ഇന്ത്യയും കരുത്തരായ ന്യൂസിലാന്‍ഡും തമ്മിലുള്ള ടെസ്റ്റ് പരമ്പരയ്ക്ക് നാളെ ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ തുടക്കമാകുമ്പോള്‍ രവിചന്ദ്രന്‍ അശ്വിനെ കാത്തിരിക്കുന്നത് അഞ്ച് റെക്കോഡുകള്‍. ബംഗ്ലാദേശുമായുള്ള ടെസ്റ്റ്, ടി20 പരമ്പരകള്‍ തൂത്തുവാരിയ ശേഷമാണ് കിവികളുമായി ഇന്ത്യ അങ്കത്തിനൊരുങ്ങുന്നത്. ഐസിസി ടൂര്‍ണമെന്റുകളില്‍ എല്ലായ്‌പ്പോഴും ഇന്ത്യയുടെ ഉറക്കം കെടുത്തിയിട്ടുള്ള ടീമാണ് ന്യൂസിലാന്‍ഡ്. പക്ഷെ സ്വന്തം നാട്ടിലെ ടെസ്റ്റുകളില്‍ കിവികള്‍ ഇന്ത്യക്കു കാര്യമായ ഭീഷണി സൃഷ്ടിക്കാറില്ല.
ബംഗ്ലാദേശിനെതിരെ സെഞ്ചുറിയടക്കം നേടി ബൗളിങിനൊപ്പം ബാറ്റിങിലും വെറ്ററന്‍ സ്പിന്‍ ബൗളിങ് ഓള്‍റൗണ്ടര്‍ അശ്വിന്‍ മികച്ച പ്രകടനം നടത്തിയിരുന്നു. ഇന്ത്യയില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവുമധികം വിക്കറ്റുകളെടുക്കുന്ന ബൗളറെന്ന റെക്കോഡിന് അരികിലാണ് ആര്‍ അശ്വിന്‍. നിലവില്‍ ഈ റെക്കോഡ് മുന്‍ സ്പിന്‍ ഇതിഹാസം അനില്‍ കുംബ്ലെയ്ക്കു് അവകാശപ്പെട്ടതാണ്. ലിസ്റ്റില്‍ രണ്ടാം സ്ഥാനത്താണ് അശ്വിനുള്ളത്. ന്യൂസിലാന്‍ഡുമായുള്ള ടെസ്റ്റ് പരമ്പരയില്‍ 11 വിക്കറ്റുകള്‍ വീഴ്ത്താനായാല്‍ കുംബ്ലെയെ പിന്തള്ളി പുതിയ കിങ്ങായി അശ്വിന്‍ മാറും. 63 ടെസ്റ്റുകളില്‍ നിന്നും 350 വിക്കറ്റുകളാണ് കുംബ്ലെയുടെ സമ്പാദ്യം. 340 വിക്കറ്റുകളോടെയാണ് അശ്വിന്‍ രണ്ടാമതുള്ളത്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ കൂടുതല്‍ വിക്കറ്റുകളെടുത്ത ബൗളറായി മാറുകയെന്നതാണ് അശ്വിനെ കാത്തിരിക്കുന്ന രണ്ടാമത്തെ റെക്കോഡ്. 2019ല്‍ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പിനു ഐസിസി തുടക്കമിട്ട ശേഷം ഏറ്റവുമധികം വിക്കറ്റുകളെടുത്ത ബൗളര്‍മാരുടെ ലിസ്റ്റില്‍ അദ്ദേഹം രണ്ടാമതുണ്ട്. 43 ടെസ്റ്റുകളില്‍ നിന്നും 2.75 ഇക്കോണമി റേറ്റില്‍ 187 വിക്കറ്റുകളുമായി ഓസ്‌ട്രേലിയന്‍ സ്റ്റാര്‍ സ്പിന്നര്‍ നതാന്‍ ലിയോണാണ് തലപ്പത്ത്. 