Site iconSite icon Janayugom Online

ആഗോള ജലസമ്മേളനം: പ്രശ്നങ്ങളും പരിഹാരമാര്‍ഗങ്ങളും

ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തില്‍ പിന്നിട്ട അഞ്ച് ദശകത്തിനിടയില്‍ ഇതാദ്യമായിട്ടാണ് വേള്‍ഡ് വാട്ടര്‍ കോണ്‍ഫറന്‍സ് എന്ന പേരില്‍ ഒരു യോഗം വിളിച്ചു ചേര്‍ക്കപ്പെടുന്നത്. കഴിഞ്ഞ മാര്‍ച്ച് 22 മുതല്‍ 24 വരെ ചേര്‍ന്ന യോഗത്തിലേക്ക് നയിച്ചത് ഗുരുതരമായ ചില പരിസ്ഥിതിപ്രശ്നങ്ങളുടെ പശ്ചാത്തലമായിരുന്നു. വെള്ളപ്പൊക്കം, വരള്‍ച്ച, അപ്രതീക്ഷിതവും ഗുരുതരവുമായ കാലാവസ്ഥാ വ്യതിയാനങ്ങള്‍ തുടങ്ങിയവയ്ക്ക് പുറമെ ഭക്ഷ്യപ്രതിസന്ധിയും ഇതിന് കളമൊരുക്കി. 2018–28 കാലയളവിലേക്കായി മുന്‍കൂട്ടി തയ്യാറാക്കിയിരുന്ന ‘വാട്ടര്‍ ആക്ഷന്‍ വേക്കസ്’ എന്ന അജണ്ടയുടെ ഇടക്കാല വിലയിരുത്തലും ആവശ്യമായിരുന്നു. ഈ അജണ്ടയില്‍ ഉള്‍പ്പെട്ടിരുന്ന നിരവധി പദ്ധതികള്‍ നിര്‍ദിഷ്ട കാലാവധിക്ക് മുമ്പുതന്നെ പൂര്‍ത്തീകരിക്കേണ്ട സാഹചര്യം കൂടിയുണ്ടായിരുന്നു. ‘നിലനില്‍ക്കുന്ന വികസന ലക്ഷ്യങ്ങള്‍’ എന്ന അജണ്ടയുടെ ആറാംഘട്ടം 2030ല്‍ വന്നെത്തുന്നതിനാല്‍ ജലവിഭവ മാനേജ്മെന്റും ശുചീകരണ പദ്ധതികളും അപ്പോഴേക്ക് പൂര്‍ത്തീകരിക്കപ്പെടുകയും വേണമായിരുന്നു. ലോക ജലസമ്മേളനത്തില്‍ നിന്നും ഉരുത്തിരിഞ്ഞുവന്ന ഏറ്റവും പ്രാധാന്യമുള്ള തീരുമാനം ആഗോളവ്യാപകമായ വാട്ടര്‍ ആക്ഷന്‍ അജണ്ട അനിവാര്യമാണ് എന്നതായിരുന്നു. വിവിധ ഭരണകൂടങ്ങളും ബഹുത്വ സ്വഭാവമുള്ള സ്ഥാപനങ്ങളും എന്‍ജിഒകളും അവതരിപ്പിച്ച 670ല്‍പ്പരം ജലസുരക്ഷിതത്വം ഉറപ്പാക്കാനുള്ള നിര്‍ദേശങ്ങളുണ്ടായിരുന്നു. ഇതെല്ലാം വെറും നിര്‍ദേശങ്ങളായിരുന്നില്ല.

