Site iconSite icon Janayugom Online

ഫാസിസത്തിന്റെ മുഖമുദ്രകള്‍

ഫാസിസം എന്ന രാഷ്ട്രീയ തത്വശാസ്ത്രം ലോകം ചര്‍ച്ച ചെയ്തു തുടങ്ങിയത് 1919–20 കാലഘട്ടം മുതലാണ്.ഇറ്റലിയിലെ ഏകാധിപതിയായ മുസോളിനി തന്റെ പാര്‍ട്ടിക്കു നല്‍കിയ പേര് ”നാഷണല്‍ ഫാസിസ്റ്റ് പാര്‍ട്ടി” എന്നായിരുന്നു. ഒരുകെട്ട് മരക്കമ്പുകളുടെ കൂട്ടത്തില്‍ ഒരു മഴു കെട്ടിനു വെളിയിലേക്ക് വായ് തല ഭാഗം നീട്ടിവച്ചതുപോലുള്ള ഒരു ചിഹ്നമാണ് ലാറ്റിന്‍ ഭാഷയിലെ ”ഫാഷസ്”. പുരാതന റോമിലെ ഒരു അധികാര ചിഹ്നമായിരുന്നു ഫാഷസ്.ജര്‍മ്മനിയിലെ അഡോള്‍ഫ് ഹിറ്റ്‌ലറിന്റെ പാര്‍ട്ടിയുടെ പേര് ”നാഷണല്‍ സോഷ്യലിസ്റ്റ് ജര്‍മ്മന്‍ വര്‍ക്കേഴ്‌സ് പാര്‍ട്ടി” അഥവാ ”നാസി പാര്‍ട്ടി” എന്നായിരുന്നു. സ്‌പെയിനിലെ ഫ്രാന്‍സിസ്‌കോ ഫ്രാങ്കോയെപ്പോലുള്ള ചില ഫാസിസ്റ്റ് ഭരണാധികാരികള്‍ വേറെയും ഉണ്ടായിരുന്നു.ഒറ്റവാക്കില്‍ നിര്‍വചിക്കാന്‍ കുറച്ചു ബുദ്ധിമുട്ടുണ്ടെങ്കിലും ഫാസിസത്തിന് ചില പൊതു സവിശേഷതകള്‍, സമാന സ്വഭാവത്തിലുള്ളത് ഉണ്ട്. അതിലൊന്നാണ് ”അമിതമായ ദേശീയതാവാദം”. ദേശീയതാവാദം പലപ്പോഴും രാജ്യത്തിന്റെ പ്രാചീന വംശീയതയുമായി കൈകോര്‍ക്കുന്നതും ആ വംശീയതയില്‍ അതിരു കവിഞ്ഞ ദുരഭിമാനത്തിലെത്തിക്കുന്നതും ആയിരിക്കും. ജര്‍മ്മനിയിലെ ഹിറ്റ്‌ലര്‍ ഉയര്‍ത്തിയ ജര്‍മ്മന്‍ വംശീയതയും മുസോളിനിയുടെ റോമാ സാമ്രാജ്യത്വ മഹിമയും ഇതിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായിരുന്നു. ജര്‍മ്മനി ലോകത്തിലെ ഏറ്റവും ശ്രേഷ്ഠമായ രാജ്യമായി മാറുമായിരുന്നു എന്നും അതിനെല്ലാം തടസമായി നിന്നത് അവിടുത്തെ കമ്മ്യൂണിസ്റ്റുകാരും, ജൂതന്മാരും ആണെന്നും അവരില്ലാതിരുന്നെങ്കില്‍ ജര്‍മ്മനി ലോക രാഷ്ട്രങ്ങളുടെ നായക പദവിയില്‍ എത്തുമായിരുന്നു എന്നും പ്രചരിപ്പിച്ചു. ഫാസിസ്റ്റുകളുടെ മറ്റൊരു പ്രത്യേകത എതിര്‍ ശബ്ദങ്ങളെ കയ്യൂക്ക് ഉപയോഗിച്ച് അടിച്ചമര്‍ത്തുകയെന്നതാണ്.