Site iconSite icon Janayugom Online

മാതൃകയാകുന്ന എല്‍ഡിഎഫ്

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം കേന്ദ്രസര്‍ക്കാര്‍ ദുര്‍ബലപ്പെടുത്തിക്കൊണ്ടിരിക്കുന്നതിന്റെ ധാരാളം അനുഭവങ്ങള്‍ കേരളത്തിന് മുന്നിലുണ്ട്. 10-ാം ധനകാര്യ കമ്മിഷന്‍ കേരളത്തിന് നല്‍കിയിരുന്ന വിഹിതം 3.89 ശതമാനമായിരുന്നെങ്കില്‍ 15-ാം ധനകാര്യ കമ്മിഷന്‍ അനുവദിച്ചത് 1.92 ശതമാനം മാത്രമാണ്. ജനസംഖ്യാനുപാതികമായിട്ടാണെങ്കില്‍ 2.77 ശതമാനം അനുവദിക്കണം. അതുപോലും ചെയ്തില്ല. കേന്ദ്രനികുതിയുടെ 42 ശതമാനം സംസ്ഥാനങ്ങള്‍ക്ക് നല്‍കണമായിരുന്നു. അതൊഴിവാക്കാന്‍ പെട്രോള്‍, ഡീസല്‍ മുതലായ ഉല്പന്നങ്ങളുടെ പുറത്ത് സെസും സര്‍ചാര്‍ജും ഉള്‍പ്പെടുത്തി. ഇതിന്റെ വിഹിതം സംസ്ഥാനങ്ങള്‍ക്ക് പങ്കുവയ്ക്കേണ്ടതില്ല. സംസ്ഥാനത്തിന് നികുതി പിരിക്കാമായിരുന്ന 63 ശതമാനം ഉല്പന്നങ്ങളെ ജിഎസ്‌ടിയുടെ പരിധിയില്‍ കൊണ്ടുവന്നു. എന്നാല്‍ കേന്ദ്ര‑സംസ്ഥാനവിഹിതം 50:50 ആയി നിശ്ചയിക്കുകയും ചെയ്തു. ഇതിന് നഷ്ടപരിഹാരമായി നല്‍കിയിരുന്ന തുക 2022 ജൂലെെ മാസത്തില്‍ നിര്‍ത്തലാക്കി. കേന്ദ്ര സര്‍ക്കാര്‍ ജിഡിപിയുടെ 5.86 ശതമാനം കടമെടുക്കുമ്പോള്‍ കേരളം മൂന്ന് ശതമാനം മാത്രമേ കടമെടുക്കാവൂ എന്നതാണ് കേന്ദ്ര നിലപാട്. ഈ വിഷയത്തില്‍ കേരളം സമര്‍പ്പിച്ച കേസ് ഇപ്പോള്‍ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലാണ്.
കേന്ദ്രാവിഷ്കൃത പദ്ധതിയുടെ കാര്യത്തില്‍ വാഗ്ദാനത്തിന് വിരുദ്ധമായി കേന്ദ്രവിഹിതം 75 ശതമാനമായിരുന്നത് 60 ശതമാനമായി വെട്ടിക്കുറച്ചു. ദേശീയപാതയുടെ ദൂരം ഇരട്ടിയാക്കുമെന്ന വാഗ്ദാനം എങ്ങുമെത്തിയില്ല. ദേശീയപാതാ വികസനത്തിന്റെ പൂര്‍ണചെലവ് കേന്ദ്രസര്‍ക്കാരാണ് വഹിക്കേണ്ടത്. എന്നാല്‍ കേരളത്തിന്റെ കാര്യം വന്നപ്പോള്‍ ഭൂമിവിലയുടെ 25 ശതമാനം കേരളം അടയ്ക്കണമെന്ന നിബന്ധന കൊണ്ടുവന്നു. അങ്ങനെ 5,580 കോടി അടച്ചാണ് കേരളത്തില്‍ ഇതിന്റെ നിര്‍മ്മാണം നടപ്പിലാക്കുന്നത്. പൊതുമേഖല സംരക്ഷിക്കുകയല്ല ഇല്ലാതാക്കുകയാണ്. ഇക്കാര്യം രാജ്യം ധാരാളമായി ചര്‍ച്ച ചെയ്തിട്ടുള്ളതിനാല്‍ അതിന്റെ വിശദാംശങ്ങള്‍ പറയുന്നില്ല. 