യുഎന്‍ സമിതി അംഗങ്ങള്‍ സ്വയമേവ നടപ്പാക്കാന്‍ ബാധ്യസ്ഥമായ പ്രായോഗിക നടപടികളായിരുന്നു. സമ്മേളനത്തില്‍ പങ്കെടുത്ത 164 രാജ്യങ്ങളും 75 സംഘടനകളും ഈ നിര്‍ദേശങ്ങള്‍ നടപ്പാക്കുമെന്ന പ്രതിജ്ഞയെടുക്കുകയും ചെയ്തിട്ടുണ്ട്. യുഎന്‍ സമ്മേളനത്തില്‍‍ ബാധ്യതകള്‍ ഏറ്റെടുത്ത അംഗരാജ്യങ്ങള്‍ സാര്‍വത്രികമായും സുരക്ഷിതമായും താങ്ങാനാവുന്ന നിരക്കുകളിലും ശുദ്ധജലം സാധാരണ ഉപഭോക്താക്കള്‍ക്കെങ്കിലും ലഭ്യമാകുമോ എന്നതാണ് ആദ്യഘട്ടത്തില്‍ത്തന്നെ ഉറപ്പാക്കേണ്ടത്. എങ്കില്‍ മാത്രമേ, ഇത് എസ്ഡിജി6ന്റെ കാഴ്ചപ്പാടുമായി പൊരുത്തപ്പെടൂ. 2030നകം ഇവ നേടിയെടുക്കണമെങ്കില്‍ പ്രതിവര്‍ഷം 11400 കോടി ഡോളര്‍ നിരക്കില്‍ മൂലധനം വേണ്ടിവരും. ലോകബാങ്കിന്റെ കണക്കുകൂട്ടലനുസരിച്ച് ആവര്‍ത്തന ചെലവിലേക്കും അറ്റകുറ്റപ്പണികള്‍ക്കും മറ്റ് ബന്ധപ്പെട്ട അനുബന്ധ സേവനങ്ങള്‍ക്കുമായി നിലവില്‍ കണക്കാക്കപ്പെട്ടിരിക്കുന്ന നാല് ബില്യന്‍ ഡോളറിന് പകരം 2030 ആകുമ്പോഴേക്ക് പ്രതിവര്‍ഷം 3000 കോടി‍ ഡോളറായി വര്‍ധിക്കുമെന്നാണ് കാണുന്നത്. ഈ വര്‍ധന നിസാരമായ ഒന്നല്ല. ഇത് ഒഴിവാക്കാനും കഴിയില്ല. ആഗോള വിഭവ ഇന്‍സ്റ്റിറ്റ്യൂട്ട് വേള്‍ഡ് റിസോഴ്സസ് ഇന്‍സ്റ്റിറ്റ്യൂട്ട്(ഡബ്ല്യുആര്‍ഐ)ന്റെ അഭിപ്രായത്തില്‍ സമ്മേളനത്തില്‍ പങ്കെടുത്തവര്‍ പ്രകടമാക്കിയ ആത്മാര്‍ത്ഥതയും ആവേശവും പ്രശ്നം പരിഹരിക്കുന്നതിനാവശ്യമായ അവബോധവും പ്രശംസനീയമാണെങ്കില്‍ത്തന്നെയും ഇതിലേക്കാവശ്യമായ ചെലവ് സംബന്ധമായ കൃത്യമായ കണക്കുകള്‍ ലഭ്യമല്ലെന്നതാണ് ഗൗരവമേറിയ പ്രശ്നം.


ഇതുകൂടി വായിക്കൂ:  ജലസംരക്ഷണം നമ്മുടെ കടമയാക്കണം


വന്‍തോതില്‍ മൂലധന നിക്ഷേപം ആവശ്യമായി വരുന്ന ഇത്തരമൊരു പ്രോജക്ടില്‍ വെള്ളത്തിന്റെ മൂല്യനിര്‍ണയം, കൃത്യമായ അളവ്, വിനിയോഗ ക്ഷമത എന്നിവ ഉള്‍പ്പെടുന്നു. വെെവിധ്യമാര്‍ന്ന മേഖലകളെ സംബന്ധിച്ചുള്ള കൃത്യമായ വിവരങ്ങള്‍— നദികളുടെയും തടാകങ്ങളുടെയും എണ്ണം, വെള്ളത്തിന്റെ ഗുണമേന്മ തുടങ്ങിയവ ലഭ്യമല്ല എന്നതും നദികളിലെ ജല വിനിയോഗവുമായി ബന്ധപ്പെട്ട് വിശ്വസനീയമായ കണക്കുകള്‍ ലഭ്യമല്ലാത്തതും പ്രശ്നമാണ്. ജലവിഭവ സമ്പത്ത് സംരക്ഷിക്കുന്നതിനും അവ യുക്തിസഹമായി വിനിയോഗിക്കുന്നതിനും പ്രാദേശിക‑ദേശീയ‑ആഗോള ഫണ്ടിങ് ഏജന്‍സികളുടെ തുടര്‍ച്ചയായതും നിര്‍ലോഭവുമായ ധനസഹായം അനിവാര്യമാണ്. ഇവയുടെ സഹായത്തോടെ പുതിയ ജലവിഭവ ആന്തരഘടനാ വികസന പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കേണ്ടിവരും. അപ്പോഴും ഈ സംവിധാനങ്ങളുടെ സംരക്ഷണവും മേല്‍നോട്ടവും ഉറപ്പാക്കാനാവശ്യമായ ധനസഹായം ഒരു പ്രശ്നമായി തുടരാനാണ് സാധ്യത. ജലം ഇന്നും പൊതുസമൂഹത്തിന് ഒഴിച്ചുകൂടാനാവാത്ത ഉല്പന്നമായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെടുന്നില്ല എന്നതൊരു തടസമാണ്. ഗ്ലോബല്‍ എന്‍വയോണ്‍മെന്റ് ഫെസിലിറ്റി (ജിഇഎഫ്) എന്ന സംവിധാനം മാത്രമാണ് ആഗോളതലത്തില്‍ പ്രവര്‍ത്തനം നടത്തിവരുന്ന ഏക ഫണ്ടിങ് ഏജന്‍സി. ഈ സംവിധാനമാണ് ലോകത്തെമ്പാടുമുള്ള വലിയ തണ്ണീര്‍ത്തടങ്ങള്‍ക്കും ചെറുതും ഇടത്തരവുമായ നീര്‍ച്ചാലുകള്‍ക്കും തടാകങ്ങള്‍ക്കും ആവശ്യമായ സംരക്ഷണമൊരുക്കാന്‍ സൗജന്യനിരക്കില്‍ വായ്പാ ധനസഹായം നല്കിവരുന്നത്.

