വാലന്റൈൻസ് ദിനത്തോടനുബന്ധിച്ച് ഇന്ത്യൻ സിനിമയിലെ എക്കാലത്തെയും മികച്ച മൂന്ന് പ്രണയചിത്രങ്ങൾ വീണ്ടും തിയേറ്ററുകളിലേക്ക് എത്തുന്നു. ഷാരൂഖ് ഖാൻ നായകനായ ‘ദേവദാസ്’, സൽമാൻ ഖാന്റെ ‘തേരേ നാം’, മണിരത്നം ചിത്രം ‘യുവ’ എന്നിവയാണ് ഈ മാസം പിവിആർ ഐനോക്സ് തിയേറ്ററുകളിൽ റീ-റിലീസ് ചെയ്യുന്നത്. ഫെബ്രുവരി ആറിന് ദേവദാസും, ഫെബ്രുവരി 20ന് യുവയും, ഫെബ്രുവരി 27ന് തേരേ നാമും വെള്ളിത്തിരയിൽ പ്രദർശനത്തിനെത്തും.
സഞ്ജയ് ലീല ബൻസാലി സംവിധാനം ചെയ്ത ‘ദേവദാസ്’ 2002ലെ വലിയ ബോക്സ് ഓഫീസ് വിജയമായിരുന്നു. സതീഷ് കൗശിക് ഒരുക്കിയ ‘തേരേ നാം’ സൽമാൻ ഖാന്റെ കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിൽ ഒന്നായി ഇന്നും വിലയിരുത്തപ്പെടുന്നു. രാഷ്ട്രീയവും പ്രണയവും കോർത്തിണക്കി മണിരത്നം 2004ൽ പുറത്തിറക്കിയ ‘യുവ’ അതിന്റെ വ്യത്യസ്തമായ ആഖ്യാനശൈലി കൊണ്ടാണ് ശ്രദ്ധിക്കപ്പെട്ടത്. പ്രിയപ്പെട്ട പ്രണയചിത്രങ്ങൾ വലിയ സ്ക്രീനിൽ ഒരിക്കൽ കൂടി ആസ്വദിക്കാനുള്ള അവസരമാണ് ഇതിലൂടെ സിനിമാപ്രേമികൾക്ക് ലഭിക്കുന്നത്.

