Site icon Janayugom Online

മാസായി ടര്‍ബോയെത്തുമ്പോള്‍

മാസ് ചിത്രങ്ങളുടെ സംവിധായകന്‍ വൈശാഖും ത്രില്ലര്‍ ചിത്രങ്ങള്‍ക്കായി തൂലിക ചലിപ്പിക്കുന്ന മിഥുന്‍ മാനുവല്‍ തോമസും മമ്മൂട്ടിക്ക് വേണ്ടി ഒന്നിക്കുമ്പോള്‍ സാധാരണ സിനിമാ പ്രേക്ഷകര്‍ക്ക് ഒരു പ്രതീക്ഷയുണ്ട്. ആ പ്രതീക്ഷയ്ക്ക് കോട്ടം തട്ടാത്ത രീതിയിലാണ് തിയേറ്ററില്‍ നിന്നും ടര്‍ബോയ്ക്ക് കിട്ടുന്ന ആദ്യ റിപ്പോര്‍ട്ടുകള്‍. ടര്‍ബോ ജോസ് എന്ന ഇടുക്കിക്കാരനായ ജീപ്പ് ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടിയെത്തുന്നത്. വെറുതെ പോയി തല്ലുണ്ടാക്കുന്ന ചട്ടമ്പിയല്ലെങ്കിലും ജോസിനെയും സുഹൃത്തുക്കളെയും ചുറ്റി വള്ളിക്കെട്ടുപോലെ അടിയുമിടിയുമൊക്കെയുണ്ടാകും. ഇത്തരമൊരു പ്രശ്നത്തില്‍പ്പെട്ട് ജോസ് ചെന്നൈയിലെത്തുന്നു. ഹൈറേഞ്ചിലെ ലോക്കല്‍ ഗുണ്ടകളുടെ ചെറിയ ഗ്രൗണ്ടില്‍ നിന്നും ചെന്നൈ പോലെ ഒരു മെട്രോപൊളിറ്റന്‍ നഗരത്തില്‍ വമ്പന്‍ സംഘങ്ങളോട് ജോസിന് തല്ലുണ്ടാക്കേണ്ടി വരുന്നതോടെയാണ് കഥ വികസിക്കുന്നത്. രാഷ്ട്രീയത്തിലും ബിസിനസിലുമെല്ലാം ശക്തമായ വേരോട്ടമുള്ള കോടികളുടെ ആസ്തിയും ആള്‍ബലവുമുള്ള രാജ് ബി ഷെട്ടി അവതരിപ്പിച്ച വെട്രിവേല്‍ ഷണ്‍മുഖം സുന്ദരം എന്ന വില്ലനോട് ചെന്നൈ നഗരത്തില്‍ യാതൊരു പിന്‍ബലവുമില്ലാതെ എത്തപ്പെടുന്ന ജോസ് നടത്തുന്ന പോരാട്ടമാണ് സിനിമയുടെ ഭൂരിഭാഗവും.

