Site iconSite icon Janayugom Online

പുജാരയെ ടീമിലെത്തിക്കാന്‍ ഗംഭീര്‍ ശ്രമിച്ചു: ഇന്ത്യന്‍ ക്യാമ്പില്‍ വിവാദം പുകയുന്നു

ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിയില്‍ നാലാം ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ടീം ക്യാമ്പില്‍ വിവാദങ്ങള്‍ ഉയരുന്നു. വെറ്ററന്‍ താരം ചേതേശ്വര്‍ പുജാരയെ ബോര്‍ഡര്‍ ഗവാസ്കര്‍ ട്രോഫിക്കുള്ള ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീര്‍ തീരുമാനിച്ചിരുന്നതായി റിപ്പോര്‍ട്ട്. ചില സീനിയർ താരങ്ങളുടെ മോശം പ്രകടനത്തെ തുടർന്ന് വെറ്ററൻ ബാറ്റർ ചേതേശ്വർ പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ നിർദേശിച്ചെങ്കിലും സെലക്ഷൻ കമ്മിറ്റി ആവശ്യം തള്ളിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ടെസ്റ്റ് ക്രിക്കറ്റിൽ മികച്ച റെക്കോഡുകൾ ഉള്ള പുജാരയെ ടീമിലെത്തിക്കാൻ ഗംഭീർ നിരവധി തവണ ആവശ്യപ്പെട്ടെന്നും എന്നാൽ സെലക്ടർമാർ പരിഗണിച്ചില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. 

ഇന്ത്യക്കായി 103 ടെസ്റ്റുകളിൽ കളത്തിലിറങ്ങിയിട്ടുള്ള പുജാരയുടെ ബാറ്റിങ് ആവറേജ് 43.60 ആണ്. ഓസീസിനെതിരെയും മികച്ച ട്രാക്ക് റെ­ക്കോഡുള്ള താരമാണ് പു­ജാര. കങ്കാരുക്കൾക്കെതിരായ അവസാന രണ്ട് ടെസ്റ്റ് പരമ്പരകളിൽ ടീമിലുണ്ടായിരുന്ന താരം അന്ന് ടീമിലെ നിർണായക സാന്നിധ്യമായിരുന്നു. 2018ല്‍ ഇന്ത്യ വിജയിച്ച ഓസ്ട്രേലിയന്‍ പരമ്പരയില്‍ 521 റണ്‍സടിച്ച് ടോപ് സ്കോററായ പുജാര 2020–21 പരമ്പരയില്‍ 271 റണ്‍സടിച്ചിരുന്നു. ബ്രിസ്‌ബെയ്‌നിലെ ഗാബയില്‍ 211 പന്തുകള്‍ നേരിട്ട് താരം നേടിയ 56 റണ്‍സ് ഇന്ത്യയുടെ ചരിത്ര വിജയത്തില്‍ നിര്‍ണായകമാകുകയും ചെയ്തിരുന്നു. 2023ലെ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിലാണ് പുജാര അവസാനമായി ഇന്ത്യക്കു വേണ്ടി കളിച്ചത്. 

നേരത്തെ ഡ്രസിങ് റൂമിൽ സീനിയർ താരങ്ങൾക്കെതിരെ ഗംഭീർ രൂക്ഷ വിമർശനം ഉന്നയിച്ചെന്ന റിപ്പോർട്ടുകളുണ്ടായിരുന്നു. സീനിയർ താരങ്ങളുടെ പ്രകടനത്തിൽ നിശിത വിമർശനമുന്നയിച്ച ഗംഭീർ പ്രകടനം മെച്ചപ്പെടുത്തിയില്ലെങ്കില്‍ സീനിയര്‍ താരങ്ങളെ ടീമില്‍ നിന്നൊഴിവാക്കാന്‍ മടിക്കില്ലെന്ന് മുന്നറിയിപ്പും നല്‍കിയതായി ഇന്ത്യൻ ടീം വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോര്‍ട്ട് ചെയ്തു. സീനിയര്‍ താരങ്ങളുടെ മോശം പ്രകടനവും സ്വന്തം മണ്ണില്‍ ഇന്ത്യ ന്യൂസിലാന്‍ഡിനോട് പരമ്പര കൈവിട്ടതുമുള്‍പ്പെടെ നിരവധി വിമര്‍ശനങ്ങളാണ് ഗംഭീറിന് നേരെ ഉയരുന്നത്. 

Exit mobile version