സംസ്ഥാനത്തിന്റെ സാമ്പത്തികാവകാശങ്ങൾ സംരക്ഷിക്കണമെന്ന ആവശ്യവുമായി കേരള സർക്കാർ സുപ്രീം കോടതിയിൽ നൽകിയ ഹർജിയെത്തുടർന്ന് കേന്ദ്ര സർക്കാർ സ്വീകരിച്ചിട്ടുള്ള നിലപാട് സംസ്ഥാന താല്പര്യത്തിന് എതിരാണ്. സംസ്ഥാന സർക്കാരുകളുമായി നല്ല ബന്ധത്തിനുതകുന്ന സമീപനമല്ല കേന്ദ്രം സ്വീകരിച്ചിട്ടുള്ളത്. നികുതി വിഹിതം, കേന്ദ്രാവിഷ്കൃത പദ്ധതികളുടെ കേന്ദ്ര വിഹിതം, ധന ഉത്തരവാദിത്ത നിയമത്തിന്റെ പരിധിയിൽനിന്ന് എടുക്കുന്ന വായ്പ തുടങ്ങിയവ സംസ്ഥാനത്തിന്റെ വരുമാന മാർഗങ്ങളിൽ അവഗണിക്കാനാകാത്ത ഭാഗമാണ്. ഈ വരുമാന മാർഗങ്ങളെ തടസപ്പെടുത്തുന്ന നിലയിൽ ബിജെപി നേതൃത്വം നൽകുന്ന കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാടുകൾ സംസ്ഥാനങ്ങളെ ദുർബലപ്പെടുത്താനേ സഹായിക്കൂ. സംസ്ഥാനത്തിന് കിട്ടിക്കൊണ്ടിരുന്ന കേന്ദ്ര നികുതി വിഹിതത്തിൽ പകുതിയിലേറെ കുറഞ്ഞു. കഴിഞ്ഞവർഷം ഇത്തരത്തിൽ 18,000 കോടി രൂപയുടെ നഷ്ടം നമുക്കുണ്ട്. ഈ വർഷം നഷ്ടം 21,000 കോടിയായി ഉയർന്നു. ജിഎസ്‌ടി നഷ്ടപരിഹാരം ഇല്ലാതാക്കിയത് കേരളത്തിന്റെ വരുമാനത്തെ കാര്യമായി ബാധിച്ചു. റവന്യു കമ്മി ഗ്രാന്റിലും ഈ വർഷം വലിയ കുറവുണ്ട്.
ഇതെല്ലാം നിലനിൽക്കുമ്പോഴാണ് കേന്ദ്രാവിഷ്കൃത പദ്ധതി ഗ്രാന്റുകളിലടക്കം അർഹതപ്പെട്ടതും, സംസ്ഥാനം മുൻകൂർ ചെലവിട്ടതുമായ തുകകൾ പോലും നിഷേധിക്കുന്ന സമീപനം കേന്ദ്രം സ്വീകരിച്ചത്. അത് ലഭ്യമാക്കുന്നതിനായി ഭരണപരമായ എല്ലാ നടപടികളും നമ്മൾ സ്വീകരിച്ചു. കണക്കുകളെല്ലാം കൃത്യമായി നൽകി. അർഹതപ്പെട്ട പണം തരണമെന്ന ആവശ്യവുമായി നിയമസഭ രണ്ടുതവണ പ്രമേയം പാസാക്കി അറിയിച്ചു. മുഖ്യമന്ത്രി പിണറായി വിജയനും, ധനകാര്യ മന്ത്രി എന്നനിലയിൽ ഞാനും പലതവണ വിഷയം കേന്ദ്രത്തിന്റെ ശ്രദ്ധയിൽപ്പെടുത്തി. ഉദ്യോഗസ്ഥതലത്തിലും മന്ത്രിതലത്തിലും നിരവധി കത്തുകൾ നൽകി. രാഷ്ട്രീയമായും നമ്മുടെ പ്രശ്നങ്ങൾ ഉയർത്തി. എന്നിട്ടും നീതി നിഷേധിക്കപ്പെടുന്ന ഘട്ടത്തിലാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഭരണഘടനാപരമായി സംസ്ഥാനത്തിന് ലഭിക്കേണ്ട ധനാവകാശങ്ങൾ കൃത്യമായി ഹർജിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതോടെ ചില രാഷ്ട്രീയ പ്രശ്നങ്ങളും ഉയർന്നുവന്നിട്ടുണ്ട്. സുപ്രീം കോടതിയിൽ ഉന്നയിക്കപ്പെട്ടത് കേരളത്തിന്റെ മാത്രം പ്രശ്നമല്ലെന്നത് പൊതുവിൽ എല്ലാ സംസ്ഥാനങ്ങളും തിരിച്ചറിഞ്ഞു. കർണാടകത്തില്‍ കോൺഗ്രസ് നേതൃത്വം നൽകുന്ന സർക്കാരും ഡൽഹിയിൽ സമരം നടത്തി. അവിടുത്തെ മുഖ്യമന്ത്രിയും ഉപമുഖ്യമന്ത്രിയും എംഎൽഎമാരും എംഎൽസിമാരുമടക്കം സമരത്തിന്റെ ഭാഗമായി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കൊൽക്കത്തയിൽ വലിയ സമരം നടന്നു. കശ്മീർ, പഞ്ചാബ്, ഡൽഹി, തമിഴ്‌നാട്, മേഘാലയ ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽനിന്ന് പിന്തുണ ഉണ്ടായി. കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ അടക്കം രാഷ്ട്രീയ നേതൃത്വത്തിന്റെ വലിയൊരു പങ്കും കേരളത്തിന്റെ സമരത്തെ പിന്തുണച്ചു.
ഇതുകൂടി വായിക്കൂ:പൊതുവിതരണ സംവിധാനത്തെ തകര്‍ക്കുന്ന കേന്ദ്ര നടപടികള്‍
സുപ്രീം കോടതിയിൽ കേരളം രണ്ട് ആവശ്യങ്ങൾ ഉന്നയിച്ചു. അടിയന്തര ആവശ്യങ്ങൾ പരിഗണിച്ചുള്ള ഇടക്കാല ഉത്തരവായിരുന്നു ഒന്ന്. ഒരു സംസ്ഥാനമായാലും സ്ഥാപനമായാലും വ്യക്തിയായാലും ആവശ്യങ്ങൾക്ക് പണ ലഭ്യത എന്നത് പ്രധാന പ്രശ്നമാണ്. അത് സമയത്തിന് കിട്ടേണ്ടതുണ്ട്. സംസ്ഥാനവും കേന്ദ്രവും തമ്മിലുള്ള പരസ്പര ചർച്ചയിലൂടെ സമവായം കണ്ടെത്തിക്കൂടേ എന്ന അഭിപ്രായം സുപ്രീം കോടതി മുന്നോട്ടുവച്ചു. കേരളത്തിന്റെ പ്രതിനിധിയായ അഭിഭാഷകൻ അപ്പോൾതന്നെ ചർച്ചയ്ക്കുള്ള സന്നദ്ധത അറിയിച്ചു. ഉച്ചയ്ക്കുശേഷം കേന്ദ്ര സർക്കാരിന്റെ അഭിഭാഷകനും ചർച്ചയ്ക്ക് തയ്യാറെന്ന് അറിയിച്ചു. കേരളം ചർച്ചയെ ഗൗരവത്തിൽ തന്നെയാണ് സമീപിച്ചത്. ധനമന്ത്രിയുടെ നേതൃത്വത്തിൽ നാലംഗ പ്രതിനിധി സംഘം ചർച്ചയ്ക്ക് പോകാൻ തീരുമാനിച്ചു. കേന്ദ്രസർക്കാരിനായി റവന്യു സെക്രട്ടറിയും അഡീഷണൽ സോളിസിറ്റർ ജനറൽ അടക്കമുള്ള ഉദ്യോഗസ്ഥരും ചർച്ചയിൽ പങ്കെടുത്തു. എന്നാൽ, അവിടെ കേന്ദ്രം എടുത്ത നിലപാട് ആശാവഹമായിരുന്നില്ല. കേരളത്തിന് ഇപ്പോൾ സ്വാഭാവികമായും 13,609 കോടി കിട്ടാനുണ്ട്. ഈ പണം തരണമെങ്കിൽ ഹർജി പിൻവലിക്കണം എന്നതായിരുന്നു