ഇത്തരത്തിലുള്ള ധനസഹായം പ്രശ്നത്തിന്റെ വലിപ്പം പരിഗണിക്കുമ്പോള്‍ ഒട്ടുംതന്നെ പര്യാപ്തമല്ലെന്നതാണ് യാഥാര്‍ത്ഥ്യം. സാര്‍വദേശീയ ജലസമ്മേളനത്തില്‍ ഇന്ത്യ സജീവ പങ്കാളിത്തം വഹിച്ചുവെന്നത് മാത്രമല്ല, ജലസമ്പത്ത് സംരക്ഷിക്കുന്നതിനും കുടിവെള്ളം ലഭ്യമാക്കുന്നതിനും ഭൂഗര്‍ഭജല സ്രോതസുകള്‍ ശരിയാംവണ്ണം നിലനിര്‍ത്തുന്നതിനും 24000കോടി‍ ഡോളര്‍ നീക്കിവയ്ക്കുകയും ചെയ്തിരുന്നു. ഭൂമിക്കടിയില്‍ നിന്നുമുള്ള വെള്ളം സമാഹരിക്കുന്നതില്‍ ഇന്ത്യ 2014–17 കാലയളവില്‍ നേടിയത് 58 ശതമാനത്തിനും 63 ശതമാനത്തിനും ഇടയ്ക്കുള്ള വര്‍ധനവായിരുന്നുവത്രെ. എന്നാല്‍, തുടര്‍ന്നുണ്ടായ കാലാവസ്ഥാ വ്യതിയാനത്തെ അഭിമുഖീകരിക്കാന്‍ കഴിയാതെ വന്നതിനാല്‍ ഈ പ്രക്രിയയില്‍ മുന്നോട്ടുപോകാന്‍ നമുക്ക് കഴിഞ്ഞില്ല. മഴവെള്ള ലഭ്യതയിലൂടെ ഭൂജല നിരപ്പില്‍ നേരിയതോതിലുള്ള വര്‍ധനവ് നേടിയെടുക്കാനായി എന്നത് പരാമര്‍ശിക്കാതിരിക്കാനും കഴിയില്ല. ഇതിനിടെ 2017ലെ ഗ്രൗണ്ട് വാട്ടര്‍ ബില്‍ സംസ്ഥാന ഗ്രൗണ്ട് വാട്ടര്‍ ബോര്‍ഡുകളെ ഈ വിഷയവുമായി ബന്ധപ്പെട്ട് നിയമങ്ങള്‍ക്ക് രൂപം നല്കാനും അവ പാസാക്കിയെടുക്കാനുമുള്ള ചുമതലകള്‍ ഏല്പിച്ചുകഴിഞ്ഞിരുന്നതുമാണ്. എന്നാല്‍ ഇതെല്ലാം കടലാസില്‍ അവശേഷിക്കുക മാത്രമായിരുന്നു. വിവിധ സംസ്ഥാനങ്ങള്‍ തമ്മിലും ഒരു സംസ്ഥാനത്തുതന്നെ വിവിധ ജില്ലകള്‍ തമ്മിലും മാത്രമല്ല, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ തമ്മിലും ദുര്‍ലഭമായ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ടു നിലനിന്നിരുന്ന സംഘട്ടനങ്ങള്‍ പരിഹരിക്കുന്നതിനുള്ള വീക്ഷണമില്ലാത്ത സ്ഥിതിവിശേഷം ഉടലെടുക്കുകയും ചെയ്തിരുന്നു.


