Site iconSite icon Janayugom Online

ഗ്ലോക്കോമ; കാഴ്ചയുടെ നിശബ്ദ കൊലയാളി

എന്താണ് ഗ്ലോക്കോമ?

കണ്ണില്‍ നിന്ന് തലച്ചോറിലേക്ക് ദൃശ്യ വിവരങ്ങള്‍ എത്തിക്കുന്ന ഒപ്റ്റിക് നാഡിക്ക് കേടുപാടുകള്‍ വരുത്തുന്ന നേത്രരോഗമാണ് ഗ്ലോക്കോമ. കണ്ണിനുള്ളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിക്കുമ്പോഴാണ് ഇത്തരത്തില്‍ കേടുപാടുകള്‍ ഉണ്ടാകുന്നത്, വേണ്ട വിധത്തില്‍ ശ്രദ്ധ ചെലുത്തിയില്ലെങ്കില്‍ അത് കാഴ്ച കുറയാനും അന്ധതയ്ക്കും കാരണമാവുകയും പിന്നീട് ചികിത്സിച്ച് ഭേദമാക്കാന്‍ കഴിയാതെ വരികയും ചെയ്യും.

ഇന്ത്യയില്‍ 11.9 ദശലക്ഷം ഗ്ലോക്കോമ രോഗികളുണ്ട് അവരില്‍ 8.9 ദശലക്ഷം അന്ധത ബാധിച്ചവരാണ്. ഇന്ത്യയിലെ 12.8% അന്ധതയ്ക്കും ഗ്ലോക്കോമ കാരണമാകുന്നു. 40 വയസ്സും അതിനു മുകളിലുമുള്ള ആളുകളില്‍ നടത്തിയ സാംക്രമികരോഗശാസ്ത്രപരമായ പഠനങ്ങള്‍ വെളിപ്പെടുത്തുന്നത് ഇന്ത്യക്കാരില്‍ 2.7 മുതല്‍ 4.3% വരെ ഗ്ലോക്കോമ വ്യാപനമുണ്ടെന്നാണ്.

ഗ്ലോക്കോമയുടെ അപകടസാധ്യതകള്‍ എന്തെല്ലാം?

· സാധാരണയായി 40 വയസ്സിനു മുകളിലുള്ള ആളുകള്‍
· രക്താതിമര്‍ദ്ദവും പ്രമേഹവും ഉള്ള രോഗികള്‍
· തീവ്രമായ മയോപിയ അല്ലെങ്കില്‍ ഹൈപ്പറോപിയ
· കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഉണ്ടെങ്കില്‍
· പാരമ്പര്യം
· ഉയര്‍ന്ന ഇന്‍ട്രാ ഒക്യുലര്‍ മര്‍ദ്ദം
· ദീര്‍ഘകാല കോര്‍ട്ടികോസ്റ്റീറോയിഡ് ഉപയോഗം
· കണ്ണിന് പരിക്ക് അല്ലെങ്കില്‍ ശസ്ത്രക്രിയ നടത്തിയിട്ടുണ്ടെങ്കില്‍
· കനം കുറഞ്ഞ കോര്‍ണിയകള്‍

ഗ്ലോക്കോമ എത്ര തരത്തിലുണ്ട്?

ഗ്ലോക്കോമ പല തരത്തിലുണ്ട്. ഓരോ തരത്തിലുള്ള ഗ്ലോക്കോമയും വ്യത്യസ്തമായി വികസിക്കുന്നുവെങ്കിലും അവയെല്ലാം കാഴ്ചയെ അപകടത്തിലാക്കുന്നു.

1. ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ (Open-Angle Glaucoma)

ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമ, അല്ലെങ്കില്‍ പ്രൈമറി ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമയാണ് ഏറ്റവും സാധാരണയായി കാണുന്നത്. IOP (ഇന്‍ട്രാ ഒക്യുലര്‍ പ്രഷര്‍) വര്‍ദ്ധിക്കുന്നതുമൂലം കണ്ണിലെ ദ്രാവകം ശരിയായി ഒഴുകി പോകാന്‍ കഴിയാതെ വരുന്നതാണ് ഓപ്പണ്‍ ആംഗിള്‍ ഗ്ലോക്കോമക്ക്് കാരണമാകുന്നത്. ഈ ദ്രാവകം അടിഞ്ഞുകൂടുന്നത് കാരണം കണ്ണിന്റെ മര്‍ദ്ദം ഉയരുന്നു, ഇത് ഒപ്റ്റിക് നാഡിക്ക് കേടുവരുത്തുന്നു. കാലക്രമേണ, ഈ രോഗം ഭേദമാക്കാന്‍ സാധിക്കാത്തവിധം കാഴ്ച നഷ്ടപ്പെടുന്നതിന് കാരണമാകുന്നു. രോഗ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ കാലതാമസം ഉണ്ടാകുന്നതിനാല്‍ ചികിത്സ വൈകാന്‍ സാദ്ധ്യതയുണ്ട്.

2. ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ (Angle-Clo­sure Glaucoma)

ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ പൊതുവെ കണ്ടുവരുന്നതല്ല. ഡ്രെയിനേജ് കനാലുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തടസ്സപ്പെടുമ്പോഴാണ് ഈ അവസ്ഥ ഉണ്ടാകുന്നത്. ഇത് വേഗത്തിലോ ക്രമേണയോ പുരോഗമിക്കാം. പൂര്‍ണ്ണമായും അടഞ്ഞ ഡ്രെയിനേജ് ആംഗിളിനെ അക്യൂട്ട് ആംഗിള്‍-ക്ലോഷര്‍ ഗ്ലോക്കോമ എന്ന് വിളിക്കുന്നു. ഇത്തരത്തില്‍ രോഗ പുരോഗമനം ഉണ്ടായാല്‍ അടിയന്തരമായി വൈദ്യസഹായം തേടേണ്ടതാണ് അല്ലാത്തപക്ഷം ദ്രുതഗതിയിലുള്ള കാഴ്ച നഷ്ടത്തിന് കാരണമാകുന്നു.

രോഗം പുരോഗമിക്കുമ്പോള്‍ പ്രകടമാകുന്ന ലക്ഷണങ്ങള്‍
· മങ്ങിയതോ അവ്യക്തമായതോ ആയ കാഴ്ച.
· കണ്ണ് വേദന: കണ്ണുകള്‍ക്കും തലയ്ക്ക് ചുറ്റും കഠിനമായ വേദന.
· കണ്ണ് ചുവപ്പ്.
· ലൈറ്റുകള്‍ക്ക് ചുറ്റും നിറമുള്ള പ്രഭാവലയം ഉള്ളതുപോലെ തോന്നുക.
· കണ്ണ് വേദനയ്ക്കൊപ്പം ഓക്കാനം അല്ലെങ്കില്‍ ഛര്‍ദ്ദി.

3. നോര്‍മല്‍-ടെന്‍ഷന്‍ ഗ്ലോക്കോമ (Nor­mal-Ten­sion Glaucoma)

നോര്‍മല്‍ ടെന്‍ഷന്‍ ഗ്ലോക്കോമ കണ്ണിന്റെ മര്‍ദ്ദം ഉയര്‍ത്താതെ ഒപ്റ്റിക് നാഡിക്ക് തകരാറുണ്ടാക്കുന്നു. ഒപ്റ്റിക് നാഡിയിലേക്കുള്ള രക്തപ്രവാഹത്തിലെ അപാകതകളും ഒപ്റ്റിക് നാഡി ടിഷ്യുവിന്റെ ഘടനാപരമായ ബലഹീനതയും ഈ പ്രശ്‌നത്തിന് കാരണമാകുന്നു.
4. സെക്കന്‍ഡറി ഗ്ലോക്കോമ (Sec­ondary Glaucoma)

കണ്ണിന്റെ മര്‍ദ്ദം വര്‍ദ്ധിക്കുന്നതിനുള്ള കാരണം തിരിച്ചറിയാന്‍ സാധിക്കുകയാണെങ്കില്‍ അവ ദ്വിതീയ ഗ്ലോക്കോമയില്‍ ഉള്‍പ്പെടുന്നു. കണ്ണിനുണ്ടാകുന്ന ക്ഷതം, വീക്കം, തിമിരം അല്ലെങ്കില്‍ പ്രമേഹം എന്നിവ കാരണം ഒരാള്‍ക്ക് ദ്വിതീയ ഗ്ലോക്കോമ ഉണ്ടാകാം.

