Site iconSite icon Janayugom Online

ഹൃദയത്തില്‍ നിന്ന് ഹൃദയത്തിലേക്ക് ഫാത്തിമ അന്‍ഷി…

ഇതിന് മുമ്പ് അവളുടെ മുഖത്ത് ഇത്ര ചിരി വിടര്‍ന്നിട്ടില്ല, വലിയൊരു സമ്മാനം കയ്യെത്തിപ്പിടിച്ചതുപോലെ വാതോരാതെ അവള്‍ സംസാരിച്ചു. ഫാത്തിമ അന്‍ഷി എന്ന പെണ്‍കുട്ടിയായിരുന്നു ഇന്നലെ നിയമസഭ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ താരം. 100 ശതമാനം കാഴ്ചപരിമിതിയുള്ള അന്‍ഷിയുടെ സ്വപ്നമായിരുന്നു പുസ്തകോത്സവ വേദി. കഴിഞ്ഞ വര്‍ഷം പുസ്തകോത്സവം കാണാനെത്തിയ അന്‍ഷി ഈ ആഗ്രഹം പങ്കുവെച്ചിരുന്നു. ഇതറിഞ്ഞ സ്പീക്കറുടെ ഓഫിസ് ഇത്തവണ അവള്‍ക്കായി വേദി ഒരുക്കി. ഇന്നലെ സ്റ്റുഡന്റ്സ് കോര്‍ണറില്‍ ‘ഹാര്‍ട്ട് ടു ഹാര്‍ട്ട് ’ പരിപാടിയിലാണ് അന്‍ഷി സംസാരിച്ചത്. കുട്ടികളും മുതിര്‍ന്നവരും ഉള്‍പ്പെടെ പങ്കെടുത്ത സദസിനെ നോക്കി തന്റെ ജീവിതവും അതിജീവനവും അവള്‍ പറഞ്ഞു. തുടക്കം മുതല്‍ ഒടുക്കം വരെ കേട്ടിരുന്നവര്‍ നിറഞ്ഞ കയ്യടിയോടെ അവളെ ഏറ്റെടുത്തു. പരിമിതികള്‍ക്കിടിയില്‍ നിന്നും ഉയരങ്ങള്‍ കീഴടക്കിയ അന്‍ഷിയുടെ കഥ എല്ലാവര്‍ക്കും പ്രചോദനമാണ്. കാഴ്ചാപരിമിതിക്കിടയിലും അക്കാദമിക- അക്കാദമികേതര രംഗത്തും മികച്ച നേട്ടമുണ്ടാക്കിയ വിദ്യാര്‍ത്ഥിനിയാണ് ഫാത്തിമ അന്‍ഷി. മലപ്പുറം സ്വദേശിയായ അന്‍ഷി യൂണിവേഴ്സ്റ്റി കോളജിലെ അവസാന വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിനിയാണ്.

സംസാരിക്കാന്‍ ക്ഷണം കിട്ടിയപ്പോള്‍ മുതല്‍ ആകാംഷയിലായിരുന്നുവെന്ന് അന്‍ഷി പറഞ്ഞു. യാഥാര്‍ഥ്യമാണോ, സ്വപ്നമാണോ എന്നറിയില്ല, വലിയ സന്തോഷമുണ്ടെന്നും അവള്‍ പറഞ്ഞു. ഇക്കാലയളവില്‍ വെല്ലുവിളികള്‍ ഒട്ടേറെ നേരിട്ടുണ്ട്. തന്റെ പരിമിതിയെ പലരും ചോദ്യം ചെയ്തിട്ടുണ്ട്. അതെല്ലാം വലിയ തോതില്‍ സ്വാധീനിച്ചിട്ടുണ്ട്. തന്റെ ജിവിത പോരാട്ടത്തിന് ഇതൊക്കെ ഘടകമായി. നമ്മളെല്ലാവരും ഒറ്റയ്ക്കല്ലെന്നും ഒരുമിച്ച് മുന്നേറിയാല്‍ ഈ ലോകത്തെ എല്ലാ വെല്ലുവിളിയും നേരിടാന്‍ പറ്റുമെന്നും അന്‍ഷി പറഞ്ഞു നിര്‍ത്തി. പതിനാലോളം വിദേശഭാഷകൾ പഠിക്കുന്ന അൻഷി, സംസ്ഥാന സർക്കാരിന്റെ പ്രഥമ ഉജ്വല ബാല്യം അവാർഡ് ജേതാവുകൂടിയാണ്. എസ്‌എസ്‌എൽസി പരീക്ഷ കമ്പ്യൂട്ടറിന്റെ സഹായത്തിൽ സ്വന്തമായി എഴുതി എല്ലാ വിഷയത്തിനും എ പ്ലസ്‌ നേടി. കേന്ദ്ര സാമൂഹ്യനീതി ശാക്തീകരണമന്ത്രാലയത്തിന്റെ ശ്രേഷ്ഠ ദിവ്യാംഗ് ബാലികാ പുരസ്കാരം, ഹയർ സെക്കൻഡറി വിഭാഗത്തിൽ മികച്ച എൻഎസ്‌എസ്‌ വളന്റിയർ അവാർഡ്, ഉന്നതവിദ്യാഭ്യാസവകുപ്പിന്റെ മികച്ച എൻഎസ്‌എസ്‌ വളന്റിയർ, യുവജന കമ്മിഷൻ പ്രഥമ യുവപ്രതിഭാ പുരസ്‌കാരം എന്നിവയും ലഭിച്ചു. എടപ്പറ്റ അബ്ദുൽ ബാരി – ഷംല ദമ്പതികളുടെ ഏക മകളാണ് ഫാത്തിമ അന്‍ഷി. സിവില്‍ സര്‍വന്റ് ആകുക എന്നതാണ് അന്‍ഷിയുടെ സ്വപ്നം. 

Exit mobile version