അഴിമതിയുടെ വേരറുക്കുമെന്ന് പറഞ്ഞിരുന്നവര്‍ ഇലക്ടറല്‍ ബോണ്ടിലൂടെ രാജ്യം കണ്ട ഏറ്റവും വലിയ അഴിമതിയുടെ നടത്തിപ്പുകാരായി. ഇക്കാര്യത്തിലുള്ള പ്രധാനമന്ത്രിയുടെയും ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെയും ബുദ്ധി അപാരം തന്നെ. സുപ്രീം കോടതി കര്‍ശനമായ നിലപാട് സ്വീകരിച്ചില്ലായിരുന്നുവെങ്കില്‍ ഈ തീവെട്ടിക്കൊള്ളയും അതിന് ഇഡിയെ ഉപയോഗിച്ച വഴിയുമൊന്നും രാജ്യം അറിയുമായിരുന്നില്ല. 16,000ത്തിലധികം കോടി രൂപയുടെ ബോണ്ടിലൂടെയുള്ള കെെമാറ്റത്തില്‍ 8,200ല്‍ അധികം കോടി രൂപ എത്തിയത് ബിജെപി അക്കൗണ്ടില്‍. 1,500ലധികം കോടി രൂപ കോണ്‍ഗ്രസിനും കിട്ടി. സിപിഐ, സിപിഐ(എം) ഒഴികെ മിക്ക പാര്‍ട്ടികളും ഈ പണം കെെപ്പറ്റി. വരുംദിവസങ്ങളില്‍ തെരഞ്ഞെടുപ്പ് രംഗത്ത് പണത്തിന്റെ കുത്തൊഴുക്കുണ്ടാകുമെന്ന കാര്യം ഉറപ്പ്. ഏറ്റവും പ്രധാനപ്പെട്ട 28 വാഗ്ദാനങ്ങളില്‍ 19 കാര്യങ്ങളെ സംബന്ധിച്ച വസ്തുതകളാണ് ഇവിടെ വിവരിച്ചത്. മറ്റ് കാര്യങ്ങളുടെ സ്ഥിതിയും ഇതുതന്നെയാണ്. എല്ലാവര്‍ക്കും വിദ്യാഭ്യാസം, ചികിത്സ, പട്ടിണി ഇല്ലാതാക്കും, എല്ലാവര്‍ക്കും ഉറപ്പുള്ള വീടുകള്‍, എല്ലാ ഗ്രാമങ്ങളിലും കുടിവെള്ളം തുടങ്ങിയ വാഗ്ദാനങ്ങളില്‍ ഒന്നുപോലും പാലിക്കപ്പെട്ടിട്ടില്ല. ഇങ്ങനെയൊരവസ്ഥ നിലനില്‍ക്കുമ്പോഴാണ് ‘മോഡിയുടെ ഗ്യാരന്റി‘യുമായി വരുന്നത്. അപാരമായ തൊലിക്കട്ടി എന്നേ ഇതിനെക്കുറിച്ച് പറയാന്‍ കഴിയൂ.
പ്രകടനപത്രിക നടപ്പിലാക്കുന്നതില്‍ എല്‍ഡിഎഫിന്റെ ശെെലി തീര്‍ത്തും വ്യത്യസ്തമാണെന്ന് വസ്തുതകള്‍ പരിശോധിച്ചാല്‍ മനസിലാകും. രാജ്യത്തെ മൊത്തം വിസ്തൃതിയുടെ 1.18 ശതമാനം മാത്രമാണ് കേരളത്തിനുള്ളത്. എന്നാല്‍ രാജ്യത്തെ 2.77 ശതമാനം ജനങ്ങള്‍ ജീവിക്കുന്നതിവിടെയാണ്. ഇത്രയും വലിയ ജനസാന്ദ്രതയുള്ള പ്രദേശമായതിനാല്‍ വ്യവസായങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ആവശ്യത്തിന് ഭൂമിയില്ല എന്നത് വലിയ പരിമിതിയാണ്. ഈ പരിമിതിക്കുള്ളില്‍ നിന്നാണ് കേരളം രാജ്യത്തിനാകെ മാതൃകയായി പ്രവര്‍ത്തിച്ചുവരുന്നത്.