ദ്വിതീയ ഗ്ലോക്കോമയുടെ തരങ്ങള്‍
· എക്‌സ്‌ഫോളിയേറ്റീവ് ഗ്ലോക്കോമ (Exfo­lia­tive glaucoma)
· നിയോവാസ്‌കുലര്‍ ഗ്ലോക്കോമ (Neo­vas­cu­lar glaucoma)
· പിഗ്മെന്ററി ഗ്ലോക്കോമ (Pig­men­tary glaucoma)
· ട്രോമാറ്റിക് ഗ്ലോക്കോമ (Trau­mat­ic glaucoma)

5. ജന്മനായുള്ള ഗ്ലോക്കോമ (Con­gen­i­tal Glaucoma)
കുട്ടിക്കാലത്തെ ഗ്ലോക്കോമ, ശിശു ഗ്ലോക്കോമ അല്ലെങ്കില്‍ പീഡിയാട്രിക് ഗ്ലോക്കോമ ശിശുക്കളിലും കുഞ്ഞുങ്ങളിലും ( 3 വയസ്സ്) കാണപ്പെടുന്നു. ഇത് അപൂര്‍വ്വമായ ഒരു അവസ്ഥയാണ്, എന്നിരുന്നാലും ഇത് സ്ഥിരമായ കാഴ്ച നഷ്ടപ്പെടാന്‍ കാരണമാകുന്നു. കുട്ടിക്കാലത്തെ ഗ്ലോക്കോമയുടെ ലക്ഷണങ്ങള്‍
· കണ്ണുനീര്‍ നിറയുക, വെളിച്ചത്തില്‍ കണ്ണിന് അസ്വസ്ഥത (ഫോട്ടോഫോബിയ), കണ്‍പോളകളുടെ അനിയന്ത്രിതമായ ചലനങ്ങള്‍ (ബ്ലെഫറോസ്പാസ്ം). (ഇവ മൂന്നും ഒന്നിച്ച്)
· കണ്ണുകളുടെ വലിപ്പം കൂടുക (ബുഫ്താല്‍മോസ്)
· മങ്ങിയ കോര്‍ണിയ
· കണ്ണിന്റെ ചുവപ്പ്

രോഗ കാരണങ്ങള്‍
· കണ്ണിനുള്ളിലെ ദ്രാവകം കെട്ടി നില്‍ക്കുക.
· ജനിതക കാരണങ്ങള്‍
· ഓക്കുലാര്‍ ആംഗിളിലെ ജനന വൈകല്യങ്ങള്‍
· അവികസിത കോശങ്ങള്‍, ടിഷ്യുകള്‍

ജന്മനായുള്ള ഗ്ലോക്കോമയുടെ പ്രതിരോധ മാര്‍ഗ്ഗങ്ങള്‍

ഇത് പൂര്‍ണ്ണമായി തടയാന്‍ കഴിയില്ല, എന്നാല്‍ നേരത്തെ രോഗനിര്‍ണ്ണയം നടത്തിയാല്‍ അന്ധത തടയാന്‍ സാധിയും. ജന്മനാ ഗ്ലോക്കോമ പിടിപെട്ടിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്താനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങള്‍ ഇവയാണ്:
· ഇടയ്ക്കിടെ നേത്രപരിശോധന നടത്തുക
· കുടുംബത്തില്‍ മറ്റാര്‍ക്കെങ്കിലും ഇത്തരത്തില്‍ അസുഖം ഉണ്ടായിട്ടുണ്ടോ എന്ന് അറിഞ്ഞിരിക്കുക

ഗ്ലോക്കോമ രോഗനിര്‍ണ്ണയം

i. ആരോഗ്യ ചരിത്രം
ii. സമഗ്രമായ നേത്ര പരിശോധന, ഇനിപ്പറയുന്നവ ഉള്‍പ്പെടെ:

