ജി 20 ഉച്ചകോടിയില്‍ അവതരിപ്പിച്ച സംയുക്ത പ്രസ്താവനയെ വിമര്‍ശിച്ച് ഉക്രെയ്ന്‍. സംയുക്ത പ്രസ്താവനയില്‍ അഭിമാനിക്കാന്‍ ഒന്നുമില്ലെന്ന് ഉക്രെയ്ന്‍ വിദേശകാര്യ വക്താവ് ഒലഗ് നിക്കേലെങ്കേ അഭിപ്രായപ്പെട്ടു. രാജ്യത്തിന് നേര്‍ക്കുള്ള റഷ്യയുടെ കടന്നു കയറ്റത്തെ അപലപിക്കാത്ത ജി 20 ഉച്ചകോടി രാജ്യങ്ങളുടെ മൗനം യുദ്ധത്തെ പ്രോല്‍സാഹിപ്പിക്കുന്ന വിധത്തിലുള്ളതാണെന്നും അദ്ദേഹം പറഞ്ഞു.
പ്രാദേശിക ഏറ്റെടുക്കല്‍ തേടുന്നതിന് ബലപ്രയോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ എല്ലാ രാജ്യങ്ങളോടും അഭ്യര്‍ത്ഥിക്കുന്നതായി പ്രമേയത്തില്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ റഷ്യന്‍ നടപടിയെ വിമര്‍ശിക്കാനോ അപലിക്കാനോ ജി20 രാജ്യങ്ങള്‍ മുന്നോട്ട് വരാത്ത നടപടിയാണ് ഉക്രെയ്ന്‍ പ്രതികരണത്തിന് ആധാരം. പ്രമേയത്തിലെ ശക്തമായ വാക്കുകളെ ഉള്‍പ്പെടുത്താന്‍ ശ്രമിച്ച അംഗ രാജ്യങ്ങളോട് ഉക്രൈന്‍ നന്ദി അറിയിക്കുന്നതായും നിക്കോലെങ്കോ കൂട്ടിച്ചേര്‍ത്തു. അതേസമയം ഉക്രെയ്നിനെതിരായ റഷ്യയുടെ ആക്രമണത്തിന്റെ കാര്യത്തില്‍ ജി 20 രാജ്യങ്ങള്‍ക്ക് അഭിമാനിക്കാന്‍ ഒന്നുമില്ല.
കഴിഞ്ഞ വര്‍ഷം ബാലിയില്‍ നടന്ന ജി 20 ഉച്ചകോടിയില്‍ അവതരിപ്പിച്ച സംയുക്ത പ്രസ്താവനയില്‍ റഷ്യയുടെ ഉക്രെന്‍ അധിനിവേശത്തെ അപലപിച്ച് അംഗരാജ്യങ്ങള്‍ മുന്നോട്ട് വന്നിരുന്നു. ചൈനയും റഷ്യയും മാത്രമാണ് പ്രസ്താവനയില്‍ ഭിന്നാഭിപ്രായം രേഖപ്പെടുത്തിയത്. ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസനത്തിനായുള്ള 2030 അജണ്ട നടപ്പാക്കാന്‍ അംഗരാജ്യങ്ങള്‍ പ്രതിജ്ഞാബദ്ധരാണെന്ന് സംയുക്തപ്രസ്താവനയില്‍ പറയുന്നുണ്ട്.