Site iconSite icon Janayugom Online

ക്ഷാമബത്ത കുടിശ്ശിക ഉടൻ അനുവദിക്കണം: ജോയിന്റ് കൗൺസിൽ

സംസ്ഥാന സർക്കാർ ജീവനക്കാർക്ക് കുടിശ്ശികയായ ക്ഷാമബത്തയും, പക്ഷപാത രഹിതമായി എല്ലാ വിഭാഗം ജീവനക്കാർക്കും ലീവ് സറണ്ടറും അനുവദിക്കണമെന്ന് ജോയിന്റ് കൗൺസിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം എം എം നജീം. ജോയിന്റ് കൗൺസിൽ ചാത്തന്നൂർ മേഖലാ സമ്മേളനം ദിലീപ് തമ്പി നഗർ (ചാത്തന്നൂർ രവീന്ദ്രൻ സ്മാരക ഹാളിൽ) ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാരിപ്പള്ളി മെഡിക്കൽ കോളജിലെ അനാവശ്യ പ്രതികാര സസ്പെൻഷൻ നടപടികൾ പിൻവലിക്കണമെന്നും അനധികൃതമായി താത്കാലിക നിയമനങ്ങൾ നടപ്പിലാക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മേഖലാ വൈസ് പ്രസിഡന്റ് കെ ബിജുവിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ രജനി പ്രസാദ് രക്തസാക്ഷി പ്രമേയവും, മേഖലാ കമ്മിറ്റിയംഗം ശ്യാം ലാൽ അനുശോചന പ്രമേയവും അവതരിപ്പിച്ചു. മേഖലാ കമ്മിറ്റിയംഗം എ നൗഫിയ സ്വാഗതം പറഞ്ഞു. സംസ്ഥാന കമ്മിറ്റിയംഗം വി ബാലകൃഷ്ണൻ സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. 2021 വർഷത്തെ മികച്ച സംസ്ഥാന ഹൈസ്കൂൾ തല കർഷക പ്രതിഭയായി തെരഞ്ഞെടുത്ത എ ആയുഷിന് ജോയിന്റ് കൗൺസിൽ ചാത്തന്നൂർ മേഖലയുടെ സ്നേഹാദരവ് സംസ്ഥാന കമ്മിറ്റിയംഗം എ ഗ്രേഷ്യസ് നൽകി. ജില്ലാ ജോയിന്റ് സെക്രട്ടറി മണികണ്ഠൻ, ജില്ലാ കമ്മിറ്റിയംഗങ്ങളായ പി ജോയി, ദീപക് ബി ആർ മേഖലാ സെക്രട്ടറി ബി ഗണേഷ് കുമാര്‍, ട്രഷറർ എ ഹുസൈന്‍ ജില്ലാ വൈസ് പ്രസിഡന്റ് എസ് ജുനിത എന്നിവര്‍ പങ്കെടുത്തു.
ഭാരവാഹികള്‍: ജി ഗിരീഷ് കുമാർ (പ്രസിഡന്റ്), കെ ബിജു, രജനി പ്രസാദ് (വൈസ് പ്രസിഡന്റുമാര്‍) ബി ഗണേഷ് കുമാര്‍(സെക്രട്ടറി), എ നൗഫിയ, വിനോദ് (ജോയിന്റ് സെക്രട്ടറിമാര്‍).

Exit mobile version