· ഇന്‍ട്രാ ഒക്യുലര്‍ മര്‍ദ്ദം അളക്കല്‍ (ടോണോമെട്രി).
· നേത്ര പരിശോധനയും ഇമേജിംഗ് ടെസ്റ്റുകളും ഉപയോഗിച്ച് ഒപ്റ്റിക് നാഡിക്ക് തകരാറുണ്ടോയെന്ന് പരിശോധിക്കുക.
· വിഷ്വല്‍ ഫീല്‍ഡ് ടെസ്റ്റ് (കാഴ്ച നഷ്ടപ്പെടുന്ന ഭാഗങ്ങളില്‍ പരിശോധിക്കുന്നു).
· കോര്‍ണിയയുടെ കനം അളക്കല്‍ (പാകിമെട്രി).
· ഡ്രെയിനേജ് ആംഗിള്‍ പരിശോധിക്കുന്നു (ഗോണിയോസ്‌കോപ്പി).

ഗ്ലോക്കോമയുടെ ചികിത്സാ രീതികള്‍

ഗ്ലോക്കോമ മൂലമുണ്ടാകുന്ന കേടുപാടുകള്‍ മാറ്റാന്‍ കഴിയില്ല. എന്നാല്‍ കൃത്യമായ ചികിത്സയും പതിവ് പരിശോധനകളും കാഴ്ച നഷ്ടപ്പെടുന്നത് മന്ദഗതിയിലാക്കാനോ തടയാനോ സഹായിക്കും, പ്രത്യേകിച്ചും നിങ്ങള്‍ രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ ശ്രദ്ധിക്കുകയാണെങ്കില്‍. ഇന്‍ട്രാ ഒക്യുലര്‍ മര്‍ദ്ദം കുറച്ചാണ് ഗ്ലോക്കോമ ചികിത്സിക്കുന്നത്. ചികിത്സാ രീതികളില്‍ ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരമുള്ള തുള്ളി മരുന്നുകള്‍ (കണ്ണില്‍ ഒഴിക്കുന്നവ), ഗുളികകള്‍, ലേസര്‍ ചികിത്സ, ശസ്ത്രക്രിയ അല്ലെങ്കില്‍ ഇവയുടെ സംയോജന രീതി എന്നിവ ഉള്‍പ്പെടുന്നു. കണ്ണിനുള്ളിലെ മര്‍ദ്ദം കുറയ്ക്കുകയും ഒപ്റ്റിക് നാഡിക്ക് കൂടുതല്‍ കേടുപാടുകള്‍ സംഭവിക്കാതിരിക്കുകയും ചെയ്യുക എന്നതാണ് ചികിത്സയുടെ ലക്ഷ്യം.

ലോക ഗ്ലോക്കോമ ദിനം 2024

ഗ്ലോക്കോമയെക്കുറിച്ച് അവബോധം വളര്‍ത്തുന്നതിനായി എല്ലാ വര്‍ഷവും മാര്‍ച്ച് 12ന് ലോക ഗ്ലോക്കോമ ദിനം ആചരിക്കുന്നു. കൃത്യമായ നേത്രപരിശോധന, നേരത്തെയുള്ള കണ്ടെത്തല്‍, ഗ്ലോക്കോമ ചികിത്സ എന്നിവയുടെ ആവശ്യകത ഉയര്‍ത്തിക്കാട്ടുന്ന ഒരു സുപ്രധാന ദിനമാണിത്. ഗ്ലോക്കോമ അന്ധതയ്ക്കെതിരെ ലോകമെമ്പാടുമുള്ള കമ്മ്യൂണിറ്റികള്‍ ഒരുമിച്ച് പോരാടുന്നതിലാണ് ഈ വര്‍ഷത്തെ ‘യുണൈറ്റിംഗ് ഫോര്‍ എ ഗ്ലോക്കോമ‑ഫ്രീ വേള്‍ഡ്’ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്.

ഡോ.സബിത സഫർ
കൺസൾട്ടൻ്റ് ഒഫ്താൽമോളജിസ്റ്റ്
SUT ഹോസ്പിറ്റൽ, പട്ടം

Exit mobile version