Site iconSite icon Janayugom Online

പ്രത്യാശയുടെ ഉയർത്തെഴുന്നേല്‍പ്പ്

യേശുക്രിസ്തുവിന്റെ ഉയർത്തെഴുന്നേല്പ് ലോകമെങ്ങും ക്രൈസ്തവർ പ്രത്യാശയുടെ ഉയർത്തെഴുന്നേല്പായി ആഘോഷിക്കുമ്പോൾ ഈ ദിനം ലോകത്തിനു നൽകുന്ന വലിയ പാഠം ക്രിസ്തുവിന്റെ ലളിതവും അങ്ങേയറ്റം പ്രതീക്ഷാ നിർഭരവുമായ ജീവിതം തന്നെയാണ്. ലോകം ഇന്നോളം കണ്ടിട്ടുള്ള ചരിത്രപുരുഷന്മാരിൽ നിന്ന് ക്രിസ്തുവിനെ വ്യത്യസ്തനാക്കുന്നത് അദ്ദേഹം മാനവരാശിക്കു നൽകിയ ദർശനങ്ങളാണ് മനുഷ്യന് സ്നേഹത്തിലൂടെയും പരസ്പര വിശ്വാസത്തിലൂടെയും ജീവിക്കാനും ഒരു പുതിയ ലോകം കെട്ടിപ്പെടുക്കാം എന്ന ദർശനങ്ങൾ. ജനനം മുതൽ ഉയർത്തെഴുന്നേല്പ് വരെ ഒരു സാധാരണ ജീവിതം നയിച്ചു എന്നതാണ് ക്രിസ്തുവിന്റെ ഏറ്റവും വലിയ പ്രത്യേകത. കാലിത്തൊഴുത്തിൽ പിറന്നുവീണ ക്രിസ്തു തന്റെ ജീവിതകാലം മുഴുവൻ സാധാരണ ജനങ്ങളുടെ ഉന്നമനത്തിനുവേണ്ടി പ്രവർത്തിച്ചിരുന്നു. സ്വന്തം അനുയായികൾക്ക് സത്യത്തിന്റെയും സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും ത്യാഗത്തിന്റെയും വഴിയിലൂടെ ഒരു പുതിയ ലോകം തുറക്കാം എന്ന് സ്വന്തം ജീവിതത്തിലൂടെ അദ്ദേഹം കാണിച്ചുകൊടുത്തു. സാമൂഹികസേവനമാണ് ഒരേയൊരു വഴിയെന്ന് അദ്ദേഹം മാനവരാശിയെ ഓർമ്മിപ്പിച്ചുകൊണ്ടിരുന്നു. ധനം ഉണ്ടാക്കുവാനുള്ള ഒരാളുടെ ആഗ്രഹം ഏറ്റവും വലിയ തിന്മയിലേക്ക് അവനെക്കൊണ്ടെത്തിക്കുമെന്ന് ഓർമ്മിപ്പിച്ച അദ്ദേഹം കയ്യിൽ ശേഷിക്കുന്ന ധനം ഉപേക്ഷിച്ച് സാധാരണ ജനങ്ങളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിക്കുവാൻ സ്വന്തം അനുയായികളെ ഉപദേശിച്ചു.

