രണ്ട് വ്യത്യസ്ത അപകടങ്ങളിലായി പുഴയിലും വെള്ളച്ചാട്ടത്തിലും അകപ്പെട്ട് മരണത്തെ മുഖാമുഖം കണ്ട അഞ്ച് ജീവനുകളെ രക്ഷപ്പെടുത്തി. ചിറ്റൂര്‍ പുഴയില്‍ അകപ്പെട്ട നാലുപേരെയും കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ നിന്ന് ഒരാളെയുമാണ് അഗ്നിരക്ഷാസേന രക്ഷിച്ചത്. കനത്ത മഴയെത്തുടര്‍ന്ന് മൂലത്തറ റെഗുലേറ്റർ ഉയർത്തിയപ്പോള്‍ ചിറ്റൂർപ്പുഴയിൽ പെട്ടെന്ന് ജലനിരപ്പ് ഉയർന്നതിനെത്തുടര്‍ന്ന് നാല് മൈസൂർ സ്വദേശികൾ പുഴയുടെ മധ്യത്തിലെ പാറയില്‍ അകപ്പെടുകയായിരുന്നു. സമീപവാസികൾ പുഴയിലിറങ്ങരുതെന്ന് മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചുകൊണ്ടാണ് ഒരു സ്ത്രീ ഉൾപ്പെട്ട തീർത്ഥാടക സംഘം വെള്ളത്തിലിറങ്ങിയത്. മണിക്കൂറുകളുടെ പരിശ്രമത്തിനൊടുവില്‍ കുത്തിയൊഴുകുന്ന മലവെള്ളപ്പാച്ചിലില്‍ നിന്ന് നാലുപേരെയും അഗ്നിരക്ഷാസേനാംഗങ്ങള്‍ വടംകെട്ടി രക്ഷപ്പെടുത്തി.
വൈകിട്ട് മൂന്നു മണിയോടെയാണ് കൊല്ലങ്കോട് സീതാർകുണ്ട് വെള്ളച്ചാട്ടത്തിൽ രണ്ടുപേർ കുടുങ്ങിയതായി വിവരം ലഭിക്കുന്നത്.
കുന്നക്കാട്ടെ സീതാർകുണ്ട് വെള്ളച്ചാട്ടത്തിലേക്ക് യാത്രാവിലക്കുണ്ടായിരുന്നു. വണ്ടിത്താവളം സ്വദേശികളായ ആറംഗസംഘം എത്തിയെങ്കിലും വനംവകുപ്പ് ഉദ്യോഗസ്ഥർ ഇവരെ തിരിച്ചയച്ചു. എന്നാൽ ഉദ്യോഗസ്ഥരുടെ കണ്ണുവെട്ടിച്ച് യുവാക്കള്‍ നാലുകിലോമീറ്ററോളം നടന്ന് സീതർകുണ്ട് വെള്ളച്ചാട്ടത്തില്‍ ഇറങ്ങുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. ശക്തമായ വെള്ളപ്പാച്ചില്‍ കണ്ട് നാലുപേര്‍ കരയ്ക്കെത്തിയെങ്കിലും രണ്ടുപേർ അവിടെ കുടുങ്ങുകയായിരുന്നു. തുടർന്ന് കൊല്ലങ്കോട് പൊലീസിൽ വിവരമറിയിച്ചു. കൊല്ലങ്കോട്, ചിറ്റൂർ അഗ്നിരക്ഷാസേനകൾ സ്ഥലത്തെത്തി ഒരാളെ രക്ഷിക്കുന്നതിനിടെ രണ്ടാമൻ നീന്തി കരകയറി. അപകടത്തില്‍പ്പെട്ടവരെ രക്ഷപ്പെടുത്തിയ അഗ്നിരക്ഷാസേനാംഗങ്ങളെ മന്ത്രി കെ കൃഷ്ണൻകുട്ടി സ്ഥലത്തെത്തി അനുമോദിച്ചു. ചിറ്റൂർ, കൊല്ലങ്കോട് അഗ്നിരക്ഷാ സേനാംഗങ്ങള്‍ മികച്ച നിലയ്ക്കാണ് രക്ഷാപ്രവര്‍ത്തനം ഏകോപിപ്പിച്ചതെന്ന് അഗ്നിരക്ഷാ സേന ജില്ലാ മേധാവി ജി മധു പറഞ്ഞു.
English Summary: Four persons trapped in Palakkad Chittoor river were rescued
You may also like this video