നിതി ആയോഗിന്റെ റിപ്പോര്‍ട്ട് പ്രകാരം ദാരിദ്ര്യനിര്‍മ്മാര്‍ജന വിഷയത്തില്‍ കേരളമാണ് ഒന്നാമത്. 64,006 അതിദരിദ്രരാണ് കേരളത്തിലുള്ളത്. 2025 നവംബര്‍ മാസത്തില്‍ ഇത് ‘പൂജ്യ’ത്തിലെത്തിക്കുക എന്നതാണ് സര്‍ക്കാരിന്റെ ലക്ഷ്യം. ലെെഫ് ഭവന പദ്ധതിയിലൂടെ ഇതുവരെ 4,52,000 വീടുകള്‍ നിര്‍മ്മിച്ചുനല്‍കി. 17,800 കോടി രൂപയാണ് ഇതിനായി ചെലവഴിച്ചത്. ഇനി 3.25 ലക്ഷം പേര്‍ക്ക് കൂടി വീട് നല്‍കേണ്ടതുണ്ട്. നിലവില്‍ 96 ശതമാനം കുടുംബങ്ങള്‍ക്കാണ് സ്വന്തമായി വീടുള്ളത്. 97 ശതമാനം കുടുംബങ്ങള്‍ക്ക് സ്വന്തമായി ഭൂമിയുണ്ട്. 2016 മുതല്‍ ഇതുവരെ 3.21 ലക്ഷം പേര്‍ക്ക് പട്ടയം നല്‍കി. മൂന്ന് ലക്ഷത്തോളം പേര്‍ക്ക് ഇനിയും നല്‍കാനുണ്ട്. എല്ലാവര്‍ക്കും ഭൂമി, എല്ലാവര്‍ക്കും വീട് എന്ന ലക്ഷ്യത്തിലേക്കാണ് കേരളം നീങ്ങിക്കൊണ്ടിരിക്കുന്നത്. 2025 നവംബറിന് മുമ്പ് പട്ടികജാതി-പട്ടികവര്‍ഗത്തില്‍പ്പെട്ട എല്ലാപേര്‍ക്കും വീട് നല്‍കുന്നതിനുള്ള പദ്ധതികള്‍ നടപ്പിലായി വരുന്നു. വിദ്യാഭ്യാസരംഗത്ത് വലിയ മാറ്റങ്ങള്‍ വന്നുകഴിഞ്ഞു. സാക്ഷരതയില്‍ രാജ്യത്ത് ഒന്നാമത് കേരളമാണ്. ആരോഗ്യരംഗത്തെ സ്ഥിതിയും വ്യത്യസ്തമല്ല. നിതി ആയോഗിന്റെ റിപ്പോര്‍ട്ടിലും കേരളം ഒന്നാമതാണ്. കാരുണ്യ പദ്ധതി നടപ്പിലാക്കാന്‍ മാത്രം 2,545 കോടി രൂപയാണ് ഇപ്പോഴത്തെ സര്‍ക്കാര്‍ ചെലവഴിച്ചത്.
കേരളത്തിലാകെയുള്ള 94 ലക്ഷം കുടുംബങ്ങളില്‍ 62 ലക്ഷം കുടുംബങ്ങള്‍ക്ക് പ്രതിമാസം 1600 രൂപ നിരക്കില്‍ ക്ഷേമപെന്‍ഷന്‍ നല്‍കുന്നുണ്ട്. കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ക്കുള്ളില്‍ ഇതിനായി 59,400 കോടി രൂപ ചെലവായി. യുഡിഎഫ് സര്‍ക്കാര്‍ 34 ലക്ഷം പേര്‍ക്ക് 600 രൂപ ക്രമത്തില്‍ നല്‍കിയിരുന്ന സ്ഥാനത്താണ് എല്‍ഡിഎഫ് വലിയ മാറ്റം കൊണ്ടുവന്നത്. ഈ ആവശ്യത്തിന് അഞ്ച് വര്‍ഷംകൊണ്ട് യുഡിഎഫ് ചെലവഴിച്ചത് 9,100 കോടി രൂപ മാത്രമാണ്. കേരളത്തിനര്‍ഹതപ്പെട്ട കേന്ദ്രവിഹിതം വെട്ടിക്കുറച്ച സാഹചര്യത്തില്‍ നാല് മാസത്തെ പെന്‍ഷന്‍ കുടിശികയാണ് എന്നത് വസ്തുതയാണ്. ഈ പ്രതിസന്ധിക്കിടയിലും രജിസ്ട്രേഷന്‍, മോട്ടോര്‍വാഹനം, എക്സെെസ്, ലോട്ടറി, ഭൂനികുതി മുതലായ തനത് വരുമാന സമാഹരണത്തില്‍ 22 ശതമാനം വര്‍ധനവ് കെെവരിക്കാന്‍ കഴിഞ്ഞത് ചെറിയ കാര്യമല്ല.