ശുദ്ധ ആര്യരക്തത്തില്‍ അന്ധമായി അഭിമാനിച്ചിരുന്നവര്‍ കമ്മ്യൂണിസ്റ്റുകാരെയും ജൂതന്മാരെയും ദേശവിരുദ്ധരായി കണ്ടെത്തി ആക്രമണത്തിനിരയാക്കി.സംഘടിതമായ ആക്രമണങ്ങളില്‍ക്കൂടി എതിരാളികളെ ഇല്ലാതാക്കാനുള്ള പരിശ്രമം ഫാസിസ്റ്റുകള്‍ ഒരജണ്ടയായി തിരഞ്ഞെടുത്തു.മറ്റൊരു ഫാസിസ്റ്റു സവിശേഷത അവര്‍ക്ക് ജനാധിപത്യത്തോടുള്ള അവജ്ഞയാണ്. ജനാധിപത്യ സംവിധാനമല്ല മറിച്ച് സ്വേച്ഛാധിപത്യ നേതൃത്വത്തെയാണ് ഫാസിസ്റ്റുകള്‍ ആരാധിക്കുന്നത്.ഏത് തീരുമാനവും തങ്ങളുടെ നേതാവായ സ്വേച്ഛാധിപതിയുടെ പേരിലും പെരുമയിലും ആയിരിക്കണമെന്നും അവര്‍ ശഠിക്കുന്നു.സമാധാനവും സഹിഷ്ണുതയും ജനാധിപത്യം വിജയിക്കുന്നതിന്റെ രണ്ടു ഘടകങ്ങളാണ്. സഹിഷ്ണുതയില്ലാതെ ജനാധിപത്യത്തിന് മുന്നോട്ടു പോകാനാവില്ല.ഫാസിസ്റ്റുകളുടെ സാമ്പത്തിക നീതിശാസ്ത്രം ഇവിടെ ചര്‍ച്ച ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല. മറിച്ച് അവരുടെ പൊതു പ്രത്യയശാസ്ത്രത്തില്‍ക്കൂടിയുള്ള സാമൂഹ്യ കാഴ്ചപ്പാടുകളാണ് വിവരിച്ചത്.സോവിയറ്റ് യൂണിയന്റെ നേതൃത്വത്തില്‍ സൈനികമായും ലോകമെമ്പാടുമുള്ള സോഷ്യലിസ്റ്റ് പുരോഗമന പ്രസ്ഥാനങ്ങളെ ആശയപരമായി ആയുധമണിയിച്ചും അണിനിരത്തിയും ഫാസിസത്തെ ലോകജനത നേരിട്ടു. വംശീയതയും കയ്യൂക്കും (സൈനിക മേല്‍ക്കോയ്മ) മുഖമുദ്രയാക്കിയ മുസോളിനിയും ഹിറ്റ്‌ലറും ചരിത്രത്താളുകളില്‍ അതിദാരുണമായി അന്തിയുറങ്ങി. ഒരാളെ പട്ടാളക്കാരന്‍ വെടിവച്ചു കൊന്നു. മറ്റൊരാള്‍ ആത്മഹത്യ ചെയ്തു.ഫാസിസ്റ്റുകളുടെ ആയുസ്സ് അല്‍പ്പമെന്ന് തെളിയിക്കപ്പെട്ടു.ഫാസിസത്തിനുമേല്‍ സോഷ്യലിസം അന്തിമ വിജയം നേടിയതാണ് ലോകചരിത്രം. എങ്കിലും ആ ആശയത്തിന്റെ വക്താക്കള്‍ ഇന്ത്യയുള്‍പ്പെടെ പല രാജ്യങ്ങളിലും ഇപ്പോഴുമുണ്ട്.രാജ്യമാകെ വര്‍ഗീയ ലഹളകള്‍ സംഘടിപ്പിച്ചും അവിടെ ഭൂരിപക്ഷ ഹിന്ദുത്വ വര്‍ഗീയതയുടെ കാര്‍ഡിറക്കിയുമാണ് ഇന്ത്യയിലെ ഫാസിസ്റ്റുകള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നേട്ടം കൊയ്തത്.

