ഒസ്ട്രാവ ഗോൾഡൻ സ്പൈക് അത്‌ലറ്റിക് മീറ്റ് ജാവലിൻ ത്രോയിൽ ഒന്നാമതെത്തിയെങ്കിലും ത്രോയില്‍ സംതൃപ്തിയില്ലെന്ന് ഇന്ത്യന്‍ ജാവലിന്‍ താരം നീരജ് ചോപ്ര. ദോഹ ഡയമണ്ട് ലീഗില്‍ സ്വപ്ന ദൂരമായ 90 മീറ്റര്‍ എറിയാന്‍ നീരജിന് കഴിഞ്ഞിരുന്നു. എന്നാല്‍ അതിനേക്കാൾ അഞ്ചുമീറ്ററോളം കുറവാണ് കഴിഞ്ഞ ദിവസം നടന്ന മീറ്റില്‍ ത്രോ ചെയ്യാന്‍ കഴിഞ്ഞതെന്നതിനാല്‍ ഈ പ്രകടനത്തില്‍ സംതൃപ്തിയില്ലെന്ന് നീരജ് പറഞ്ഞു. കഴിഞ്ഞ ദിവസം നടന്ന മീറ്റില്‍ 85.29 ദൂരമെറിഞ്ഞാണ് നീരജ് ഒന്നാമതെത്തിയത്. മൂന്നാം ത്രോയിലാണ് 85.29 ദൂരമെറിഞ്ഞത്. 83.45, 82.17 എന്നിങ്ങനെയാണ് ആദ്യ രണ്ട് ത്രോ. നാലാം ത്രോയില്‍ 81.01 മീറ്റര്‍ ദൂരം മാത്രമേ ജാവലിന്‍ പായിക്കാന്‍ നീരജിനായുള്ളു. 84.12 മീറ്റർ എറിഞ്ഞ ദക്ഷിണാഫ്രിക്കയുടെ ഡൗ സ്മിത്ത് രണ്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്തു.
അടുത്തിടെ സമാപിച്ച പാരിസ് ഡയമണ്ട് ലീഗില്‍ ഒന്നാം സ്ഥാനത്തെത്താന്‍ നീരജിന് കഴിഞ്ഞു. അടുത്ത മാസം അഞ്ചിന് ബംഗളൂരുവില്‍ നടക്കുന്ന നീരജ് ചോപ്ര ക്ലാസിക്കാണ് താരത്തിന്റെ അടുത്ത മത്സരം.