ഇതുകൂടി വായിക്കൂ: വികസനവും ക്ഷേമവും വിഭവസമാഹരണവും


പ്രാദേശിക തലം മുതല്‍ ദേശീയ സാര്‍വദേശീയതലം വരെ നിരവധി മാനങ്ങളുള്ള അങ്ങേയറ്റം ‘സെന്‍സിറ്റീവാ‘യൊരു വിഷയമാണ് കുടിവെള്ളം എന്നതിനാല്‍ പ്രതിബദ്ധത ഉണ്ടെങ്കില്‍ മാത്രമെ ഏറ്റുമുട്ടലുകള്‍ ഒഴിവാക്കി സമാധാനപരമായി ഈ പ്രശ്നം പരിഹരിക്കാന്‍ കഴിയുകയുള്ളു. കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്നുള്ള ആഘാതം ഫലപ്രദമായി അഭിമുഖീകരിക്കാനും പരിസ്ഥിതി സംരക്ഷണം പരമാവധി യാഥാര്‍ത്ഥ്യമാക്കാനും ബന്ധപ്പെട്ട രാജ്യങ്ങള്‍ക്കും അവിടത്തെ ജനങ്ങള്‍ക്കും ഭരണകൂടങ്ങള്‍ക്കും പ്രതിബദ്ധത കൂടിയേ തീരു. ഹരിതവാതക പുറന്തള്ളല്‍ ഉളവാക്കാനിടയുള്ള ആരോഗ്യപ്രശ്നങ്ങള്‍ സ്വയം തിരിച്ചറിയുകയും അവയുടെ ആവര്‍ത്തനം ഒഴിവാക്കാന്‍ പരിശ്രമങ്ങള്‍ ഉണ്ടാക്കുകയുമാണ് വേണ്ടത്. ഇതിനൊന്നും നിയമത്തിന്റെ പിന്‍ബലം വേണ്ട, ജീവല്‍പ്രശ്നങ്ങളായി നിരീക്ഷിക്കാനുള്ള മനസും തിരിച്ചറിയാനുള്ള കഴിവും സ്വയം ആര്‍ജിക്കാവുന്നതേയുള്ളു. 2009ലെ ഡെന്‍മാര്‍ക്ക് കാലാവസ്ഥാ സമ്മേളനത്തില്‍ പങ്കെടുത്ത മുഴുവന്‍ പ്രതിനിധികള്‍ക്കും ഇത്തരമൊരു അവബോധം ഉണ്ടായതായി നമുക്കറിയാം. ഇതിന്റെ പ്രതിഫലനമായിരുന്നല്ലോ കാലാവസ്ഥാ വ്യതിയാനം ഫലപ്രദമായി നേരിടുന്നതിന് സഹായകമായ ആഗോളതല ധാരണകളിലെത്താന്‍ അംഗരാജ്യങ്ങളെ പ്രേരിപ്പിച്ചത്. 2023ലെ ജലസമ്മേളനം പ്രത്യേക വികസന ലക്ഷ്യങ്ങളുടെ ആറാം ഘട്ടമെന്ന നിലയില്‍ നടന്നത് 2009ലെ ഡെന്‍മാര്‍ക്ക് കാലാവസ്ഥാ സമ്മേളനത്തിന്റെ തുടര്‍നടപടിയായിട്ടാണ്. അതിന് മുമ്പ് 1997ല്‍ ഒരു യുഎന്‍ ജലസമ്മേളനവും 1992ല്‍ യുഎന്‍ ഇക്കണോമിക് കമ്മിഷന്‍ ഫോര്‍ യൂറോപ്പ് ജല സമ്മേളനവും സംഘടിപ്പിക്കപ്പെട്ടിരുന്നു. ഈ രണ്ടു കണ്‍വെന്‍ഷനുകളും ഒന്നിലേറെ രാജ്യങ്ങളുടെ അതിര്‍ത്തികള്‍ കടന്നുള്ള നിയമപരമായ ചട്ടക്കൂടിനു വിധേയമായ വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളിച്ച് നടന്ന കണ്‍വെന്‍ഷനുകളുമായിരുന്നു.

