കാനഡയിൽ തിയേറ്ററുകൾക്ക് നേരെയുണ്ടായ വെടിവെയ്‌പ്പിനെ തുടർന്ന് മലൈക്കോട്ടൈ വാലിബന്റെ പ്രദർശനം നിർത്തിവെച്ചതായി റിപ്പോർട്ട്. ഗ്രേറ്റർ ടൊറൻ്റോ ഏരിയയിലെ നാല് സിനിമാശാലകളിൽ അടുത്തിടെയുണ്ടായ തോക്ക് അക്രമ സംഭവങ്ങളെത്തുടർന്നാണ് സിനിപ്ലക്സ് ഇൻക് പോലെയുള്ള കനേഡിയൻ സിനിമാ പ്രദർശകർ രാജ്യവ്യാപകമായി വാലിബന്റെ പ്രദർശനം നിർത്തിവെച്ചത്.
ഭീഷണിയും നശീകരണവും വഴി കാനഡയിലെ ദക്ഷിണേന്ത്യൻ ഭാഷാ ചിത്രങ്ങളുടെ വിപണി നിയന്ത്രിക്കാൻ ശ്രമിക്കുന്ന ചിലരാണ് ഈ ആക്രമണങ്ങൾക്ക് പിറകിലെന്ന് വിതരണക്കാർ പറയുന്നു. 2015 മുതലുള്ള സംഭവങ്ങൾ, തമിഴ്, തെലുങ്ക്, മലയാളം സിനിമകളെ ബാധിച്ചിട്ടുണ്ടെന്നും, ഇത് പ്രേക്ഷകരുടെ സുരക്ഷയെയും വിതരണക്കാരുടെ സാമ്പത്തിക നഷ്ടത്തെയും കുറിച്ചുള്ള ആശങ്കകളെയും വർധിപ്പിക്കുന്നുവെന്നും വിതരണക്കാർ വ്യക്തമാക്കി.
‘അന്വേഷണത്തിന് നേതൃത്വം നൽകുന്ന പ്രാദേശിക അധികാരികളുമായി ഞങ്ങൾ സഹകരിക്കുന്നുണ്ട്. കൂടുതൽ വിശദാംശങ്ങൾ ഇപ്പോൾ പങ്കിടാൻ കഴിയില്ല. ഞങ്ങളുടെ നിയന്ത്രണത്തിന് അതീതമായ സാഹചര്യങ്ങളായത് കൊണ്ട് തന്നെ മലൈക്കോട്ടൈ വാലിബൻ ഇനി സിനിപ്ലക്‌സ് തിയറ്ററുകളിൽ പ്രദർശിപ്പിക്കുന്നില്ല. 2015‑ൽ സിനിപ്ലക്സ് തമിഴ് ചലച്ചിത്ര വിപണിയിലേക്ക് വ്യാപിച്ചതോടെ, തിയേറ്ററുകൾക്ക് നേരെ ആക്രമണങ്ങൾ അഴിച്ചുവിടുന്നത്. ഇത് തെലുങ്ക് മലയാളം സിനിമകളെയും ഇപ്പോൾ ബാധിക്കുന്ന സ്ഥിതിയാണുള്ളതെന്ന് സിനിപ്ലെക്‌സിൻ്റെ കമ്മ്യൂണിക്കേഷൻസ് വൈസ് പ്രസിഡൻ്റ് മിഷേൽ സാബ പറഞ്ഞു.
English Summary:Firing at theatres, screening of Malaikottai Valiban was cancelled
You may also like this video