യുഡിഎഫ് യോഗം ബഹിഷ്കരിച്ച മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ചാണ്ടിക്കും, രമേശ് ചെന്നിത്തലക്കും എതിരേ പരാതിയുമായി പുതിയ നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്റിനെ സമീപിക്കും. വിവാദങ്ങള്‍ ഉണ്ടാക്കി പാര്‍ട്ടി പ്രവര്‍ത്തനം സ്തംഭിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നാരോപിച്ച് നേതൃത്വം പരാതി നല്‍കാനാണ് തീരുമാനം. ഉമ്മന്‍ചാണ്ടിയുടെയും രമേശ് ചെന്നിത്തലയുടെയും അനാവശ്യ സമ്മര്‍ദ്ദങ്ങള്‍ക്ക് എന്ത് വന്നാലും വഴങ്ങേണ്ടെന്ന കടുത്ത നിലപാടിലേക്ക് കെ സുധാകരനും വിഡി സതീശനും എത്തിക്കഴിഞ്ഞു.
നേതാക്കളുടെ ഗ്രൂപ്പുകളിക്കെതിരെ ശക്തമായ നിലപാട് തന്നെ സ്വീകരിക്കാനാണ് തീരുമാനം. പുനസംഘടന മരവിപ്പിക്കണമെന്ന് ആവശ്യപ്പെടുന്നതിലൂടെ പാര്‍ട്ടിയുടെ പ്രവര്‍ത്തനം തന്നെ സ്തംഭിപ്പിക്കാനാണ് മുതിര്‍ന്ന നേതാക്കള്‍ ശ്രമിക്കുന്നതെന്ന് ഹൈക്കമാന്‍ഡിനെ നേരിട്ട് കണ്ട് നേതൃത്വം ബോധിപ്പിക്കുമെന്നാണ് വിവരം. അതേസമയം, സംഘടനാ തിരഞ്ഞെടുപ്പ് നീട്ടികൊണ്ടുപോകാനുള്ള നീക്കത്തില്‍ എ, ഐ ഗ്രൂപ്പുകള്‍ കടുത്ത അതൃപ്തിയിലാണ്. നവംബര്‍ ഒന്നിന് അംഗത്വ വിതരണം ഉദ്ഘാടനം ചെയ്തിട്ടും നടപടികള്‍ മുന്നോട്ടു പോകാത്തത് ഗ്രൂപ്പുകള്‍ ചൂണ്ടിക്കാട്ടുന്നു. കെ സുധാകരന്‍ മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ചകള്‍ നടത്തുന്നില്ലെന്നും രാഷ്ട്രീയകാര്യ സമിതി വിളിക്കാന്‍ തയാറാകുന്നില്ലെന്നും ആക്ഷേപമുന്നയിക്കുന്നു.
കെപിസിസി നേതൃത്വം കോണ്‍ഗ്രസ് ഹൈക്കമാന്‍ഡിനെ സമീപിക്കാന്‍ തീരുമാനം എടുത്തതോടെ ഐ, എ ഗ്രൂപ്പുകള്‍ നേതൃത്വവുമായുള്ള പോര് കടുപ്പിക്കും. ഇതോടെ കേരളത്തിലെ കോൺഗ്രസിൽ പ്രശ്‌നം അതീവ സങ്കീർണ്ണമാകും. നിർണ്ണായക നീക്കങ്ങളാണ് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ നടത്തുന്നത്. എ‑ഐ ഗ്രൂപ്പുകളെ പൂർണ്ണമായും തകർക്കാനാണ് തീരുമാനം. ഗ്രൂപ്പുകളുടെ ഭാഗമായിട്ടുള്ള ഡിസിസി അദ്ധ്യക്ഷന്‍മാരെല്ലാം സുധാകരന്‍— സതീശന്‍ വിഭാഗത്തോട് കൂറു പുലര്‍ത്തി നിലപാട് സ്വീകരിച്ചിരിക്കുന്നു. കെപിസിസി സെക്രട്ടറിമാര്‍, ഡിസിസി ഭാരവാഹികള്‍ എന്നിവരെ നിയമിക്കാനുള്ള സുധാകരന്‍റെ തീരുമാനത്തെ എതിര്‍ക്കുന്നതിനു പിന്നിലും ഇതേ സഹാചര്യം ഇല്ലാതാക്കാനാണ്. ഉമ്മന്‍ചാണ്ടിയും, രമേശ് ചെന്നിത്തലയും യുഡിഎഫ് യോഗം ബഹിഷ്കരിച്ചത് സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വത്തിന് കനത്ത ആഘാതമായി. ഇരുവരും യുഡിഎഫ് ചെയര്‍മാന്‍ സ്ഥാനം വഹിച്ചവരായിരുന്നു.