ഇത്തരം അതിര്‍ത്തി കടന്നുള്ള സഹകരണം ജലവിഭവങ്ങളുടെ സമഗ്രവികസനവും മാനേജ്മെന്റും ആഗോളതലത്തില്‍ പ്രായോഗികമാക്കുന്നത് ലക്ഷ്യമാക്കിയുമായിരുന്നു. ദേശീയവും സാര്‍വദേശീയവുമായ തലങ്ങളില്‍ ഇവ നടക്കേണ്ടതും ആവശ്യമായിരുന്നു. ജലസമ്മേളനങ്ങളും ‘മില്ലെനിയം സ്പെഷ്യല്‍ ഡെവലപ്മെന്റ്’ ലക്ഷ്യങ്ങളും തമ്മില്‍ പരസ്പരം ബന്ധിപ്പിക്കപ്പെട്ട മുന്നേറ്റത്തിന് കളമൊരുക്കാന്‍ പര്യാപ്തമായി എന്നത് നിസാരമായ നേട്ടമായിരുന്നില്ല. ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ആദ്യമായി ഒരു ജലബജറ്റ് തയ്യാറാക്കിയിരിക്കുന്നത് കേരളമാണെന്നത് ശ്രദ്ധേയമാണ്. ഇതില്‍ പ്രധാനലക്ഷ്യം ജലത്തിന്റെ ലഭ്യതയെപ്പറ്റിയും ശുദ്ധജലം പാഴാക്കിക്കളയാതിരിക്കേണ്ടതിന്റെ പ്രാധാന്യത്തെപ്പറ്റിയും ജനങ്ങളെ ബോധവല്‍ക്കരിക്കുകയാണ്. സി അച്യുതമേനോന്‍ മന്ത്രിയായിരിക്കെ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തനം തുടങ്ങിയ സെന്റര്‍ ഫോര്‍ വാട്ടര്‍ റിസോഴ്സസ് ഡെവലപ്മെന്റ് മാനേജ്മെന്റ് എന്ന സ്ഥാപനവും സംസ്ഥാന ജലവിഭവ വകുപ്പും ചേര്‍ന്ന് തയ്യാറാക്കിയ രേഖയാണിത്. സമീപകാലത്ത് പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കാണാന്‍ കഴിയുന്നൊരു സ്വാഗതാര്‍ഹമായ കാര്യം, പരിസ്ഥിതി സംരക്ഷണവും കാലാവസ്ഥാ വ്യതിയാനവും തമ്മിലുള്ള ബന്ധം കൃത്യമായി തിരിച്ചറിയപ്പെട്ടു തുടങ്ങിയിട്ടുണ്ടെന്നതാണ്. സര്‍ക്കാരിന്റെ ബാധ്യത എന്നതിനുപകരം സമൂഹമാകെത്തന്നെ സ്വയം ഏറ്റെടുക്കേണ്ടൊരു ബാധ്യത എന്ന നിലയിലേക്ക് ഈ വിഷയം മാറിയിരിക്കുകയാണ്. ഈ ബാധ്യത ഫലപ്രദമായി നിറവേറ്റപ്പെടണമെങ്കില്‍ പരസ്പര സഹകരണവും മോണിറ്ററിങ്ങും അനിവാര്യമാണെന്ന് തിരിച്ചറിയപ്പെടുകയും ചെയ്തിരിക്കുന്നു. സാമൂഹികപ്രതിബദ്ധതയോടൊപ്പം സോഷ്യല്‍ അക്കൗണ്ടബിലിറ്റിയും സോഷ്യല്‍ ഓഡിറ്റിങ്ങും അവശ്യഘടകങ്ങളായി വികസനപ്രക്രിയയില്‍ ഇടം കണ്ടെത്തിയിരിക്കുകയാണ്. ഈ സംവിധാനം എത്രകാലം നിലനില്‍ക്കുമെന്നതാണ് ഒരു ചോദ്യചിഹ്നമായിരിക്കുന്നത്. ഇവിടെയാണ് പ്രതിബദ്ധതയും രാഷ്ട്രീയ ഇച്ഛാശക്തിയും പ്രസക്തമാകുന്നത്.

Exit mobile version