ചിറ്റൂരിൽ കുടുംബകലഹത്തെത്തുടർന്ന് ബിജെപി സ്ഥാനാർത്ഥിയായിരുന്ന യുവാവ് ബന്ധുവിനെ കുത്തിക്കൊന്നു. പൊൽപ്പുള്ളി ആറാം വാർഡിലെ ബിജെപി സ്ഥാനാർത്ഥി പ്രമോദ് കുമാറാണ് തന്റെ ഭാര്യയുടെ സഹോദരി ഭർത്താവായ ശരത്തിനെ(35) കൊലപ്പെടുത്തിയത്. ഇന്ന് വൈകിട്ട് അഞ്ചരയോടെ പൊൽപ്പുള്ളി കെ വി എം സ്കൂളിന് മുന്നിലെ റോഡിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ സംഭവം.
കുടുംബപ്രശ്നങ്ങളെച്ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും, പ്രകോപിതനായ പ്രമോദ് കയ്യിലുണ്ടായിരുന്ന താക്കോൽ ഉപയോഗിച്ച് ശരത്തിന്റെ കഴുത്തിൽ കുത്തുകയുമായിരുന്നു. ഗുരുതരമായി പരിക്കേറ്റ ശരത്തിനെ ഉടൻ തന്നെ പാലക്കാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ഏഴ് മണിയോടെ മരണം സംഭവിച്ചു. സംഭവത്തിൽ പ്രതി പ്രമോദ് കുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

