Site iconSite icon Janayugom Online

ഗാംഗുലിയുടെ പിന്‍ഗാമിയായ റോജര്‍ ബിന്നി ബിസിസിഐ പ്രസിഡന്റായി ചുമതലയേറ്റു

36-ാമത് ബിസിസിഐ പ്രസിഡന്റായി മുന്‍ ക്രിക്കറ്റ് താരം റോജര്‍ ബിന്നിയെ തെരഞ്ഞെടുത്തു. മുംബൈയിൽ നടന്ന ബിസിസിഐ വാർഷിക ജനറൽ ബോഡി യോഗത്തിലാണ് തീരുമാനം. സൗരവ് ഗാംഗുലി സ്ഥാനമൊഴിയേണ്ടിവന്നതിന് പിന്നാലെയാണ് ബം­ഗളുരു സ്വദേശിയായ റോജർ ചുമതലയേൽക്കുന്നത്. അതേസമയം കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകൻ ജയ് ഷാ സെക്രട്ടറി സ്ഥാനത്ത് തുടരും. 

67കാരനായ ബിന്നി 1983ലെ ഇന്ത്യയുടെ ലോകകപ്പ് വിജയശില്പികളിലൊരാളായിരുന്നു. കര്‍ണാടക ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡന്റുകൂടിയായിരുന്നു അദ്ദേഹം. ഇന്നലെ ചേര്‍ന്ന ബിസിസിഐ ജനറല്‍ ബോഡിയില്‍ ബിന്നി എതിരില്ലാതെയാണ് തെരഞ്ഞെടുക്കപ്പെട്ടത്. ബിസിസിഐയിലെ മറ്റ് സ്ഥാനങ്ങളിലേക്കും മത്സരമുണ്ടായിരുന്നില്ല. ഐസിസി ചെയർമാൻ സ്ഥാനത്തേക്ക് ആരെയും ഇതുവരെ ബിസിസിഐ നിർദ്ദേശിച്ചിട്ടില്ല.
1979ലാണ് റോജർ ബിന്നി രാജ്യാന്തര അരങ്ങേറ്റം കുറിച്ചത്. ബംഗളുരുവിൽ പാകിസ്ഥാനെതിരെ ആദ്യ ടെസ്റ്റ് കളിച്ചു. ഇതിന് ശേഷം 1980ൽ ഓസ്ട്രേലിയയ്ക്കെതിരെയാണ് ബിന്നി ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. 

1979 മുതൽ 1987 വരെയായിരുന്നു റോജർ ബിന്നിയുടെ കരിയർ. ഇതിനിടയിൽ ഇന്ത്യക്കായി 27 ടെസ്റ്റുകളിലും 72 ഏകദിനങ്ങളിലും അദ്ദേഹം പങ്കെടുത്തു. ടെസ്റ്റിൽ 47 വിക്കറ്റും ഏകദിനത്തിൽ 77 വിക്കറ്റും ബിന്നിയുടെ പേരിലുണ്ട്. റോജർ ബിന്നി മാത്രമാണ് പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതെങ്കിലും നാടകീയതകളുണ്ടായിരുന്നു ഇക്കുറി ബിസിസിഐ തെരഞ്ഞെടുപ്പില്‍. ബിസിസിഐയിലെ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തെ മുന്‍ പ്രസിഡന്റ് എന്‍ ശ്രീനിവാസന്‍ രൂക്ഷമായി വിമര്‍ശിച്ചുവെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പ്രസിഡന്റെന്ന നിലയില്‍ ഗാംഗുലി ഒന്നും ചെയ്തില്ലെന്നും തികഞ്ഞ പരാജയമാണെന്നും ശ്രീനിവാസന്‍ തുറന്നടിച്ചതായായിരുന്നു റിപ്പോര്‍ട്ടുകള്‍.

Eng­lish Summary:Ganguly’s suc­ces­sor, Roger Bin­ny, took over as the BCCI president
You may also like this video

Exit mobile version