പൊതുവിതരണ രംഗം താളംതെറ്റിക്കുന്നതിനുള്ള പ്രവര്‍ത്തനമാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. കേരളത്തിന് 16.25 ലക്ഷം മെട്രിക്‌ ടണ്‍ ധാന്യം ലഭിച്ചിരുന്നത് 14.25 ലക്ഷം മെട്രിക് ടണ്ണായി കുറച്ചിരിക്കുന്നു. ഈ സാഹചര്യത്തിലും ജനങ്ങള്‍ക്കാകെ പ്രയോജനകരമാകുന്ന രീതിയില്‍ പൊതുവിതരണ സംവിധാനം നിലനിര്‍ത്തിക്കൊണ്ടു പോകുന്നതിന് വലിയ പരിശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ സ്ഥിരനിയമനം നടക്കുന്ന സംസ്ഥാനം നമ്മുടേതാണ്. 2016 മുതല്‍ ഇതുവരെ 2,27,800 പേര്‍ക്ക് പിഎസ്‌സി നിയമനം ലഭിച്ചിട്ടുണ്ട്. ഇന്ത്യയിലാകെ നടക്കുന്ന സ്ഥിരം നിയമനത്തിന്റെ 42 ശതമാനം കേരളത്തിലാണ്. ഇപ്പോഴത്തെ സര്‍ക്കാര്‍ ഇതുവരെ 28,463 തസ്തികകള്‍ സൃഷ്ടിച്ചിട്ടുണ്ട്. അതില്‍ 2,718 തസ്തികകള്‍ ആരോഗ്യവകുപ്പിലാണ്. 

കാര്‍ഷികോല്പാദനരംഗത്ത് 4.64 ശതമാനം വളര്‍ച്ച കെെവരിച്ചു. 2022–23ല്‍ 7.31 ലക്ഷം മെട്രിക് ടണ്‍ നെല്ല് സംഭരിക്കുകയും അതിന്റെ വില നല്‍കുകയും ചെയ്തു. പാല്‍ ഉല്പാദനരംഗത്ത് റെക്കോഡ് നേട്ടം കെെവരിച്ചു. ഒരു ലക്ഷത്തിലധികം വ്യവസായ സംരംഭങ്ങള്‍ ആരംഭിച്ചതിലൂടെ രണ്ട് ലക്ഷത്തിലധികം പേര്‍ക്ക് തൊഴില്‍ ലഭിച്ചു. സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തില്‍ 9.26 ശതമാനം ലഭിക്കുന്നത് വിനോദ സഞ്ചാര മേഖലയില്‍ നിന്നാണ്. ലോകത്ത് കണ്ടിരിക്കേണ്ട 50 സ്ഥലങ്ങളുടെ പട്ടികയില്‍ കേരളം ഉള്‍പ്പെട്ടു എന്നത് ചെറിയ കാര്യമല്ല. വിഴിഞ്ഞം തുറമുഖം ഈ വര്‍ഷം തന്നെ പ്രവര്‍ത്തനസജ്ജമാകുന്നതിലൂടെ വലിയ മാറ്റമാണുണ്ടാകാന്‍ പോകുന്നത്. ദേശീയപാതയോടൊപ്പം തീരദേശ ഹെെവേയുടെയും മലയോര ഹെെവേയുടെയും പണി അതിവേഗം പുരോഗമിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ‘മെഡിസെപ്’ പദ്ധതി നടപ്പാക്കിയതിലൂടെ 29 ലക്ഷം കുടുംബങ്ങള്‍ക്ക് അതിന്റെ പ്രയോജനം ലഭിക്കുന്നു. പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിക്ക് പകരം പുതിയ പദ്ധതിക്ക് രൂപം നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിട്ടുണ്ട്. കശുവണ്ടി, കയര്‍, കെെത്തറി മുതലായ പരമ്പരാഗത മേഖലയുടെ സംരക്ഷണത്തിന് കോടിക്കണക്കിന് രൂപയാണ് ചെലവഴിച്ചുകൊണ്ടിരിക്കുന്നത്. മത്സ്യത്തൊഴിലാളികളുടെ മേഖലയില്‍ വലിയ മാറ്റങ്ങള്‍ വന്നുകൊണ്ടിരിക്കുന്നു. രാജ്യത്തെ ശരാശരി ആളോഹരി വരുമാനം 1.71 ലക്ഷം രൂപയാണെങ്കില്‍ കേരളത്തിലേത് 2.36 ലക്ഷം രൂപയാണ്. രാജ്യത്ത് ശരാശരി മനുഷ്യര്‍ ജീവിക്കുന്നതിനെക്കാള്‍ ഒമ്പത് വര്‍ഷം കൂടുതല്‍ മലയാളികള്‍ ജീവിക്കുന്നതില്‍ എല്ലാം അടങ്ങിയിട്ടുണ്ട്. 