 


ഇതുകൂടി വായിക്കൂ; സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കുന്നതിൽ രാജ്യത്തിന് മാതൃക ഇടതുപക്ഷം മാത്രം: വിക്കി മഹേശരി


 

ഇന്ത്യയില്‍ നരേന്ദ്രമോഡിയെന്ന ഏകാധിപത്യ പട്ടം ചാര്‍ത്തപ്പെട്ട ബിജെപി നേതാവ് ഏഴരവര്‍ഷക്കാലം കാണിച്ചു കൂട്ടിയ വിക്രിയകള്‍ ഒരു രാജ്യത്തെ സാമ്പത്തികമായും സാമൂഹ്യമായും എത്രമാത്രം പുറകോട്ടടിച്ചു എന്നത് നാം കണ്ടുകൊണ്ടിരിക്കുകയാണ്. മനുവാദത്തിന്റെ പേരില്‍ പട്ടികജാതി-ദളിത് ആദിവാസികളെ ആള്‍ക്കൂട്ടക്കൊലകള്‍ക്കിരയാക്കി. ദളിത് പിന്നാക്ക വിഭാഗത്തിൽപ്പെട്ട പെൺകുട്ടികളെ അതിക്രൂരമായി ബലാൽസംഗം ചെയ്യുകയും കൊലപ്പെടുത്തുകയും ചെയ്ത എത്രയെത്ര സംഭവങ്ങൾ മോഡി-യോഗി ഭരണത്തിൽ ആവർത്തിച്ചു. പൊലീസിൽ പരാതി നൽകിയ രക്ഷകർത്താക്കളെ പ്രതികളോ പ്രതികളുടെ ബന്ധുക്കളോ തോക്കിനിരയാക്കിയും വാഹനമിടിച്ചും കൊലപ്പെടുത്തുന്നതും വേദനയോടെ നാം കണ്ടു. ഇന്ത്യൻ മണ്ണിൽ ജനിച്ചു വളർന്ന മതന്യൂനപക്ഷ വിഭാഗങ്ങളെ ബീഫിന്റെ പേരിൽ ആൾക്കൂട്ടക്കൊലകൾക്ക് ഇരയാക്കി. പൗരത്വ നിയമഭേദഗതിയുടെ മറവിൽ സ്വാതന്ത്ര്യ പ്രാപ്തിക്കു മുൻപു തന്നെ ഇന്നത്തെ ഇന്ത്യൻ മണ്ണിൽ എത്തിച്ചേർന്നവരുടെ രണ്ടും മൂന്നും പിൻതലമുറയിൽപ്പെട്ടവരും അവരുടെ അനന്തരാവകാശികളും ജയിലിലടയ്ക്കപ്പെട്ടു. നാസി ഭരണത്തിലുണ്ടായിരുന്ന ജർമ്മനിയിലെ കോൺസെൻട്രേഷൻ ക്യാമ്പുകളെ ഓർമ്മിപ്പിക്കുന്ന പുതിയ തടവറകൾ (ഡീറ്റെൻഷൻ ക്യാമ്പുകൾ) അസം ഉൾപ്പെടെയുള്ള വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലും ഉത്തർപ്രദേശിലും മധ്യപ്രദേശിലും ഉയർന്നതും തടവുകാരാൽ നിറഞ്ഞതും മോഡി ഭരണത്തിലാണ്. ഫാസിസ്റ്റ് ഭരണക്രമത്തെ എതിര്‍ക്കുന്ന ആക്ടിവിസ്റ്റുകള്‍, മാധ്യമപ്രവര്‍ത്തകര്‍, അഭിഭാഷകര്‍, സാഹിത്യ‑സാംസ്‌കാരിക നായകര്‍, വിദ്യാര്‍ത്ഥി നേതാക്കള്‍ തുടങ്ങി എത്രയെത്ര പ്രതിഭകള്‍ ഇന്ന് ഇന്ത്യന്‍ കാരാഗൃഹങ്ങളില്‍ കഴിയുന്നു. ഫാദര്‍ സ്റ്റാന്‍സ്വാമിയെപ്പോലുള്ളവര്‍ അവിടെ കിടന്നു മരിച്ചു. ഗോവിന്ദ് പന്‍സാരെ, പ്രൊഫ. കല്‍ബുര്‍ഗി, ഗൗരി ലങ്കേഷ് തുടങ്ങിയ സാംസ്‌കാരിക സാമൂഹ്യ പ്രവര്‍ത്തകര്‍ സംഘപരിവാര്‍ തോക്കിനിരയായതും നമുക്ക് മറക്കാറായിട്ടില്ല. വരവരറാവുവിനെപ്പോലുള്ള