Site icon Janayugom Online

അര്‍ഷ്ദീപിനെ വിക്കിപീഡിയയില്‍ ‘ഖാലിസ്ഥാനി ’യാക്കി: വിശദീകരണം തേടി കേന്ദ്ര ഐടി മന്ത്രാലയം

ഏഷ്യാ കപ്പില്‍ പാകിസ്ഥാന്‍ ബാറ്റര്‍ ആസിഫ് അലിയുടെ ക്യാച്ച് വിട്ടതിനെ തുടര്‍ന്ന് കടുത്ത സൈബര്‍ ആക്രമണം നേരിട്ട് ഇന്ത്യന്‍ പേസര്‍ അര്‍ഷ്ദീപ് സിങ്. അര്‍ഷ്ദീപിന്റെ വിക്കിപീഡിയ പേജില്‍ ഖാലിസ്ഥാന്‍ ബന്ധം എഡിറ്റ് ചെയ്തു. ഇതോടെ ഇതുസംബന്ധിച്ച് വിശദീകരണം തേടി കേന്ദ്ര ഐടി മന്ത്രാലയം വിക്കിപീഡിയയ്ക്ക് സമൻസ് അയച്ചു. സംഭവത്തില്‍ ഐടി മന്ത്രാലയം വിക്കിപീഡിയക്ക് ഔദ്യോഗികമായി കാരണം കാണിക്കല്‍ നോട്ടീസ് അയക്കുമെന്നും റിപ്പോര്‍ട്ടുണ്ട്. വിക്കിപീഡിയ വെബ്സൈറ്റിൽ എഡിറ്റു ചെയ്യുന്നതിനുള്ള മാനദണ്ഡങ്ങൾ എന്താണെന്നും ഇത് എങ്ങനെയാണ് നിരീക്ഷിക്കുന്നതെന്നും സംബന്ധിച്ച് വിവരങ്ങൾ ചോദിച്ചറിയുമെന്ന് ഐടി മന്ത്രാലയം അറിയിച്ചു. ഏഷ്യാ കപ്പില്‍ ഇന്നലെ നടന്ന സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ പാകിസ്ഥാനെതിരെ അഞ്ച് വിക്കറ്റിനാണ് ഇന്ത്യ തോറ്റത്.

ഇന്ത്യ ഉയര്‍ത്തിയ 182 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന പാകിസ്ഥാന്‍ പത്തൊമ്പതാം ഓവര്‍വരെ സമ്മര്‍ദ്ദത്തിലായിരുന്നു. സ്പിന്നര്‍ രവി ബിഷ്‌ണോയി 18-ാം ഓവര്‍ എറിയുമ്പോള്‍ പാക് ടീമിന് ജയിക്കാന്‍ 34 റണ്‍സാണ് വേണ്ടിയിരുന്നത്. കൂറ്റനടിക്ക് പേരുകേട്ട ഖുഷ്‌ദില്‍ ഷായും ആസിഫ് അലിയുമായിരുന്നു ക്രീസില്‍. ആസിഫ് അലി മൂന്നാം പന്തില്‍ കൂറ്റനടിക്ക് ശ്രമിച്ചു. എഡ്‌ജായി മുകളിലേക്ക് ഉയര്‍ന്ന പന്ത് ഷോര്‍ട്ട് ഫൈന്‍ ലെഗില്‍ ഫീല്‍ഡ് ചെയ്തിരുന്ന അര്‍ഷ്ദീപിന് അടുത്തേക്കാണ് പോയത്. അനായാസം കൈയിലൊതുക്കാമായിരുന്നെങ്കിലും അര്‍ഷ്ദീപ് അത് അവിശ്വസനീയമായി നിലത്തിട്ടു. ഇതോടെയാണ് താരത്തിനെതിരെ സൈബര്‍ ആക്രമണവുമായി ചിലര്‍ രംഗത്തെത്തിയത്. അർഷ്ദീപിന്റെ പേരിലും മാറ്റം വരുത്തിയതായി കണ്ടെത്തിയിരുന്നു. ‘മേജർ അർഷ്ദീപ് സിങ് ലാങ്റ’ എന്നും ‘മേജർ അർഷ്ദീപ് സിങ് ബജ്‌വ’ എന്നും പേരിൽ മാറ്റം വരുത്തിയിരുന്നു. അർഷ്ദീപിന്റെ മത്സര വിവരങ്ങളിലും വ്യത്യാസം വരുത്തിയിരുന്നതായാണ് വിവരം.

Eng­lish Sum­ma­ry: Fans Troll Arshdeep Singh For Drop­ping Catch In India vs Pak­istan Asia Cup Match
You may also like this video

Exit mobile version