെക്കോഡുകളും ആദി കരസ്ഥമാക്കിയിട്ടുണ്ട്. ഒരു ഭാഷമാത്രമല്ല. ഒരേസമയത്ത് ഇംഗ്ലീഷിലും കന്നഡയിലും എഴുതിക്കളയും ആദി. ഒരു മിനിറ്റില്‍ രണ്ട് ഭാഷകളിലെ 45 വാക്കുകള്‍ ഒറ്റയടിക്ക് എഴുതാനുള്ള ആദിയുടെ കഴിവിന് ലതാ ഫൗണ്ടേഷന്റെ എക്സ്‌ക്ലൂസീവ് വേള്‍ഡ് റെക്കോഡ് അംഗീകാരവും ലഭിച്ചിട്ടുണ്ട്. ഒരു മിനിറ്റിനുള്ളില്‍ രണ്ട് കൈകളും ഉപയോഗിച്ച് ഏറ്റവും കൂടുതല്‍ വാക്കുകള്‍ എഴുതിയതിന്റെ ആഗോള റെക്കോഡ് ഇതിനകം തന്നെ ആദി നേടിക്കഴിഞ്ഞു.
എഴുത്തിലെ ഈ വ്യത്യസ്തതകൊണ്ട് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡിലും ആദി ഇടംനേടി. തലച്ചോറിന്റെ രണ്ട് ഭാഗങ്ങളും ഒരേ സമയം പ്രവര്‍ത്തിക്കുന്നതിനാലാണ് ആദിക്ക് ഇങ്ങനെ എഴുതാന്‍ കഴിയുന്നത്. ഈ വൈദഗ്‌ധ്യത്തെ ആംബിഡെക്സ്റ്ററിറ്റി എന്നാണ് അറിയപ്പെടുന്നത്. ദശലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രമെ ഇങ്ങനെ എഴുതാന്‍ സാധിക്കുകയുള്ളുവെന്നും വിദഗ്ധര്‍ പറയുന്നു. സമ്പാദനം: രമ്യ മേനോന്‍