കുറച്ചുകാലമായി പരീക്ഷണ ചിത്രങ്ങള്‍ക്കും പതിഞ്ഞതാളത്തില്‍ പോകുന്ന ആക്ഷന്‍ ചിത്രങ്ങള്‍ക്കും പിന്നാലെ പോകുന്ന മമ്മൂട്ടി എന്ന മെഗാതാരത്തിന്റെ താരമൂല്യത്തെ ടാര്‍ജറ്റ് ചെയ്താണ് ടര്‍ബോ ഒരുക്കിയിരിക്കുന്നത്. നിരവധി ആക്ഷന്‍ രംഗങ്ങള്‍ ഇതിനായി സൃഷ്ടിക്കപ്പെട്ടിട്ടുണ്ട്. ബിന്ദു പണിക്കരുടെ റോസക്കുട്ടി, അഞ്ജന ജയപ്രകാശിന്റെ ഇന്ദുലേഖ, നിരഞ്ജന അനൂപിന്റെ സിതാര തുടങ്ങിയ കഥാപാത്രങ്ങളുടെ നിര്‍മ്മിതിയും ആ കഥാപാത്രങ്ങള്‍ക്ക് ചിത്രത്തിലുള്ള പ്രാധാന്യവും കുടുംബപ്രേക്ഷകരെ തിയേറ്ററുകളിലേക്ക് ആകര്‍ഷിക്കുമെന്നുറപ്പാണ്. കഴിഞ്ഞ കുറച്ചുകാലങ്ങളായി മലയാള സിനിമയുടെ അണിയറയില്‍ മുഴങ്ങിക്കേള്‍ക്കുന്ന ‘സ്ത്രീകഥാപാത്രങ്ങളെവിടെ… അവരുടെ പ്രാധാന്യമെവിടെ’ എന്ന ചോദ്യത്തിനുത്തരമാണ് ആക്ഷന്‍ സ്വീക്വന്‍സുകളില്‍ പോലും നായകനോടൊപ്പം സ്ക്രീന്‍ പ്രസന്‍സ് പങ്കിടുന്ന ഈ വനിതാ കഥാപാത്രങ്ങള്‍. ബിന്ദു പണിക്കരും അഞ്ജനയും തങ്ങളുടെ കഥാപാത്രങ്ങളെ മനോഹരമാക്കി. രാജ് ബി ഷെട്ടി എന്ന നടന്‍ മൊഴിമാറ്റ ചിത്രങ്ങളിലൂടെ മലയാളികള്‍ക്ക് പ്രിയങ്കരനാണ്. നായകനോടൊപ്പമോ ഒരു പക്ഷേ അതിലേറെയോ ബില്‍ഡപ്പുള്ള രീതിയിലാണ് മിഥുന്‍ മാനുവല്‍, രാജിന്റെ കഥാപാത്രത്തെ സൃഷ്ടിച്ചിട്ടുള്ളത്. കട്ടയ്ക്ക് നില്‍ക്കുന്ന വില്ലനോടുള്ള പോരാട്ടം മമ്മൂട്ടിയുടെ ഹീറോപരിവേഷത്തിന് ശക്തമായി അടിത്തറ നല്‍കി.

ശബരീഷ് വര്‍മ്മ, ആദര്‍ശ് സുകുമാരന്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്സാണ്ടര്‍, അബിന്‍ ബിനോ എന്നിവരോടൊപ്പം തമിഴ് നടന്‍ സുനില്‍, കബീര്‍ ദുഹന്‍ സിങ്, വി ടി വി ഗണേഷ് തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തി. ഹാസ്യമുഹൂര്‍ത്തങ്ങളും തിയേറ്ററില്‍ ചിരിയുണര്‍ത്തുന്നുണ്ട്. കാര്‍ ചേസിങ് ഉള്‍പ്പെടെയുള്ള ആക്ഷന്‍ രംഗങ്ങള്‍ ധാരാളമുള്ള ടര്‍ബോയെ കാഴ്ചക്കാരന്റെ മനസില്‍ പതിപ്പിക്കുന്നതില്‍ വിഷ്ണു ശര്‍മ്മയുടെ ഡിഒപിയും ഷമീര്‍ മുഹമ്മദിന്റെ കട്ട്സും ക്രിസ്റ്റോ സേവ്യറുടെ സംഗീതവുമെല്ലാം ശക്തമായ പിന്തുണ നല്‍കുന്നുണ്ട്. നാല് പതിറ്റാണ്ട് പിന്നിട്ട തന്റെ അഭിനയ സപര്യയില്‍ കാമ്പുള്ള കഥാപാത്രങ്ങള്‍ക്കൊപ്പം പ്രേക്ഷകന് കയ്യടിക്കാനും ആര്‍പ്പുവിളിക്കാനും തിയേറ്ററുകളെ ഉത്സവപ്പറമ്പാക്കാനുമുള്ള നിരവധി കഥാപാത്രങ്ങളെ സൃഷ്ടിച്ചിട്ടുണ്ട്. 73 വയസുള്ള മലയാള സിനിമ ഇതുവരെ കണ്ടിട്ടുള്ള ഏറ്റവും പ്രായംകൂടിയ മെഗാതാരം തന്റെ മൂന്നാം തലമുറ പ്രേക്ഷകരോട് സംവദിക്കുകയാണ് കഴിഞ്ഞ കുറച്ച് ചിത്രങ്ങളിലൂടെ, താരമെന്ന നിലയില്‍ മമ്മൂട്ടിയുടെ സ്ക്രീന്‍ പ്രസന്‍സ് കോടികളുടെ വിറ്റുവരവ് ലിസ്റ്റിലേക്കും ടര്‍ബോയെ എത്തിക്കുമെന്നുറപ്പാണ്. 

Eng­lish Summary:film review turbo
You may also like this video

Exit mobile version