ഘടകക്ഷികളും അതൃപ്തി ഉളവാക്കിയിട്ടുണ്ട്. രാജ്യസഭാ ഉപതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ നിയമസഭാ മന്ദിരത്തിലെത്തിയ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും തൊട്ടടുത്തുള്ള കന്റോൺമെന്റ് ഹൗസിലെ യുഡിഎഫ് യോഗം അവഗണിച്ച് മടങ്ങുകയായിരുന്നു. കെപിസിസി നേതൃത്വത്തിന്റെ ഏകപക്ഷീയ നിലപാടുകൾ ഹൈക്കമാൻഡിനെ ധരിപ്പിച്ചിട്ടും മനോഭാവത്തിൽ മാറ്റമില്ലാത്തതാണ് മുതിർന്നനേതാക്കളെ ചൊടിപ്പിച്ചത്. കൂടിയാലോചന നടത്തണമെന്ന ഹൈക്കമാൻഡ് നിർദ്ദേശത്തിന് ചെവികൊടുക്കാതെയാണ് സംസ്ഥാന നേതൃത്വം നീങ്ങുന്നത്. ജനറൽ സെക്രട്ടറിമാരുടെ ചുമതല നിശ്ചയിച്ചതും ആലോചിക്കാതെയാണ്. ഈ സാഹചര്യത്തിലാണ് യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചത്.ഈ സാഹചര്യത്തിൽ ഹൈക്കമാണ്ട് ഇവരെ ശാസിക്കണമെന്നാണ് കെപിസിസിയുടെ ആവശ്യം. കെപിസിസിയുടെ പ്രവർത്തനത്തെ പ്രതിസന്ധിയിലാക്കാൻ ആരേയും അനുവദിക്കില്ലെന്നും സുധാകരൻ നിലപാട് എടുത്തു കഴിഞ്ഞു.
പ്രതിപക്ഷ നേതാവ് വിഡി സതീശനും ഇതേ നിലപാടിലാണ്. എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാലും ഗ്രൂപ്പ് നേതാക്കളെ പിന്തുണയ്ക്കുന്നില്ല. കോൺഗ്രസിലെ പ്രശ്‌നങ്ങൾ ഒരിക്കലും യുഡിഎഫിലേക്ക് കൊണ്ടു വന്നിരുന്നില്ല ആരും. ചെന്നിത്തലയും ചാണ്ടിയും അതു ലംഘിച്ചതായിട്ടാണ് നേതൃത്വത്തിന്‍റെ പരാതി. യുഡിഎഫ് യോഗത്തിൽ ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ലെന്ന് കെ സുധാകരൻ കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പറഞ്ഞിരുന്നു. ഇതിലും വലിയ കൊടുങ്കാറ്റ് വന്നിട്ടും തളർന്നിട്ടില്ല. ഇത് ചായക്കോപ്പയിലെ കൊടുങ്കാറ്റ് മാത്രമെന്നും അദ്ദേഹം പരിഹസിച്ചു. ഇതിന് പിന്നാലെയാണ് ഹൈക്കമാണ്ടിന് പരാതി നൽകാനുള്ള തീരുമാനം. ദീർഘകാലമായി യുഡിഎഫിൽ കോൺഗ്രസിനെ നയിച്ചിരുന്ന ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ആദ്യമായാണു പ്രതിഷേധത്തിന്റെ ഭാഗമായി യോഗത്തിൽ പങ്കെടുക്കാതിരുന്നത്. ഇരുനേതാക്കളും കൂടിയാലോചിച്ചു തീരുമാനിക്കുകയായിരുന്നു.
ഇതോടെ പാർട്ടിയിലെ അസ്വാരസ്യങ്ങൾ യുഡിഎഫിലും പ്രതിഫലിച്ചു.സംഘടനാ തിരഞ്ഞെടുപ്പു പ്രഖ്യാപിച്ച സാഹചര്യത്തിൽ നാമനിർദ്ദേശം വഴിയുള്ള അഴിച്ചുപണി അഭികാമ്യമല്ലെന്നു കോൺഗ്രസ് അധ്യക്ഷയെ കണ്ട് ഉമ്മൻ ചാണ്ടി വ്യക്തമാക്കിയിരുന്നു. അച്ചടക്കസമിതി രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടു. ഹൈക്കമാൻഡിന്റെ തുടർനടപടി ഉണ്ടാകാത്തതാണു പ്രതിഷേധം പ്രകടിപ്പിക്കുന്നതിലേക്ക് എത്തിച്ചത്. ഇതിനിടയില്‍ പല നേതാക്കളും ഗ്രൂപ്പിനോട് വിടപറഞ്ഞ് കെഎസ്-വിഡി. കെസി അച്ചുതണ്ടിനൊപ്പം കൂടുന്നു. എ ഗ്രൂപ്പിന്‍റെ മുന്നണി പോരാളിയായിരുന്ന എം എം ഹസന്‍ ഗ്രൂപ്പ് വിട്ട് ഇവര്‍ക്കൊപ്പം നില്‍ക്കുന്നു. നേരത്തെ ഗ്രൂപ്പ് നേതാക്കളായിരുന്ന തിരുവഞ്ചൂര്‍, ഷാഫി പറമ്പില്‍, ടി.സിദ്ധിഖ് തുടങ്ങിവര്‍ എ ഗ്രൂപ്പിനോട് വിടപറഞ്ഞിരുന്നു.