ഇന്ത്യക്ക് ലോകത്തിന് മുന്നില്‍ തലകുനിക്കേണ്ട ഒട്ടേറെ ഒന്നാം സ്ഥാനങ്ങളുണ്ട്. ലോകത്ത് ഏറ്റവും കൂടുതല്‍ പട്ടിണിക്കാരുള്ള രാജ്യം ഇന്ത്യയാണ്. സ്വന്തമായി ഭൂമിയും വീടും ഇല്ലാത്തവര്‍, ഏറ്റവും കൂടുതലുള്ളത് ഇവിടെയാണ്. ഏറ്റവും കൂടുതല്‍ നിരക്ഷരരുള്ള രാജ്യവും തൊഴിലില്ലാത്തവരുടെ രാജ്യവും ചികിത്സ കിട്ടാതെ മരിക്കുന്നവരുടെ രാജ്യവും ഇന്ത്യയാണ്. ഇങ്ങനെ ലജ്ജാകരമായ 17 ഒന്നാം സ്ഥാനങ്ങള്‍ മോഡി ഭരിക്കുന്ന ഇന്ത്യക്ക് സ്വന്തമാണ്. അയല്‍രാജ്യങ്ങളായ ചെെന, ശ്രീലങ്ക, നേപ്പാള്‍ തുടങ്ങിയ രാജ്യങ്ങളെക്കാള്‍ വളരെ പിന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഐക്യരാഷ്ട്രസഭയില്‍ അംഗങ്ങളായിട്ടുള്ള 193 രാജ്യങ്ങളില്‍ ഏറ്റവും കൂടുതല്‍ ജനസംഖ്യയുള്ള നമ്മുടെ രാജ്യത്താണ് പരിതാപകരമായ ഈ അവസ്ഥ നിലനില്‍ക്കുന്നത്. ഈ രാജ്യത്താണ് ജനങ്ങളെ ബാധിക്കുന്ന വാഗ്ദാനങ്ങളില്‍ ഒന്നുപോലും നടപ്പിലാക്കാതെ ബിജെപി സര്‍ക്കാര്‍ വലിയ അവകാശവാദങ്ങള്‍ മുഴക്കുന്നത്. കേരളത്തിന്റെ ബദലും അഭിമാനകരമായ ഒന്നാം സ്ഥാനങ്ങളും ഭീഷണിയായിട്ടാണ് ബിജെപി സര്‍ക്കാര്‍ വിലയിരുത്തുന്നത്. അതുകൊണ്ടാണ് സാമ്പത്തിക നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് സംസ്ഥാനത്തെ ശ്വാസംമുട്ടിക്കാന്‍ നിരന്തരം പരിശ്രമിച്ചുകൊണ്ടിരിക്കുന്നത്. കേന്ദ്രത്തില്‍ ഭരണമാറ്റം ഉണ്ടാവുകയും ഇടതുപക്ഷ ശക്തികള്‍ക്ക് പാര്‍ലമെന്റില്‍ കരുത്ത് വര്‍ധിക്കുകയും ചെയ്താല്‍, നിലവിലുള്ള സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ അതുപകരിക്കും എന്ന കാര്യം ഉറപ്പാണ്. കേരളം നേരിടുന്ന മിക്ക പ്രശ്നങ്ങള്‍ക്കും പരിഹാരം ഉണ്ടാകുകയും പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത എല്ലാ കാര്യങ്ങളും സമയബന്ധിതമായി നടപ്പിലാക്കാന്‍ കഴിയുകയും ചെയ്യും. അതിനുള്ള അവസരമായി പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ജനങ്ങള്‍ ഉപയോഗപ്പെടുത്തുമെന്ന് പ്രതീക്ഷിക്കാം.
(അവസാനിച്ചു)

Exit mobile version