Site icon Janayugom Online

മടുത്തു ബബിള്‍ ജീവിതം; ഗെയ്‌ല്‍ ഐപിഎല്‍ വിട്ടു

ദുബായ്: ഐപിഎല്‍ പതിനാലാം സീസണിലെ ശേഷിച്ച മത്സരങ്ങളിൽ പഞ്ചാബ് കിങ്സിന്റെ സൂപ്പര്‍താരം ക്രിസ് ഗെയ്ൽ കളിക്കില്ല. ബയോ സെക്യുർ ബബിളിനുള്ളിലെ നിയന്ത്രണങ്ങളിൽ മനംമടുത്ത് ഗെയ്‍ൽ ടീം വിട്ടതായി പഞ്ചാബ് മാനേജ്മെന്റ് അറിയിച്ചു. കരീബിയൻ പ്രിമിയർ ലീഗിൽ കളിച്ച ഗെയ്‍ൽ അവിടെയും ശക്തമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ച് ബയോ ബബിളിനുള്ളിലായിരുന്നു. ഇതിന് പിന്നാലെയാണ് ഐപിഎല്ലില്‍ കളിക്കാനായി യുഎഇയില്‍ എത്തിയത്. 

ബബിളിനുള്ളിലെ തുടർച്ചയായ ജീവിതം മനസുമടുപ്പിച്ചെന്നു വ്യക്തമാക്കിയ സൂപ്പര്‍ താരം ട്വന്റി20 ലോകകപ്പിനു മുൻപ് മാനസികോന്മേഷം നേടുന്നതിനാണ് ഐപിഎലില്‍ നിന്ന് പിന്മാറുന്നതെന്ന് പ്രസ്താവനയില്‍ അറിയിച്ചു. ‘ടി20 ലോകകപ്പിൽ വെസ്റ്റിൻഡീസിനായി തുടർന്ന് കളിക്കേണ്ടതിനാൽ, ഐപിഎലിനിടെ ദുബായിൽവച്ച് ഒരു ഇടവേളയെടുക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇക്കാര്യത്തിൽ എന്റെ ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ച പഞ്ചാബ് കിങ്സ് മാനേജ്മെന്റിന് നന്ദി. ടീം വിട്ടാലും എന്റെ ആശംസകളും മനസ്സും ടീമിനൊപ്പമുണ്ട്. ഇനിയുള്ള മത്സരങ്ങൾക്കായി ടീമിന് എല്ലാ ആശംസകളും’ – ഗെയ്‍ൽ പറഞ്ഞു. 

ഈ വർഷം ഏറ്റവും കൂടുതൽ ടി20 മത്സരങ്ങളില്‍ കളിച്ച താരമാണ് 42കാരനായ ഗെയില്‍. വെസ്റ്റിൻഡീസ്, സിപിഎല്ലിൽ സെന്റ് കിറ്റ്സ് ആൻഡ് നെവിസ്, പാകിസ്ഥാൻ സൂപ്പർ ലീഗിൽ ക്വേറ്റ ഗ്ലാഡിയേറ്റേഴ്സ്, ഐപിഎല്ലിൽ പഞ്ചാബ് കിങ്സ് ടീമുകൾക്കായി ഇതിനകം 37 മത്സരങ്ങളിലാണ് താരം പാഡണിഞ്ഞത്. സിപിഎല്ലിന് ശേഷം ഐപിഎല്‍ രണ്ടാം ഭാഗത്തിന് എത്തിയ താരം പഞ്ചാബിന്റെ മൂന്നു മത്സരങ്ങളിൽ രണ്ടിലും കളത്തിലിറങ്ങിയിരുന്നു. എന്നാല്‍ 14ാം സീസണില്‍ താരം മികച്ച ഫോമിലായിരുന്നില്ല . 10 മത്സരങ്ങള്‍ കളിച്ച ഗെയ്ല്‍ 21.44 ശരാശരിയില്‍ 193 റണ്‍സ് മാത്രമേ നേടിയുള്ളൂ.

eng­lish sum­ma­ry: Gayle leaves IPL
You may also like this video

Exit mobile version