കേന്ദ്ര പ്രതിനിധികളുടെ നിലപാട്. ഇക്കഴിഞ്ഞ 19ന് സുപ്രീം കോടതി ഹർജി വീണ്ടും പരിഗണിച്ചപ്പോഴും കേന്ദ്ര നിലപാട് വിചിത്രമായിരുന്നു. പണം കൊടുക്കാനുണ്ട്, എന്നാൽ, ഹർജി പിൻവലിച്ചാലേ നൽകൂ എന്ന സമീപനമാണ് സ്വീകരിച്ചത്. ഇന്ത്യൻ ഭരണഘടനയെ അംഗീകരിക്കാത്ത, ബഹുമാനിക്കാത്ത നിലപാടാണ് കേന്ദ്ര സർക്കാരിൽനിന്ന് ഉണ്ടായത്. ആര്‍ക്കും തങ്ങളുടെ അവകാശങ്ങൾ സ്ഥാപിച്ചെടുക്കാൻ കോടതിയെ സമീപിക്കാനുള്ള ഭരണഘടനാപരമായ അധികാരമുണ്ട്.
കോടതിയിലേക്ക് പോകത്തക്ക നിലയിൽ കേന്ദ്ര സർക്കാരും സംസ്ഥാനവും തമ്മിലൊരു തർക്കമുണ്ടാകുന്നത് അത്യപൂർവമായ സംഭവമാണ്. തർക്ക പരിഹാരത്തിന് മറ്റ് മാർഗങ്ങളെല്ലാം തേടിയ ശേഷമാണ് കോടതിയെ സമീപിച്ചത്. കേസ് നിലനിൽക്കുന്നതിനാൽ പണം തരാൻ കഴിയില്ലെന്ന വാദത്തിൽനിന്നുതന്നെ കേരളം പറഞ്ഞത് പൂർണമായും ശരിയാണെന്നാണ് തെളിയുന്നത്. ഒരു തർക്കവുമില്ലാത്തതിനാലാണ് 13,609 കോടി രൂപ തരാമെന്ന് സമ്മതിക്കുന്നത്. ഊർജ മേഖലയിലെ നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഫലമായി കടം എടുക്കാൻ അനുവദിച്ച 4866 കോടി, പബ്ലിക് അക്കൗണ്ടിലെ നിക്ഷേപം തെറ്റായി കണക്കാക്കിയതുമൂലം കടമെടുപ്പിൽ കുറച്ച 4323 കോടി, കഴിഞ്ഞവർഷത്തെ വായ്പാനുമതിയിൽ ബാക്കി 1877 കോടി, പുനർവായ്പാ (റീപ്ലേസ്‌മെന്റ് ലോൺ) ഇനത്തിലെ 2543 കോടി എന്നിങ്ങനെ 13,609 കോടി എടുക്കാൻ സമ്മതിക്കാമെന്നായിരുന്നു കേന്ദ്ര നിലപാട്. ഇത് തർക്കരഹിതമായ വായ്പയാണ്. അത് ലഭിക്കണമെങ്കിൽ ഹർജി പിൻവലിക്കണമെന്ന് പറയുന്നത് ‘ബ്ലാക്ക് മെയിലിങ്’ ആണ്. സംസ്ഥാനത്തെ സമ്മർദത്തിലാക്കി ശ്വാസം മുട്ടിക്കാനുള്ള നീക്കമാണ്. കൂലി വർധന ആവശ്യപ്പെട്ട് തൊഴിൽ വകുപ്പിന് പരാതി നൽകിയ തൊഴിലാളിയോട്, നിലവില്‍ ചെയ്ത ജോലിക്ക് കൂലി ലഭിക്കാൻ പരാതി പിൻവലിക്കണമെന്ന് ആവശ്യപ്പെടുന്ന പിന്തിരിപ്പൻ മുതലാളിയുടെ സമീപനമാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നത്. ആഭ്യന്തര ഉല്പാദനത്തിന്റെ മൂന്നു ശതമാനം മാത്രമാണ് സംസ്ഥാനത്തിന് കടമെടുക്കാനാകുന്നത്. ഇതിനുപുറമെ ഊർജ മേഖലയിലെ പരിഷ്കാര നടപടികൾക്കായി അര ശതമാനം അധികവും അനുവദിക്കുന്നു.
