നഗരത്തിൽ ഹോട്ടലുകളിൽ ഭക്ഷ്യസുരക്ഷാവിഭാഗം വ്യാപക റെയ്ഡ് നടത്തി. വൃത്തിഹീനമായി പ്രവർത്തിച്ച പത്തോളം ഹോട്ടലുകൾ പൂട്ടിച്ചു, 34 ഹോട്ടലുകൾക്ക് നോട്ടീസ് നൽകി പിഴ ഈടാക്കി.
ഭക്ഷ്യവിഷബാധ സംഭവങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിലാണ് ഭക്ഷ്യ സുരക്ഷാ വകുപ്പും, ജില്ലാ ആരോഗ്യ വകുപ്പും സംയുക്തമായി പരിശോധന നടത്തിയത്. മത്സ്യ മാംസാദികളും, പച്ചക്കറികളും വേണ്ടത്ര ശീതീകരണമില്ലാതെ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുന്നതും പഴകിയ പഴവർഗ്ഗങ്ങൾ കവറുകളിലായി സൂക്ഷിച്ചിരിക്കുന്നതും പരിശോധനയിൽ കണ്ടെത്തി. വൃത്തിഹീനമായ സാഹചര്യത്തിൽ പ്രവർത്തിച്ചിരുന്ന ശീതളപാനീയ വില്പനശാലകൾക്ക് പിഴ ചുമത്തി. കാവനാട് ജംഗ്ഷനിൽ പ്രവർത്തിച്ചിരുന്ന രണ്ട് ഹോട്ടലുകളും ആൽത്തറ മൂട്ടിന് സമീപം പ്രവർത്തിരുന്ന ഒരു ഹോട്ടൽ ഉൾപ്പെടെ മൂന്ന് ഹോട്ടലുകളും പള്ളിമുക്കിലെ ഒരു ഹോട്ടലും അടപ്പിച്ചു. വിവിധ ഹോട്ടലുകളിൽ പഴകിയ ചോറ് ഉൾപ്പെടെ ഫ്രിഡ്ജിൽ സൂക്ഷിച്ചിരുന്നു. പഴകിയ ഇറച്ചി, മത്സ്യം, തലേന്നത്തെ ഭക്ഷണ സാധനങ്ങൾ എന്നിവയും ഉദ്യോഗസ്ഥർ കണ്ടെടുത്തു നശിപ്പിച്ചു.
മൂന്ന് വിഭാഗങ്ങളിലായി തിരിഞ്ഞാണ് കോർപ്പറേഷന്റെ വിവിധ മേഖലകളിൽ റെയ്ഡ് നടന്നത്. വരും ദിവസങ്ങളിലും പരിശോധന ശക്തമാക്കുമെന്ന് ഭക്ഷ്യ സുരക്ഷാ, ആരോഗ്യ വിഭാഗം അറിയിച്ചു.