Site iconSite icon Janayugom Online

ക്യാപ്റ്റന്‍സിയില്‍ തലമുറമാറ്റം ഉടന്‍; നയിക്കാന്‍ ഗില്‍

രോഹിത് ശര്‍മ്മയ്ക്കു കീഴില്‍ ഇന്ത്യന്‍ ടീം വൈറ്റ് ബോള്‍ ഫോര്‍മാറ്റില്‍ കളിക്കുന്ന അവസാന മത്സരമായി ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ മാറിയേക്കും. നാളെയാണ് ഇന്ത്യയും ന്യൂസിലാന്‍ഡും കലാശപ്പോരിനിറങ്ങുന്നത്. ഈ മത്സരത്തിന്റെ ഫലം എന്തു തന്നെയായാലും ഏകദിനത്തില്‍ അദ്ദേഹം ഇനി നായകസ്ഥാനത്തു തുടരില്ലെന്നാണ് സൂചന. ശുഭ്മാന്‍ ഗില്‍ പകരം ഏകദിന ടീമിന്റെ നായകസ്ഥാനത്തേക്ക് എത്തുമെന്നാണ് സൂചന. അടുത്ത രണ്ട് വര്‍ഷത്തേക്ക് സ്ഥിരമായ ഒരു ക്യാപ്റ്റനെ നിലനിര്‍ത്തണമെന്നാണ് ബിസിസിഐ നിലപാട്. ഫൈനലിനു ശേഷം രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെക്കുറിച്ച് അന്തിമ തീരുമാനമെടുക്കുമെന്ന് ബിസിസിഐ നേരത്തെ അറിയിച്ചിരുന്നു. എന്നാല്‍ വിരമിക്കലിനെക്കുറിച്ച് അദ്ദേഹം സൂചനകളൊന്നും നല്‍കിയിട്ടില്ല.

2027ല്‍ നടക്കാനിരിക്കുന്ന അടുത്ത ഐസിസി ഏകദിന ലോകകപ്പിനുവേണ്ടി ഇന്ത്യയെ തയ്യാറാക്കി നിര്‍ത്താനാണ് ബിസിസിഐയുടെ നീക്കം. 37കാരനായ ഹിറ്റ്മാന്‍ അടുത്ത ലോകകപ്പില്‍ ഉണ്ടാകില്ലെന്നുറപ്പാണ്. കഴിഞ്ഞ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുശേഷം തന്നെ ഇതുമായി ബന്ധപ്പെട്ട് രോഹിത്തുമായി മുഖ്യ കോച്ച് ഗൗതം ഗംഭീര്‍, സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ അജിത് അഗാര്‍ക്കര്‍ എന്നിവര്‍ ചര്‍ച്ചയും നടത്തിയിരുന്നു. ചാമ്പ്യന്‍സ് ട്രോഫിക്കുശേഷം രോഹിത്തിന്റെ തീരുമാനത്തിനായി ബിസിസിഐ കാത്തിരിക്കും. അദ്ദേഹം വിരമിക്കല്‍ തീരുമാനമാണ് എടുക്കുന്നതെങ്കില്‍ തുടര്‍ന്ന് എന്താണ് ചെയ്യേണ്ടതെന്നു ബോര്‍ഡ് പരിശോധിക്കും. കഴിഞ്ഞ ജൂലൈയില്‍ രോഹിത് ടി20 ലോകകപ്പ് നേടിയതും ഇപ്പോള്‍ ചാമ്പ്യന്‍സ് ട്രോഫി ഫൈനലിലേക്കു ടീമിനെ നയിച്ചതും കുറച്ചു കാണാന്‍ സാധിക്കില്ലെന്നും ബിസിസിഐ വക്താവ് കൂട്ടിച്ചേര്‍ത്തു.

യുവ ഓപ്പണറായ ശുഭ്മാന്‍ ഗില്ലാണ് നായകസ്ഥാനത്തേക്ക് മുന്‍ നിരയിലുള്ളത്. ഈ ഫോര്‍മാറ്റില്‍ അദ്ദേഹത്തിന്റെ തകര്‍പ്പന്‍ റെക്കോഡ് ഇതിനെ അടിവരയിടുന്നു. ഗില്ലിനെ പുതിയ ഏകദിന ക്യാപ്റ്റനാക്കുന്നതിന്റെ ആദ്യ പടിയായി അടുത്തിടെ വൈസ് ക്യാപ്റ്റന്റെ ചുമതല നല്‍കിയിരുന്നു. ഇംഗ്ലണ്ടുമായി സമാപിച്ച മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയില്‍ ടീമിന്റെ വൈസ് ക്യാപ്റ്റനായിരുന്നു ഗില്‍. കൂടാതെ ചാമ്പ്യന്‍സ് ട്രോഫിയിലും ഇതേ ദൗത്യമാണ് അദ്ദേഹത്തിന് ടീം നല്‍കിയിട്ടുള്ളത്. ചിരവൈരികളായ പാകിസ്ഥാനുമായുള്ള ഗ്രൂപ്പ് മത്സരത്തിനിടെ രോഹിത് ശര്‍മ്മയ്ക്കു പരിക്കേറ്റ് അല്പസമയം ഗ്രൗണ്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നപ്പോള്‍ താല്‍ക്കാലിക ക്യാപ്റ്റന്റെ റോളും ഗില്‍ ഏറ്റെടുത്തിരുന്നു. സിംബാബ്‌വെയുമായി കഴിഞ്ഞ വര്‍ഷം നടന്ന അഞ്ചു ടി20കളുടെ പരമ്പരയില്‍ ഗില്‍ ഇന്ത്യയെ നയിച്ചിരുന്നു. ഈ പരമ്പര ഇന്ത്യ 4–1നു വിജയിക്കുകയും ചെയ്തു. 

എന്നാല്‍ ഏകദിന ക്യാപ്റ്റന്‍സിയില്‍ ശുഭ് മാന്‍ ഗില്‍ പരിചയസമ്പന്നനല്ലെന്നും കൂടുതല്‍ സമയം ആവശ്യമാണെന്നും ബിസിസിഐ വിലയിരുത്തുന്നുണ്ട്. 2019 ലോകകപ്പിന് രണ്ട് വര്‍ഷം മുമ്പ് എം എസ് ധോണി ക്യാപ്റ്റന്‍സി ഒഴിഞ്ഞത് കോലിക്ക് ആ സ്ഥാനത്തേക്ക് എളുപ്പത്തില്‍ എത്താന്‍ സമയം നല്‍കിയിരുന്നു. 2023 ഏകദിന ലോകകപ്പിന് രണ്ട് വര്‍ഷം മുമ്പ് 2021ല്‍ കോലി നായകസ്ഥാനം ഒഴിഞ്ഞതും മാതൃകയായി മുന്നിലുണ്ട്. 

Exit mobile version