ക്രിസ്തുവിന്റെ മലമുകളിലെ പ്രസംഗം നീതിയുടെയും സത്യത്തിന്റെയും പുതിയ രാജ്യം കാണുവാനുള്ള ഒരു മാർഗമായി ചരിത്രം വിലയിരുത്തുമ്പോൾ അനുഗ്രഹീതമായ ഒരു ജീവിതശൈലിയുടെ പകരംവയ്ക്കാൻ കഴിയാത്ത പ്രതീകമായി ക്രിസ്തു മാറുകയായിരുന്നു. ചരിത്രത്തിലെ നല്ല ഗുരുനാഥൻ എന്ന് അദ്ദേഹത്തെ വിശേഷിപ്പിക്കുമ്പോൾ ശിഷ്യന്മാരെ തെരഞ്ഞെടുക്കുന്ന കാര്യത്തിലും ഏതൊരു ഗുരുവിനും ക്രിസ്തു മാതൃകയാണ്. സമൂഹത്തിലെ ഏറ്റവും ദുർബലരായ വ്യക്തികളെ ശിഷ്യന്മാരായി സ്വീകരിച്ച് അവരെ ലോകത്തെ ഏറ്റവും ശക്തരായ പ്രവാചകന്മാരാക്കി മാറ്റുന്നതിന് ക്രിസ്തു എന്ന ഗുരുനാഥൻ പൂർണമായും വിജയിക്കുകയായിരുന്നു. സ്നേഹവും പരസ്പരവിശ്വാസവും ഇല്ലാത്ത ഒരു സമൂഹത്തിന് മുന്നോട്ടുപോകുവാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ ഞാൻ നിങ്ങളെ സ്നേഹിക്കുന്നതുപോലെ നിങ്ങൾ പരസ്പരം സ്നേഹിക്കുവാൻ അദ്ദേഹം ഉപദേശിച്ചു. തന്നെ പിന്തുടരാൻ ആഗ്രഹിക്കുന്ന അനുയായികൾക്ക് ശക്തമായ പരീക്ഷണങ്ങളാണ് അദ്ദേഹം നൽകിയത്. വെറും ഒരു വിശ്വാസിയല്ല തന്റെ അനുയായി എന്ന് പല അവസരങ്ങളിലും തന്നോടൊപ്പം നിന്ന ജനങ്ങളെ അദ്ദേഹം ഓർമ്മിപ്പിക്കുന്നുണ്ട്.


ഇതുകൂടി വായിക്കൂ: ആരാധനാലയങ്ങൾ: മറ്റൊരു സമീപനം


സ്വന്തം കുരിശ് എടുക്കാൻ കഴിയാത്തവർക്ക് തന്നെ അനുഗമിക്കാൻ കഴിയില്ല എന്ന ഓർമ്മപ്പെടുത്തൽ അദ്ദേഹത്തെ പിന്തുടരാൻ ആഗ്രഹിക്കുന്ന ഏതൊരു വ്യക്തിക്കും വലിയ പരീക്ഷണം തന്നെയാണ്. കുരിശ് ഓരോ മനുഷ്യന്റെയും ജീവതയാതനയുടെയും പ്രതീകമാണെങ്കിൽ അതിലൂടെ മാത്രമേ ലോകത്തിന്റെ യാതനകൾ മാറ്റാൻ കഴിയുകയുള്ളു എന്ന് സ്വജീവിതത്തിലൂടെ അദ്ദേഹം തെളിയിച്ചു. ദൈവരാജ്യത്തിന് വേണ്ടി ലോകം മുഴുവൻ അന്വേഷിച്ചുനടക്കുന്ന വിശ്വാസികളോട് അത് ഓരോരുത്തരുടെയും കൈകളിൽ തന്നെ എന്ന സത്യം അദ്ദേഹം വെളിപ്പെടുത്തിയപ്പോൾ അത് കണ്ടെത്തുവാനുള്ള മാർഗവും വഴിയും ക്രിസ്തു തന്നെ എന്ന ഓർമ്മപ്പെടുത്തലും ഉണ്ടായിട്ടുണ്ട്. ഉള്ളവനും ഇല്ലാത്തവനും തമ്മിലുള്ള അന്തരം വല്ലാതെ കൂടിവരുന്ന സാമൂഹിക വ്യവസ്ഥിതിയിൽ ആ അന്തരം കുറയ്ക്കുവാനുള്ള ഉത്തരവാദിത്തം ഓരോ മനുഷ്യനുമുണ്ട് എന്ന ഓർമ്മപ്പെടുത്തലാണ് ഈ ദിനം. വിവേചനങ്ങളും ചൂഷണങ്ങളുമില്ലാത്ത സമത്വസുന്ദരമായ ഒരു ലോകത്തിന്റെ വാതിൽ തുറക്കലാണ് ഈസ്റ്റർ.

Exit mobile version