Site iconSite icon Janayugom Online

5 സ്റ്റാര്‍ റേറ്റിംഗ് നേടി ആദ്യ മാരുതി കാര്‍; 2024 Maruti Dzire

മാരുതി സ്വിഫ്റ്റ് സീരീസില്‍ ഏറെ ആവശ്യക്കാരുള്ള മോഡലുകളില്‍ ഒന്നാണ് ഡിസയര്‍. സാധാരണക്കാര്‍ മുതല്‍ ടാക്‌സി ആവശ്യങ്ങള്‍ക്കു വരെ ഉപയോഗിക്കപ്പെടുന്ന രാജ്യത്തെ ജനപ്രിയ വാഹനങ്ങളില്‍ ഒന്നാണിത്. മാരുതി സ്വിഫ്റ്റ്‌ ഡിസയറിന്റെ പുതിയ മോഡല്‍ അവതരിപ്പിച്ചിരിക്കുകയാണ്‌. അടിമുടി മാറ്റങ്ങളുമായാണ് വാഹനം അവതരിപ്പിച്ചിരിക്കുന്നത്‌. രൂപകല്‍പ്പനയില്‍ വന്‍ മാറ്റങ്ങളാണ് കമ്പനി വരുത്തിയിരിക്കുന്നത്. അകത്തുനിന്നും പുറത്തുനിന്നും ഈ മാറ്റങ്ങള്‍ പ്രകടവുമാണ്. ഈ വര്‍ഷം ആദ്യം ഔദ്യോഗികമായി പുറത്തിറക്കിയ നാലാം തലമുറ സ്വിഫ്റ്റിന്റെ അതേ പ്ലാറ്റ്ഫോമിലാണ് ഡിസയറിന്റെയും നിര്‍മ്മാണം.

നാലാം തലമുറ സ്വിഫ്റ്റിനായി വികസിപ്പിച്ച ഏറ്റവും പുതിയ സെഡ് സീരീസ് എന്‍ജിനാണ്‌ ഡിസയറിനും കമ്പനി നല്‍കിയിരിക്കുന്നത്‌. എന്നാല്‍ ഈ 1.2 ലിറ്റര്‍ സെഡ് സീരീസ് എന്‍ജി ന്‍ 3 സിലിണ്ടര്‍ ആണ്. 81 ബിഎച്ച്പി പവറും, 112 എന്‍എം ടോര്‍ക്കും ഈ എന്‍ജിന്‍ ഉല്‍പ്പാദിപ്പിക്കും. പക്ഷെ പഴയ സ്വിഫറ്റ് പെര്‍ഫോമന്‍സ് പരിഗണിക്കുമ്പോള്‍ ഇത് 8 ബിഎച്ച്പി പവറിന്റെയും, 2 എന്‍എം ടോര്‍ക്കിന്റെയും കുറവിനെ കാണിക്കുന്നു. കാരണം പഴയ മോഡലില്‍ 1.2 ലിറ്റര്‍ കെ സീരീസ് എന്‍ജിന്‍ ആയിരിന്നു ഉണ്ടായിരുന്നത്. എന്നാല്‍ ഇത് 4 സിലിണ്ടര്‍ എന്‍ജിന്‍ ആയിരുന്നു. 5 സ്പീഡ് ആണ് ഗിയര്‍ബോക്‌സ്.

പഴയ സ്വിഫ്റ്റിനെ അപേഷിച്ച്‌ പുതുക്കിയ ഡിസയറിന് 3,995 എംഎം നീളവും, 1,735 എംഎം വീതിയും, 1,525 എംഎം ഉയരവുമുണ്ട്‌ വീല്‍ബേസ് 2,450 എംഎം, ഗ്രൗണ്ട് ക്ലിയറന്‍സ് 163 എംഎം ആണ് നല്‍കിയിരിക്കുന്നത്‌. ഇന്റീരിയറിലെ പുതുമയാണ് ഏറെ ആകര്‍ഷിക്കപ്പെടുന്നത്. ഒരു പുതിയ ഫ്രീസ്റ്റാന്‍ഡിംഗ് 9 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം നല്‍കിയിരിക്കുന്നു. ആര്‍ക്കാമിസ് സൗണ്ട് സിസ്റ്റം, ലോക്കിംഗില്‍ ഓട്ടോ ഫോള്‍ഡിംഗ് ഒആര്‍വിഎം, എല്‍ഇഡി ഫോഗ് ലാമ്പുകള്‍, 360 ഡിഗ്രി ക്യാമറ, കണക്റ്റഡ് കാര്‍ ടെക്നോളജി, വയര്‍ലെസ് ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ക്രൂയിസ് കണ്‍ട്രോള്‍, റിയര്‍ എസി വെന്റുകള്‍, വയര്‍ലെസ് ഫോണ്‍ ചാര്‍ജിംഗ്, ഒരു ഇലക്ട്രിക് സണ്‍റൂഫ് എന്നിവ പുതിയ മോഡലിന്റെ ആകര്‍ഷണീയത വര്‍ധിപ്പിക്കുന്നു.

പുതിയ ഡിസയറിന് ഒരു സിഎന്‍ജി പതിപ്പ് ഉണ്ടായിരിക്കും . 69 ബിഎച്ച്പി പവറും, 102 എന്‍എം ടോര്‍ക്കും ഉല്‍പ്പാദിപ്പിക്കുന്നതാകും ഇത്. ഗ്ലോബല്‍ എന്‍സിഎപിയില്‍ നിന്ന് 5 സ്റ്റാര്‍ റേറ്റിംഗ് നേടുന്ന മാരുതിയുടെ ആദ്യ കാറെന്ന റെക്കോഡ് പുതിയ ഡിസയര്‍ നേടി കഴിഞ്ഞു. ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കണ്‍ട്രോള്‍, മെച്ചപ്പെടുത്തിയ കാല്‍നടക്കാര്‍ക്കുള്ള സംരക്ഷണം എന്നിവ സ്റ്റാന്‍ഡേര്‍ഡ് സുരക്ഷാ ഫീച്ചറുകളായി വാഹനം വാഗ്ദാനം ചെയ്യുന്നു. വാഹനം ഇന്ത്യയിലെ ഏറ്റവും സുരക്ഷിതമായ 5 കാറുകളുടെ പട്ടികയിലും ഇടം നേടി കഴിഞ്ഞു. 7- 10 ലക്ഷം രൂപയാണ് വിദഗ്ധര്‍ പുതിയ മാരുതി സുസുക്കി ഡിസയര്‍ 2024 ‑ന് പ്രതീക്ഷിക്കുന്നത്.

Exit mobile version