കവികളും സാംസ്‌കാരിക പ്രവര്‍ത്തകരും ജാമ്യം നേടി വെളിയിലിറങ്ങിയപ്പോള്‍ ഭയപ്പെട്ട ഭരണകൂടം അവരുടെ മേല്‍ രാജ്യദ്രോഹ കുറ്റം വീണ്ടും ചുമത്തി ഇരുമ്പഴിക്കുള്ളിലാക്കാന്‍ ശ്രമിക്കുന്നു. സുധ ഭരദ്വാജിനെപ്പോലെയുള്ള അഭിഭാഷകര്‍ ഫാസിസത്തിന്റെ കയ്പുനീരു കുടിച്ചു ജയിലില്‍ തന്നെ കഴിഞ്ഞു കൂടുന്നു. ഫാഷസ് എന്ന ലാറ്റിന്‍ പദത്തിന്റെ ഉറവിടമായ നാക്കു തള്ളിനില്‍ക്കുന്ന മഴുവിനു ചുറ്റും കമ്പുകള്‍ കൂട്ടികെട്ടിയ രൂപം അധ്വാനത്തിന്റെയും ശിക്ഷയുടെയും അടയാളമാണെങ്കിലും അധ്വാനിക്കുന്ന തൊഴിലാളികളെയും കര്‍ഷകരെയുമാണ് ഫാസിസ്റ്റുകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കുന്നത്. മഴു ശിക്ഷ വിധിക്കുന്നതിന്റെ അടയാളവുമാണല്ലോ.ഇതെല്ലാം കണ്ടിട്ടും അനുഭവിച്ചിട്ടും പുരോഗമനാശയങ്ങള്‍ അവകാശപ്പെടുന്ന സംഘടനകള്‍ പാഠം പഠിക്കുന്നില്ല എന്നു വന്നാലോ. ഫാസിസത്തിന്റെ മുഖമുദ്രയില്‍ പ്രധാനമായ ജനാധിപത്യ വിരുദ്ധതയും കയ്യൂക്കിന്റെയും കത്തിക്കുത്തിന്റെയും രാഷ്ട്രീയവും അസഹിഷ്ണുത മനോഭാവവും എതിര്‍ ശബ്ദത്തെ ആക്രമിക്കുകയും അടിച്ചമര്‍ത്തുകയും ചെയ്യുന്ന ശൈലിയും വിദ്യാര്‍ത്ഥി സംഘടനാ പ്രവര്‍ത്തനത്തില്‍ കടന്നു കൂടാന്‍ പാടില്ലാത്തതാണ്. സ്‌കൂളുകളും കോളജുകളും സര്‍വകലാശാലകളും ജനാധിപത്യത്തിന്റെ ബാലപാഠങ്ങള്‍ പഠിപ്പിക്കാനും പഠിക്കാനും കഴിയുന്ന അക്ഷര കളരികളായിട്ടാണ് മാറേണ്ടുന്നത്. വിദ്യാഭ്യാസ വിദഗ്ധരും അധ്യാപകരും വിദ്യാര്‍ത്ഥികളും വിവിധ വിദ്യാഭ്യാസ വിഷയങ്ങളിന്മേല്‍ സമാധാനപരമായി സംവദിക്കുന്ന വേദികളായി നമ്മുടെ കലാശാലകള്‍ മാറണം. മിക്ക കോളജുകളിലും ജനാധിപത്യ പരീക്ഷണശാലയായ യൂണിയന്‍ തെരഞ്ഞെടുപ്പുകളില്‍ 50 ശതമാനം വിദ്യാര്‍ത്ഥികള്‍ പോലും പങ്കാളികളാകുന്നില്ല. സ്വതന്ത്രമായി വിനിയോഗിക്കേണ്ടുന്ന ജനാധിപത്യാവകാശത്തെ ഭയത്തിന്റെ അന്തരീക്ഷം മലീമസമാക്കുന്നതുകൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്. നമ്മുടെ കലാലയങ്ങളില്‍ ജനാധിപത്യവും സമാധാനവും സാഹോദര്യവും സഹിഷ്ണുതയും പുലരണം. എങ്കില്‍ മാത്രമെ വിദ്യാര്‍ത്ഥികളുടെ സംഘടനാ-രാഷ്ട്രീയ പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ത്ഥമുണ്ടാകൂ.

Exit mobile version