37 ടെസ്റ്റുകളില്‍ നിന്നും 2.76 ഇക്കോണി റേറ്റില്‍ 185 വിക്കറ്റുകളുള്ള അശ്വിന്‍ തൊട്ടരികിലുണ്ട്. ന്യൂസിലാന്‍ഡിനെതിരെ വെറും മൂന്നു വിക്കറ്റുകള്‍ മാത്രം വീഴ്ത്തിയാന്‍ അശ്വിന്‍ ഒന്നാമനാവും. 10 തവണയാണ് ലയണിനു അഞ്ചു വിക്കറ്റ് നേട്ടം കൈവരിക്കാന്‍ സാധിച്ചതെങ്കില്‍ അശ്വിന്‍ 11 തവണയാണ് ഈ നേട്ടം കുറിച്ചിട്ടുള്ളത്. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ 200 വിക്കറ്റുകളെന്ന വമ്പന്‍ നാഴികക്കല്ല് കുറിക്കുന്ന ആദ്യത്തെ ബൗളറായി ആര്‍ അശ്വിന്‍ മാറിയേക്കും. ഈ റെക്കോഡിലെത്താന്‍ മൂന്നു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹത്തിനു വേണ്ടത് 15 വിക്കറ്റുകളാണ്. നിലവിലെ ഫോം പരിഗണിക്കുമ്പോള്‍ അശ്വിന്‍ ഇതിലും കൂടുതല്‍ വിക്കറ്റുകള്‍ ഈ പരമ്പരയില്‍ വീഴ്ത്തിയേക്കും. ബംഗ്ലാദേശുമായുള്ള കഴിഞ്ഞ രണ്ടു ടെസ്റ്റുകളുടെ പരമ്പരയില്‍ അദ്ദേഹം 11 വിക്കറ്റുകള്‍ നേടിയിരുന്നു. ടെസ്റ്റില്‍ ഏറ്റവുമധികം അഞ്ച് വിക്കറ്റ് നേട്ടമുള്ള ലോകത്തിലെ രണ്ടാമത്തെ ബൗളറായി മാറുകയെന്നതും അശ്വിന് മുന്നിലുണ്ട്. നിലവില്‍ ഓള്‍ടൈം ലിസ്റ്റില്‍ ഓസ്‌ട്രേലിയയുടെ മുന്‍ സ്പിന്‍ ഇതിഹാസം ഷെയ്ന്‍ വോണിനോടൊപ്പം രണ്ടാംസ്ഥാനം പങ്കിടുകയാണ് അദ്ദേഹം. ഇരുവരും 37 തവണ വീതമാണ് റെഡ് ബോള്‍ ക്രിക്കറ്റില്‍ അഞ്ചു വിക്കറ്റ് നേട്ടം കൊയ്തിട്ടുള്ളത്.
ഈ ലിസ്റ്റില്‍ ഒന്നാമത് ശ്രീലങ്കയുടെ മുന്‍ സ്പിന്‍ വിസ്മയം മുത്തയ്യ മുരളീധരനാണ്. 67 തവണ അഞ്ചു വിക്കറ്റുകള്‍ വീഴ്ത്താന്‍ അദ്ദേഹത്തിനായിട്ടുണ്ട്.
ടെസ്റ്റിലെ എക്കാലത്തെയും മികച്ച ഏഴാമത്തെ വിക്കറ്റ് വേട്ടക്കാരനായി മാറാനും അശ്വിന് സാധിക്കും. 527 വിക്കറ്റുകളുള്ള അദ്ദേഹം ഇപ്പോള്‍ എട്ടാംസ്ഥാനത്താണുള്ളത്. അശ്വിനു തൊട്ടുമുന്നിലുള്ളത് ഓസ്‌ട്രേലിയയുടെ (530) നതാന്‍ ലയണാണ്. ന്യൂസിലാന്‍ഡിനെതിരെ നാലു വിക്കറ്റുകള്‍ വീഴ്ത്തിയാല്‍ ലയണിനെ മറികടന്ന് അദ്ദേഹം പുതിയ ഏഴാം സ്ഥാനക്കാരനാകും.