ഇതുകൂടി വായിക്കൂ:അവകാശവാദങ്ങളും പ്രഖ്യാപനങ്ങളും
കഴിഞ്ഞവർഷം അനുവദിച്ചത് 2.44 ശതമാനം മാത്രമാണ്. ഇതേസമയം കേന്ദ്രസർക്കാരിന്റെ കഴിഞ്ഞവർഷത്തെ ധനക്കമ്മി 6.4 ശതമാനമായിരുന്നു. ഈ വർഷം പുതുക്കിയ കണക്കിലും 5.8 ശതമാനമാണ്. അടുത്തവർഷം 5.1 ശതമാനം കടം എടുക്കേണ്ടിവരുമെന്ന് ബജറ്റിൽ പറയുന്നു. സംസ്ഥാനങ്ങളുടെ വായ്പയുടെ ഇരട്ടിയാണിത്. സാമ്പത്തിക വർഷാവസാനമായ മാർച്ചിൽ സംസ്ഥാനങ്ങൾക്ക് വലിയ ചെലവാണുള്ളത്. കഴിഞ്ഞ മാർച്ചിലെ കേരളത്തിന്റെ ട്രഷറി ചെലവ് 22,000 കോടിയോളം രൂപയാണ്. ഈ സാഹചര്യം മുതലെടുക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാർ നടത്തുന്നത്. ആളെ ബന്ദിയാക്കി കരാർ ഒപ്പിടീക്കുന്ന കവലച്ചട്ടമ്പിയുടെ രീതിയാണിത്. ഭരണഘടനാപരമായി സംസ്ഥാനത്തിന്റെയും കേന്ദ്രത്തിന്റെയും അവകാശം സംരക്ഷിക്കുന്ന നിലപാടായിരിക്കും കോടതി സ്വീകരിക്കുക എന്നാണ് കേരള സർക്കാരിന്റെ പ്രതീക്ഷ. നിയമ നടപടിയുമായി മുന്നോട്ടുപോയാൽ സംസ്ഥാനത്തിന്റെ ആശുപത്രികളിലെ മരുന്നും സ്കൂളുകളിലെ ഉച്ചഭക്ഷണ വിതരണവും മുടക്കുമെന്നും നാടിന്റെ ദൈനംദിന ആവശ്യങ്ങൾക്കുള്ള പണം തരില്ലെന്നും പറയുന്നത് കേരളത്തോടുള്ള വെല്ലുവിളിയാണ്. അർഹതപ്പെട്ട പണം ലഭിക്കേണ്ടത് കേരളത്തിലെ മുഴുവൻ ജനങ്ങളുടെയും ആവശ്യമാണ്. ഒപ്പം ഇന്ത്യയിലെ മുഴുവൻ ജനങ്ങളുടെയും അവകാശങ്ങൾ സംരക്ഷിക്കാനുള്ള പ്രയത്നവുമാണ്.